Ongoing News
കവയത്രിയുടെ ഹോട്ടലിലെ രുചിയറിയാന്‍ സാഹിത്യത്തിലെ തമ്പുരാനെത്തി
തിരുവനന്തപുരം: ജീവിതോപാധി തേടി ഭക്ഷണം വിളമ്പുന്ന കവയത്രിയെ തേടി മലയാളത്തിന്റെ മഹാസാഹിത്യകാരനെത്തി. തന്റെ ഹോട്ടലില്‍ അന്നം വിളമ്പുന്ന തിരക്കുകള്‍ക്കിടയിലും കവിതകുറിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ ശാലിനിയെ തേടിയാണ് സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ ശാലിനിയുടെ ബേക്കറി ജംഗ്ഷനിലെ ഹോട്ടലില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ഹോട്ടല്‍ കരിയും പുകയും നിറഞ്ഞ അടുക്കളയിലെ അദ്ധ്വാനത്തിനിടയിലും മുളപൊട്ടുന്ന കവിതകളെ തടമെടുത്ത് നനച്ചുവളര്‍ത്തുന്ന ശാലിനിയുടെ അക്ഷരപ്പൊട്ടുകള്‍ എന്ന കവിതാസമാഹാരത്തിന് അവതാരിക എഴുതിയിരുന്നു.
അന്നുതന്നെ ശാലിനിയുടെ വീട്ടിലെത്തണമെന്ന് എം ടി മനസ്സില്‍ കുറിച്ചിരുന്നു. ഇലച്ചാര്‍ത്ത് എന്നു പേരിട്ട വീടിനോട് ചേര്‍ന്ന ശാലിനിയുടെ ഹോട്ടലില്‍ ഉച്ചയൂണിന്റെ തിരക്കിനിടയിലേക്കാണ് മലയാളത്തിന്‍രെ മഹാകഥാകാരന്‍ എത്തിയത്. നേരിയ അസ്വസ്ഥതയുളവാക്കിയെങ്കിലും മിന്നിമറയുന്ന ക്യാമറാ ഫ്‌ളാഷുകളുടെ അകമ്പടിയോടെയാണ് എം ടി ഉണ്ണാനിരുന്നത്. ഊണു കഴിഞ്ഞ് ഇറങ്ങിയ എം ടി ശാലിനിയുടെ പുതിയ വീട്ടിലും കയറി. വീട്ടിലും ഹോട്ടലിലുമായി ചെലവഴിച്ച അരമണിക്കൂറിനിടെ കൂടുതലൊന്നും സംസാരിച്ചിരുന്നില്ലെങ്കിലും നിറഞ്ഞ മനസ്സോടെയായിരുന്നു എം ടിയുടെ മടക്കം. ഇലച്ചാര്‍ത്തും മഴനാരുകളുമാണ് ശാലിനിയുടെ കവിതാസമാഹാരങ്ങള്‍. എം ടി അവതാരിക എഴുതിയ അക്ഷരപ്പൊട്ടുകള്‍ ഉടന്‍ പുറത്തിറങ്ങും.