Kerala
മുസ്‍ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ ബോധവത്കരണവുമായി എസ് വൈ എസ് ക്യാമ്പയിന്‍
കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ ബോധവത്കരണം ലക്ഷ്യമിട്ട് എസ് വൈ എസ് ക്യാമ്പയിന്‍. ആരോഗ്യപൂര്‍ണ്ണമായ കുടുംബ ജീവിതത്തിനും അത് വഴി ക്രിയാത്മകമായ സാമൂഹിക ജീവിതത്തിനും മുസ്‌ലിം പെണ്‍കുട്ടികളെ പൂര്‍വ്വോപരി പ്രാപ്തരാക്കുന്നതിനാവശ്യമായ വിപുലമായ പദ്ധതികള്‍ക്ക് സമസ്ത കേരള സുന്നി യുവജനസംഘം തുടക്കം കുറിക്കുകയാണെന്ന് എസ് വൈ എസ് നേതാക്കള്‍ കോ ഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മഹല്ല് സംവിധാനങ്ങളെയും മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് മുസ്‌ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ആറായിരത്തിലധികം യൂണിറ്റുകളില്‍ തുടക്കം കുറിക്കും. “യൗവനം നാടിനെ നിര്‍മ്മിക്കുന്നു” എന്ന തലക്കെട്ടില്‍ ആറ് മാസം നീണ്ടുനില്‍ക്കുന്ന ഈ കാമ്പയിനിന്റെ ഭാഗമായി മഹല്ല് തലങ്ങളില്‍ മാതൃസംഗമങ്ങളും സഹോദരിസംഗമങ്ങളും സംഘടിപ്പിക്കും. മതപണ്ഡിതന്മാര്‍, ആരോഗ്യ- മനഃശാസ്ത്ര വിദഗ്ധര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഓരോ മഹല്ലിലും പെണ്‍കുട്ടികള്‍ക്കായി പ്രീ മാരിറ്റല്‍ മീറ്റുകളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. വിവാഹത്തെക്കുറിച്ചുളള ഇസ്‌ലാമിന്റെ മതകീയ വീക്ഷണങ്ങളും രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെയും കുറിച്ച് കര്‍മശാസ്ത്ര നിയമ വിദഗ്ധര്‍ ഈ മീറ്റുകളില്‍ വിശദീകരിക്കും.
വ്യക്തിതലത്തിലും കുടുംബതലത്തിലും സാമൂഹിക തലത്തിലും ആരോഗ്യപൂര്‍ണ്ണമായ ജീവിതം കെട്ടിപ്പടുക്കനാവശ്യമായ അവബോധം മുസ്‌ലിംപെണ്‍കുട്ടികള്‍ക്കിടയില്‍ സൃഷ്ടിക്കലാണ് ഈ കാമ്പയിനിലൂടെ എസ്.വൈ.എസ് ലക്ഷ്യമിടുന്നത്. മഹല്ല് തലങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതിന് ആയിരത്തോളം വളണ്ടിയര്‍മാര്‍ക്ക് എസ്.വൈ.എസ് പരിശീലനം നല്‍കിക്കഴിഞ്ഞു. അവിവാഹിതരായ യുവാക്കള്‍ക്കായി സര്‍ക്കിള്‍ തലത്തില്‍ മാര്‍ച്ച് മാസത്തില്‍ കൗണ്‍സിലിംഗ് ആരംഭിക്കുമെന്നും എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍, സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.