Connect with us

Malappuram

താനൂര്‍ വാഹനാപകടം; ധനസഹായം വിതരണം ചെയ്തു

Published

|

Last Updated

പരപ്പനങ്ങാടി: താനൂര്‍ മുക്കോലയില്‍ കഴിഞ്ഞ ആഗസ്റ്റ് 30ന് സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ എട്ടു പേര്‍ മരണപ്പെട്ട സംഭവത്തിലെ ഏഴു പേര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള മൂന്ന് ലക്ഷം രൂപവീതമുള്ള ധനസഹായം അഡ്വ.കെ എന്‍ എ ഖാദര്‍ എം എല്‍ എ കൈമാറി. കൊടക്കാട് കാളാരകുണ്ട് കോളനിയിലെ കുഞ്ഞിപീടിയേക്കല്‍ മുഹമ്മദ് അന്‍സാര്‍, ആരിഫ, സഹീറ, കബീര്‍, ഫാത്വിമ നസ്‌ല, മുഹമ്മദ് തബ്‌സീര്‍, ഫാത്വിമത്തു തബ്‌സീറ, പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്തെ കുഞ്ഞിപീടിയേക്കല്‍ അഷ്‌റഫ് എന്നിവരാണ് മരണമടഞ്ഞത്.

ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ ബസ് അഗ്നിക്കിരയാക്കിയിരുന്നു. സംഭവത്തില്‍ മരണപ്പെട്ട അഷ്‌റഫിന്റെ ആശ്രിതര്‍ക്കുള്ള ധനസഹായം പിന്നീട് നല്‍കും. ആര്‍ ഡി ഒ ഗോപാലന്‍, തഹസില്‍ദാര്‍, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം ഖൈറുന്നീസ, വൈസ് പ്രസിഡന്റ് കാരിക്കുട്ടി, വി കെ ബാപ്പുഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ചെട്ടിപ്പടിയില്‍ റോഡിലെ ഗട്ടറില്‍ തട്ടി ബൈക്ക് മറിഞ്ഞ് യാത്രക്കാരായ പിതാവും മകളും റോഡിലേക്ക് തെറിച്ച് വീണ് ബസ് കയറി മരിച്ച സംഭവത്തിലെ അത്താണിക്കലെ അയ്യനാരി അബ്ദുര്‍റഹ്മാന്‍, മകള്‍ റോഷ്‌ന എന്നിവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണവും എം എല്‍ എ കെ എന്‍ എ ഖാദര്‍ നിര്‍വഹിച്ചു.

---- facebook comment plugin here -----

Latest