Palakkad
കാട്ടാനയെ ശിരുവാണിയില്‍ നിന്ന് കൊണ്ടുപോകാന്‍ നീക്കം
പാലക്കാട്: ട്യൂമര്‍ ബാധിച്ച് അവശനിലയിലായ ശിരുവാണി വനത്തിലെ മോഴാനയെ വിദ്ഗധപരിശോധനക്കായി കൊണ്ടു പോകുന്നു.
വയനാട്, മലയാറ്റൂര്‍, കോന്നി എന്നി സ്ഥലങ്ങളിലെ മൃഗാശുപത്രികളിലാണ് കൊണ്ടു പോകുന്നതിനായി പരിഗണിക്കുന്നതെന്ന് പ്രിന്‍സിപ്പാല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) കെ പി ഔസേപ്പച്ചന്‍ പറഞ്ഞു.ആനയെ പിടികൂടുന്നതിനായി തമിഴ്‌നാട്ടിലെ ആന പരിശീലനകേന്ദ്രമായ ടോപ്സ്ലിപ്പില്‍ നിന്ന് കുങ്കിയാനകളെ എത്തിക്കും.
കുങ്കിയാനകളെ കൊണ്ട് മോഴാനയെ മെരുക്കി ലോറിയില്‍ കയറ്റിയാണ് ചികിത്സക്കായി കൊണ്ട് പോകാനുദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആനക്ക് ശാസ്ത്രക്രിയ നടത്താനാണ് പദ്ധതി.
ശസ്ത്രക്രിയ നടത്തിയാലും ആനയുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമോയെന്ന സംശയവും നിലനില്‍ക്കുകയാണ്. ഇരുപതുവയസുള്ള മോഴയാനയുടെ ട്യൂമര്‍ മാറണമെങ്കില്‍ ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധി.ശസ്ത്രക്രിയ വനത്തിനുള്ളില്‍ നടത്താന്‍ കഴിയില്ലെന്നും അതിനാലാണ് വിശാലമായ സൗകര്യമുളള മൃഗശാലയിലേക്ക് മാറ്റുന്നതെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇപ്പോള്‍ ആനയുടെ നീക്കം നിരീക്ഷിക്കാന്‍ കോളര്‍ ഐ ഡി ഘടിപ്പിച്ചിട്ടുണ്ട്.
ആനയുടെ നില ഗുരുതരമല്ലെന്നും ആഹാരപദാര്‍ഥങ്ങള്‍ സാധാരണപോലെ കഴിക്കുന്നുണ്ടെന്നാണ് പറയുന്നത്. കാട്ടാന അക്രമണ സ്വഭാവം കാണിക്കുന്നില്ലെങ്കിലും വെങ്കിലും ആനക്ക് ചുറ്റും തമ്പടിച്ചിരുന്ന മറ്റു കാട്ടാനകള്‍ നാട്ടിലിറങ്ങി അക്രമിക്കുകയായിരുന്നു. ഏതാനും ആഴ്ചകളായി കാട്ടാനകളുടെ വിളയാട്ടം മൂലം വന്‍തോതില്‍ കൃഷിനാശമാണുണ്ടായിരിക്കുന്നത്. പലരും തലനാരിഴക്കാണ് ജീവന്‍ തിരിച്ച് കിട്ടിയത്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ട്രൂമര്‍ ബാധിച്ച് മോഴാനയെ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ രഹസ്യമായി ശിരുവാണിലേക്ക് കൊണ്ട് വിട്ടത്.
നേരത്തെ പറമ്പിക്കുളത്തിലോ, തമിഴനാട്ടിലോ വിടാനാണ് തീരുമാനമെങ്കിലും ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ശിരുവാണിയില്‍ കൊണ്ട് വിട്ടത്.കാട്ടാനശല്യം വ്യാപകമായ പ്രദേശത്തേക്ക് വയനാട്ടില്‍ നിന്നും ഗുരുതരമായ ട്യൂമര്‍ ബാധിച്ച ആനയെ കൊണ്ടുവന്ന് വിട്ടതിനെതിരെ മാസങ്ങളായി നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ഇതിനെ തുടര്‍ന്നാണ് വനം വകുപ്പ് ആനയെ ശിരുവാണിയില്‍ നിന്ന് കൊണ്ട് പോകാനൊരുങ്ങുന്നത്.