Ongoing News
ഇന്ന് കലാശപ്പോര്
ഇന്ത്യ-ഓസ്‌ട്രേലിയ ഏഴാം ഏകദിനം ഇന്ന്. ജയിക്കുന്നവര്‍ക്ക് പരമ്പര
ബംഗളുരു: ഇന്ത്യ-ആസ്‌ത്രേലിയ ഏകദിന പരമ്പരയില്‍ ഇന്ന് ഫൈനല്‍. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഴാം ഏകദിനം ജയിക്കുന്നവര്‍ 3-2ന് പരമ്പര സ്വന്തമാക്കും. നാലാമത്തെയും അഞ്ചാമത്തെയും ഏകദിനം മഴ കാരണം റദ്ദാക്കിയതൊഴിച്ചാല്‍ പരമ്പര ആവേശകരമായിരുന്നു. മുന്നൂറിലേറെ റണ്‍സ് അനായാസം സ്‌കോര്‍ ചെയ്യാന്‍ ഇരുടീമുകള്‍ക്കും സാധിച്ചപ്പോള്‍ ബൗളര്‍മാര്‍ക്ക് ബൗളിംഗ് മെഷീന്റെ പ്രസക്തി പോലുമില്ലാതായി.
പരമ്പരയില്‍ രണ്ട് വേഗമേറിയ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് 81 റണ്‍സടിച്ചാല്‍ ഏകദിനത്തില്‍ ഏറ്റവും വേഗം 5000 റണ്‍സിലെത്തുന്ന ബാറ്റ്‌സ്മാനാകും കോഹ്‌ലി. തകര്‍ക്കപ്പെടുക വിന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് !
2008 ല്‍ ടീം ഇന്ത്യയുടെ ഭാഗമായ വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനിലേക്കുള്ള യാത്രയിലാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറികള്‍ കോഹ്‌ലി മറികടക്കുമെന്ന് പ്രവചിച്ചത് സുനില്‍ ഗവാസ്‌കറാണ്.
52 ന് മുകളില്‍ ശരാശരി നിലനിര്‍ത്തുന്ന കോഹ്‌ലി പതിനേഴ് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കി. 2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ യുവരാജ് സിംഗിന്റെ പകരക്കാരനായി കളത്തിലിറങ്ങിയ വിരാട് കോഹ്‌ലി വെസ്റ്റിന്‍ഡീസിനെതിരെ പുറത്താകാതെ 79 റണ്‍സടിച്ച് വരവറിയിച്ചു.
2010 ല്‍ 995 റണ്‍സെടുത്ത കോഹ്‌ലിക്ക് പിന്നീടൊരു സീസണിലും ആയിരം റണ്‍സില്ലാതെ വന്നിട്ടില്ല. 2011 ല്‍ 1381, 2012 ല്‍ 1026, 2013 ല്‍ ഇതുവരെ 1033, ഇങ്ങനെ പോകുന്നു കോഹ്‌ലിയുടെ ഫോം.
ആസ്‌ത്രേലിയന്‍ നിരയില്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയുടെ ഫോം മികച്ചതാണ്. ആസ്‌ത്രേലിയയുടെ വിരാട് കോഹ്‌ലിയാണ് ബെയ്‌ലിയെന്ന് പറയാം.
പരമ്പരയുടെ താരമാകാനുള്ള മത്സരത്തില്‍ ബെയ്‌ലി മുന്നിലാണ്. ഈ വര്‍ഷം ഏറ്റവുമധികം റണ്‍സടിച്ച താരവും ബെയ്‌ലിയാണ്. ഏകദിനക്രിക്കറ്റിന്റെ ആത്മാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓസീസ് താരം മൈക്കല്‍ ബെവന്റെ 53.58 ശരാശരിക്കടുത്താണ് ബെയ്‌ലി (53.03).
ആഷസ് പരമ്പരക്കുള്ള തയ്യാറെടുപ്പിനായി പേസര്‍ മിച്ചല്‍ ജോണ്‍സന്‍ നാട്ടിലേക്ക് മടങ്ങി.
** ഉച്ചയ്ക്ക് 1.30 മുതല്‍ സ്റ്റാര്‍ ക്രിക്കറ്റില്‍