Kerala
നിതാഖാത്ത്: യാത്രാസൗകര്യം ഏര്‍പ്പെടുത്തും: കെസി ജോസഫ്
തിരുവനന്തപുരം: നിതാഖാത്ത് മൂലം നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ.സി ജോസഫ്. ഇളവുകാലത്ത് നയതന്ത്ര കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് സൗജന്യ ടിക്കറ്റുകള്‍ നല്‍കുക. ഈ മാസം 20ന് സൗദ്യ അറേബ്യയില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കേരളത്തിലെത്തുമെന്നും മന്ത്രി കെ.സി ജോസഫ് പറഞ്ഞു. അപേക്ഷിച്ചവരില്‍ നിന്ന് അര്‍ഹരായവരെ തിരഞ്ഞെടുക്കാനും മടക്കയാത്ര സംബന്ധിച്ച് ക്രമീകരണങ്ങള്‍ക്കും നോര്‍ക്കാ വകുപ്പിനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
നിതാഖാത്ത് നിയമം നടപ്പിലാക്കുന്നതിന് ഇളവു സമയം നവംബര്‍ മൂന്നിന് അവസാനിച്ച സാഹചര്യത്തില്‍ മന്ത്രി കെ.സി ജോസഫിന്റെ അന്ത്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ മുതല്‍ നവംബര്‍ മൂന്ന് വരെ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയവര്‍ക്കും നാടുകടത്തല്‍ കേന്ദ്രമായ തര്‍ഹിലില്‍ വിരലടയാളം നല്‍കി എക്‌സിറ്റ് പാസ് നേടിയവര്‍ക്കുമാണ് മുന്‍ഗണന. അതേസമയം നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടില്ല.