Connect with us

Malappuram

നിതാഖാത്ത്: ആശങ്കയൊഴിയാതെ മലപ്പുറം

Published

|

Last Updated

മലപ്പുറം: സഊദി അറേബ്യയില്‍ നിതാഖാത് പരിശോധന കര്‍ശനമാക്കിയതോടെ പ്രവാസി കുടുംബങ്ങളില്‍ ആശങ്ക വിട്ടൊഴിയുന്നില്ല. രേകഖള്‍ ശരിയാക്കുന്നതിനുള്ള തീയതി ഈമാസം മൂന്നിന് അവസാനിച്ചതോടെ കര്‍ശന പരിശോധനയാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 83 പേര്‍ സഊദിയില്‍ നിന്ന് മടങ്ങിയതായാണ് നോര്‍ക്കയുടെ കണക്കുകള്‍ പറയുന്നത്. രേഖകള്‍ നിയമപരമാക്കാന്‍ കഴിയാത്തതിനാല്‍ ഫൈനല്‍ എക്‌സിറ്റ് വാങ്ങി അവസാന ദിനം വരെ ജോലിയെടുത്തു മടങ്ങാന്‍ തീരുമാനിച്ചവരും പരിശോധനകള്‍ കുറയുന്നത് വരെ മാറി നില്‍ക്കാന്‍ റീ എന്‍ട്രി വിസയില്‍ പോയവരും മടങ്ങിയവരിലുണ്ട്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കാണിത്. രജിസ്റ്റര്‍ ചെയ്യാതെ മടങ്ങിയവരെ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ എണ്ണം ഇനിയും ഉയരും. മടങ്ങിയെത്തിയവരെല്ലാം സ്വന്തം ചിലവില്‍ ടിക്കെറ്റെടുത്തവരാണ്. മടങ്ങുന്നവര്‍ക്കും നോര്‍ക്ക ടിക്കറ്റ് നല്‍കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും അതിനായി അഡൈ്വസറി കമ്മിറ്റികള്‍ രൂപവത്കരിച്ചെങ്കിലും ഇത്‌വരെ ആര്‍ക്കും ടിക്കറ്റ് നല്‍കിയിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി വിസയെടുത്ത് പോയവരാണ് ഇവരിലേറെയും. കൂടാതെ നിരവധി പേര്‍ പരിശോധന ഭയന്ന് പുറത്തിറങ്ങാനാകാതെ കഴിയുന്നുമുണ്ട്. സഊദി പൗരന്‍മാരെ ജോലിക്ക് വെക്കേണ്ടതിനാല്‍ പല ചെറുകിട കച്ചവട സ്ഥാപനങ്ങളും താഴിടേണ്ട അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. പരിശോധന കര്‍ശനമാക്കിയതോടെ നിരവധി കച്ചവട സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. രേഖകള്‍ ശരിയാക്കാത്ത സ്ഥാനപനങ്ങളും അടച്ചിട്ടതായാണ് വിവരം. ജില്ലയിലെ കുടുംബങ്ങളുടെ സാമ്പത്തിക നട്ടെല്ല് പ്രവാസികളായതിനാല്‍ ഇവരുടെ മടങ്ങിവരവ് പ്രതിസന്ധിയുണ്ടാക്കുക തന്നെ ചെയ്യും. സ്വദേശി വത്കരണം ആരംഭിച്ചതുമുതല്‍ തന്നെ പലപ്പോഴായി പ്രവാസികള്‍ വന്നുകൊണ്ടിരുന്നെങ്കിലും രേഖകള്‍ ശരിയാക്കാനുള്ള കാലാവധി അവസാനിച്ചതോടെ കൂടുതല്‍ പേര്‍ എത്തുമെന്ന് തന്നെയാണ് കണക്കാക്കുന്നത്. ഇവര്‍ക്ക് തൊഴില്‍ പരിശീലനവും മറ്റ് തൊഴിലുകള്‍ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായവും നല്‍കി പുനരധിവസിപ്പിക്കാന്‍ തയ്യാറാകണമെന്നാണ് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്.

മടങ്ങിയെത്തിയവരെ
പുനധിവസിപ്പക്കാന്‍ നടപടി വേണം

കാളികാവ്: സഊദി സര്‍ക്കാര്‍ നടപ്പിലാക്കിയ നിതാഖാത് വ്യവസ്ഥയോടെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന് നടപടി ത്വരിതപ്പെടുത്തണമെന്ന് ആവശ്യം ശക്തം.

അവിടത്തെ ഗവണ്‍മെന്റിന്റെ തൊഴില്‍ വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിക്കുന്നതിന് മുമ്പ് തന്നെ നിതാഖാതില്‍ കുടങ്ങിയ മിക്ക മലയാളി തൊഴിലാളികളും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
രാജ്യം വിടാനുള്ള സമയപരിധി തീരുകയും ഭാഗ്യ പരീക്ഷണത്തിന് അവിടെ തങ്ങുകയും ചെയ്യുന്ന പ്രവാസികളായി വിരലിലെണ്ണാവുന്നരുണ്ടെന്നാണ് അടുത്തിടെ നാട്ടിലെത്തുവര്‍ നല്‍കുന്ന വിവരം. ഇവരുടെയടക്കമുള്ള പുനരധിവാസത്തിനായി ഒരു കര്‍മ്മ പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കാത്തത് നാടണഞ്ഞവരില്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അഞ്ച് മാസത്തിനുള്ളിലായി ജില്ലയില്‍ നിരവധി പേര്‍ ജോലിനഷ്ടമായി നാട്ടിലെത്തിയിട്ടുണ്ട്. നിതാഖത്തില്‍പെട്ട് തിരിച്ചെത്തുന്നവര്‍ക്ക് എന്തെങ്കിലും തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ സഹയമുണ്ടാവുമെന്ന് നേരത്തേ ബനധപ്പെട്ട സംസ്ഥാന മന്ത്രി പ്രസതാവിച്ചിരുന്നു. “നോര്‍ക്ക” വഴി ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ഒട്ടേറെ പേര്‍ മലപ്പുറത്തെ ഓഫിസിലെത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. എന്നാല്‍ തൃപ്തികരമായ ഒരു മറുപടി പോലും നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നാണ് പരാതി ഉയരുന്നത്.
ഇക്കാര്യത്തില്‍ നിലവിലെ പ്രവാസി സംഘനകളും കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതോടെ വിയര്‍പ്പൊഴുക്കി കിട്ടിയ സമ്പാദ്യം മുഴുവന്‍ നാട്ടിലെത്തിച്ച് ഇവിടത്തെ വിവിധ സംരഭങ്ങള്‍ വികസിപ്പിക്കാന്‍ സഹായിച്ച പല പ്രവാസികളും കടുത്ത നിരാശയിലാണ്.
കഴിഞ്ഞ പെരുന്നാളിനടുത്തായി ജില്ലയില്‍ നിതാഖാത്തില്‍ കുടുങ്ങി ജീവിതം വഴി മുട്ടിയ ഒരു കുടംബം കടുംകൈ ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.നിതാഖത്ത് സൃഷ്ടിക്കുന്ന തൊഴിലില്ലായ്മ വരും ദിവസങ്ങളില്‍ രൂക്ഷമാവുമെന്നാണ് സൂചന. പ്രവാസികളുടെ തൊഴില്‍ പ്രതിസന്ധി മുഖ്യധാര സംഘടനകളൊന്നും തന്നെ ഇതേവരെ ഗൗരവമായി ഉയര്‍ത്തിക്കൊണ്ടുവന്നിട്ടില്ല. ജോലി നഷ്ടമായി തിരികെയത്തിയവരെ ഉപജീവനത്തിനെങ്കിലും സഹായിക്കുന്ന നടപടികള്‍ വൈകാതെ ഉണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്.

പ്രവാസികളുടെ പുനരധിവാസം ഗൗരവമായി കാണണം: പ്രവാസി ലീഗ്‌

മലപ്പുറം: തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം ഗൗരവമായി കാണണമെന്ന് മുസ്‌ലിംലീഗ് സംസഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് .
പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ന്യയമായതും അര്‍ഹതപ്പെട്ടതുമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഏത് പോരാട്ടത്തിനും ലീഗ് തയ്യാറാകും.
പ്രവാസി പുരധിവാസം കണ്ണില്‍പൊടിയിടാനുള്ള മാര്‍ഗമായി കാണരുത്. സ്ഥിരമായ സംവിധാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി പുനരധിവാസം നടപ്പിലാക്കുക, ദൂരപരിധി കണക്കാക്കി എയര്‍ ഇന്ത്യാ ചാര്‍ജ് നടപ്പിലാക്കുക, പാസ്‌പോര്‍ട്ടിന്റെ പേരിലുളള പീഢനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. പി കെ എം കാഞ്ഞിയൂര്‍ അധ്യക്ഷത വഹിച്ചു. പി വി അബ്ദുല്‍വഹാബ്, പി അബ്ദുല്‍ ഹമീദ്, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ, പി ഉബൈദുല്ല എം എല്‍ എ, കെ മമ്മദ് ഫൈസി, ഡോ. സി പി ബാവഹാജി, പരീത് കരേക്കാട്, അബ്ദു ചോലയില്‍. നൗഷാദ് മണ്ണിശ്ശേരി പ്രസംഗിച്ചു.

Latest