Connect with us

Ongoing News

ചെസിലെ വിശ്വപോരിന് തുടക്കം

Published

|

Last Updated

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ഇന്ത്യയുടെ വിശ്വോത്തര താരം വിശ്വനാഥന്‍ ആനന്ദ് നോര്‍വെയുടെ മാഗ്നസ് കാള്‍സനെ നേരിടും. ലോക ഒന്നാം നമ്പറായ കാള്‍സനെതിരെ അഞ്ച് തവണ ലോകചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിന് ജയം എളുപ്പമാകില്ലെന്നാണ് വിദ്ഗ്ധാഭിപ്രായം.
ഇതിഹാസ താരം ഗാരി കാസ്പറോവ് മാഗ്നസ് കാള്‍സന്‍ ജയിക്കുമെന്ന പ്രവചനമാണ് നടത്തുന്നത്. ആനന്ദ് മഹാനാണെന്നും ചെസില്‍ ഇന്ത്യക്ക് മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത താരമാണെന്നും കാസ്പറോവ് ചൂണ്ടിക്കാട്ടി. അതേ സമയം, പുതിയൊരു ചാമ്പ്യനെ ഇത്തവണ പ്രതീക്ഷിക്കാമെന്നാണ് കാസ്പറോവ് പറയുന്നത്. കാള്‍സന്‍ തന്നെയാണ് താരം. അദ്ദേഹത്തിന്റെ പ്രതിഭ ലോകോത്തരമാണ്. സമീപകാല മത്സരഫലങ്ങളും ശൈലിയും കാള്‍സന് അനുകൂലമാണ്. ന്യൂ ജനറേഷന്‍ പുതിയൊരു ചാമ്പ്യനെ അര്‍ഹിക്കുന്നുണ്ട്. അത് കാള്‍സന്‍ തന്നെയാണ്- കാസ്പറോവ് പറയുന്നു.
ഇതിഹാസവും ഇതിഹാസമാകാനുള്ള യാത്ര ആരംഭിച്ച താരവും തമ്മിലുള്ള പോരാട്ടം ചെസിന്റെ ആഗോള പ്രശസ്തി വര്‍ധിപ്പിക്കുമെന്നും കാസ്പറോവ് നിരീക്ഷിക്കുന്നു. ലോക ചെസ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ തന്നെ സഹായിക്കുന്നവരുടെ പേരുവിവരങ്ങള്‍ വിശ്വനാഥന്‍ ആനന്ദ് വെളിപ്പെടുത്തിയിരുന്നു. അതേ സമയം, നോര്‍വെ താരം അതിന് മുതിര്‍ന്നില്ല. ചില രഹസ്യങ്ങള്‍ രഹസ്യങ്ങളായി തന്നെ നില്‍ക്കണമെന്ന നിലപാടായിരുന്നു മാഗ്നസ് കാള്‍സന്. ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി ചെന്നൈയിലെ ഹോട്ടല്‍ ഹയാറ്റില്‍ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ലോകചാമ്പ്യന്‍ തന്റെ സഹായികള്‍ ശശികിരണ്‍ , സന്ദീപന്‍ ചണ്ഡെ, പീറ്റര്‍ ലീക്കോ , റൊഡെസ്‌ലോവ് വൊഴ്സ്റ്റസ്‌ക്ക് എന്നിവരാണെന്ന് വ്യക്തമാക്കിയത്.
കാള്‍സന്‍ തന്റെ ടീമംഗങ്ങളെ വെളിപ്പെടുത്താന്‍ വിസമ്മതിച്ചതില്‍ ആനന്ദിന് പരിഭവമില്ല. എതിരാളിയുടെ തീരുമാനത്തെ ബഹുമാനിക്കുന്ന നിലപാടാണ് ആനന്ദ് കൈക്കൊണ്ടത്.ആനന്ദിന്റെ ക്യാമ്പില്‍ ശശികിരണും സന്ദീപനും പുതുമുഖങ്ങളാണ്. പോളീഷ് കളിക്കാരനായ റൊഡൊസ്‌ലോവ് കഴിഞ്ഞ മൂന്നു ചാമ്പ്യന്‍ഷിപ്പിലും ആനന്ദിന്റെ കൂടെയുണ്ടായിരുന്നു.