Articles
നിതാഖാത്ത്: സഊദിയില്‍ പുതിയ പ്രഭാതം
സഊദി എന്നും മലയാളികളുടെ സ്വപ്‌നഭൂമിയായിരുന്നു. ജീവിതത്തിന്റെ കൂട്ടലും കിഴിക്കലുമെല്ലാം, നല്ലൊരു ശതമാനം കേരളീയന്റെയും, സഊദിയെ ചുറ്റിപ്പറ്റിയായിരുന്നു. അഭ്യസ്തവിദ്യരെയും അല്ലാത്തവരേയുമൊക്കെ അവിടുത്തെ ലളിതവും പ്രതീക്ഷാവഹവുമായിരുന്ന തൊഴില്‍ സാഹചര്യങ്ങളാണ് മാടി വിളിച്ചിരുന്നത്. ആ ഭൂതകാലം വിട പറഞ്ഞു. ഇനി പുതിയ തൊഴില്‍ രീതികളും പുതിയ അന്തരീക്ഷവും പുതിയ സാധ്യതകളുമാണ് സംജാതമായിരിക്കുന്നത്. സഊദികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ അപരിചിതമായ പുതിയ സാഹചര്യങ്ങളെ പ്രതീക്ഷയോടെയും ആശങ്കയോടെയും നോക്കിക്കാണുകയാണ് എല്ലാവരും.
എഴുപതുകളുടെ തുടക്കം മുതലാണ് സഊദിയിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നത്. രാജ്യത്തിന്റെ എണ്ണസമ്പന്നതയുടെ വളര്‍ച്ചക്കനുസരിച്ച് അങ്ങോട്ടുള്ള വിദേശ കുടിയേറ്റത്തിന്റെ ആക്കവും കൂടി. അറബിപ്പൊന്ന് കിനാവ് കണ്ട് നമ്മുടെ നാട്ടില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ സഊദിയിലെത്താന്‍ തുടങ്ങി. തൊഴില്‍ വിസക്കു പുറമേ, തീര്‍ഥാടന വിസകളിലെത്തിയും ആളുകള്‍ അവിടെ ജോലി നോക്കാന്‍ തുടങ്ങി. ഹജ്ജിനോ ഉംറക്കോ എത്തി മടങ്ങിപ്പോകാതെ ആളുകള്‍ ജോലിയാവശ്യാര്‍ഥം അവിടെ തങ്ങിയപ്പോള്‍ അത് അവിടുത്തെ തൊഴില്‍ ദാതാക്കള്‍ക്കും അനുഗ്രഹമായിരുന്നു. ബാധ്യതകളില്ലാതെ ഇന്ത്യന്‍ തൊഴിലാളികളെ ലഭിക്കുന്ന സാഹചര്യം അറബികളും നന്നായി ഉപയോഗപ്പെടുത്തി. അധികൃതര്‍ ആ “നിയമലംഘന”ത്തിനെതിരെ കണ്ണ് ചിമ്മി. വിവിധ രാജ്യക്കാരായ പതിനായിരക്കണക്കില്‍ അനധികൃത തൊഴിലാളികള്‍ സഊദിയിലുണ്ടായിത്തുടങ്ങുന്നത് അങ്ങനെയാണ്.
ഉംറ വിസക്കാരും ഫ്രീ വിസക്കാരുമായിരുന്നു സഊദിയിലുണ്ടായിരുന്ന അനധികൃത തൊഴിലാളികള്‍. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഉംറ വിസക്കാരുടെ വലിയ പ്രവാഹം തന്നെയുണ്ടായി മലബാറില്‍ നിന്ന്. ചുരുങ്ങിയ ചെലവില്‍ സഊദിയിലെത്തി തൊഴില്‍ നേടാമെന്നതായിരുന്നു കാരണം. മക്കയിലും ജിദ്ദയിലുമാണ് അവര്‍ തൊഴിലെടുത്തിരുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും അവരെത്തിപ്പെട്ടു. ഉംറ വിസക്കാര്‍ ഏറ്റവും കൂടുതലുണ്ടായിരുന്ന ജിദ്ദാ നഗരം അക്കാലത്ത് ഉംറക്കാരുടെ പറുദീസയായിരുന്നു. ധാരാളം തൊഴിലവസരങ്ങളായിരുന്നു അവര്‍ക്കവിടെ. ചെറിയ വേതനം കൊടുത്താല്‍ മതിയെന്നതിനാല്‍ സഊദികളും തൊഴിലിനായി ഏറ്റവുമധികം ആശ്രയിച്ചിരുന്നത് ഉംറക്കാരെയായിരുന്നു.
വിസക്കാരെപ്പോലെ മറ്റു ചെലവുകളൊന്നുമില്ല എന്നതായിരുന്നു ചെറുപ്പക്കാരെ അതിലേക്ക് കൂടുതലായി ആകര്‍ഷിച്ചിരുന്നത്. വിസ പുതുക്കാനുള്ള ചെലവോ ഫ്രീവിസക്കാരെ പോലെ സ്‌പോണ്‍സര്‍ക്കുള്ള സംഖ്യയോ ഒന്നും അവരെ ബാധിച്ചിരുന്നില്ല. സഊദികളുമായി സഹകരിച്ച് കച്ചവടം തുടങ്ങിയവരും ധാരാളമായിരുന്നു. നല്ലൊരു തുക മിച്ചം വെച്ച് രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നാടണയും. പിന്നെ വീണ്ടും അടുത്ത “ഉംറ”ക്ക് വിമാനം കയറും. ഇത്തരക്കാര്‍ക്ക് സഊദിയില്‍ നിന്നുള്ള വിമാന ടിക്കറ്റ് വരെ സൗജന്യമായിരുന്നു! ഈ “വി ഐ പി”പരിഗണന കാരണം ഉംറ വിസക്കാരെ “രാജാവിന്റെ വിസക്കാര്‍”എന്നും വിളിച്ചിരുന്നു.
ഉംറക്കാരില്ലാത്ത ഒരു തൊഴില്‍ രംഗവും ജിദ്ദയിലോ മക്കയിലോ ഇല്ലായിരുന്നു. താമസ സ്ഥലങ്ങളിലെല്ലാം ഉംറക്കാരുടെ നിറ സാന്നിധ്യമാണ് ഉണ്ടായിരുന്നത്. ഉംറക്കാരുടെ മാത്രം താവളങ്ങള്‍ വരെ ജിദ്ദയിലുണ്ടായിരുന്നു. എന്തിന് തൊഴില്‍ വിസയില്‍ വന്നവര്‍ക്ക് ഉംറക്കാരുടെ കീഴില്‍ ജോലിയെടുക്കേണ്ട സ്ഥിതിവിശേഷം പോലുമുണ്ടായിരുന്നു പലയിടത്തും. ഇനി, ഉംറ വിസക്കാര്‍ക്ക് വേണമെങ്കില്‍ തൊഴില്‍ വിസയിലേക്ക് മാറാനുള്ള അവസരവും അക്കാലത്തുണ്ടായിരുന്നു. “ഫോര്‍ട്ടീ ഫോര്‍”എന്നായിരുന്നു ആ സംവിധാനത്തിന്റെ വിളിപ്പേര്.
“ഫ്രീവിസ”ക്കാരാണ് സഊദിയില്‍ ഏറ്റവുമധികമുണ്ടായിരുന്ന വിഭാഗക്കാര്‍, പ്രത്യേകിച്ച് ഇന്ത്യക്കാര്‍. പതിറ്റാണ്ടുകളായി ഗള്‍ഫിലേക്ക് വിമാനം കയറുന്നവരുടെയെല്ലാം പ്രതീക്ഷയും സ്വപ്‌നവുമായിരുന്നു “ഫ്രീ വിസ”. മനസ്സിനിണങ്ങിയ ജോലി ലഭിക്കും വരെ സ്വതന്ത്രമായി ജോലി അന്വേഷിക്കാമെന്നായിരുന്നു “ഫ്രീ വിസ”യുടെ ഏറ്റവും വലിയ സവിശേഷത. വാസ്തവത്തില്‍ “ഫ്രീ വിസ” എന്ന പേരില്‍ വിസ സഊദി സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. വിവിധ പ്രൊഫഷനുകളില്‍ ഇവിടെയെത്തുന്ന വിദേശികള്‍ക്ക് ഇഷ്ടപ്പെട്ട ജോലി ലഭിക്കും വരെ തൊഴിലന്വേഷിക്കാനും വേറെ ജോലികളിലേര്‍പ്പെടാനും സ്‌പോണ്‍സര്‍ നല്‍കുന്ന “സ്വാതന്ത്ര്യ”മായിരുന്നു യഥാര്‍ഥത്തില്‍ “ഫ്രീ വിസ”.
മലയാളികളടക്കമുള്ള വിദേശികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു “ഫ്രീ വിസ”യിലെ ഈ സ്വാതന്ത്ര്യം. അഭ്യസ്തവിദ്യരും സാധാരണക്കാരുമെല്ലാം ഒരുപോലെ “ഫ്രീ വിസ” ഇഷ്ടപ്പെടാന്‍ കാരണങ്ങള്‍ നിരവധിയുണ്ട്. അവനവന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ജോലി കണ്ടെത്താനും ജോലി ലഭിച്ച ശേഷം ജോലിയിലും സ്‌പോണ്‍സറിലും സംതൃപ്തനാണെങ്കില്‍ അങ്ങോട്ട് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനും സാധിച്ചിരുന്നു. അവനവന്റെ ഇഷ്ടാനുസരണം അഞ്ചോ ആറോ മാസം വരെ നാട്ടിലേക്ക് അവധിക്കു പോകാനും ഇവര്‍ക്ക് കഴിയുമായിരുന്നു. കച്ചവടത്തില്‍ താത്പര്യമുള്ളവര്‍ക്കാകട്ടെ രാജ്യത്തിന്റെ ഏതു ഭാഗത്തും വേറെ സഊദിയുടെ പേരില്‍ സ്വന്തമായി കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങാമായിരുന്നു. അറബികള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നതിലേറെ ആളുകള്‍ സംതൃപ്തി കണ്ടെത്തിയിരുന്നത് ഇങ്ങനെ സ്വതന്ത്രമായി ജോലിതേടുന്നതിലായിരുന്നു.
വര്‍ഷാവര്‍ഷം വിസ പുതുക്കുമ്പോള്‍ സ്‌പോണ്‍സര്‍ക്ക് നല്‍കുന്ന “സംതിംഗ്”ആണ് ഈ സമ്പ്രദായത്തിലെ സ്‌പോണ്‍സറുടെ പ്രതിഫലം. ഈ സംഖ്യ ജോലിയുടെ സ്വഭാവത്തിനും സ്‌പോണ്‍സറുടെ ഡിമാന്‍ഡിനുമനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. ചിലര്‍ സ്‌പോണ്‍സറെ കൂടി പങ്കാളിയാക്കിയാണ് ബിസിനസ് നടത്തിയിരുന്നത്.
ഉംറ വിസയുടെയും ഫ്രീ വിസയുടെയും പേരില്‍ പതിനായിരക്കണക്കിനാളുകള്‍ രാജ്യത്തു തങ്ങാന്‍ തുടങ്ങിയതോടെ, സാമൂഹികവിരുദ്ധരും ക്രിമിനല്‍ സ്വഭാവമുള്ളവരും സാഹചര്യം മുതലെടുക്കാന്‍ തുടങ്ങി. ആഫ്രിക്കന്‍ രാജ്യക്കാരായ പരിശീലനം നേടിയ ചില ക്രിമിനലുകള്‍ രാജ്യത്ത് അഴിഞ്ഞാടാന്‍ തുടങ്ങി. വിദേശികളുടെയും സ്വദേശികളുടെയും സൈ്വര ജീവിതത്തിന് തടസ്സമാകുമാറ് രാജ്യത്തിന്റെ പല ഭാഗത്തും പിടിച്ചുപറിയും കൊള്ളയും കൊലപാതകവും അരങ്ങേറി. രാജ്യത്ത് നിരോധിക്കപ്പെട്ട മദ്യവും മയക്കുമരുന്നും ചിലയിടങ്ങളില്‍ ലഭ്യമായിത്തുടങ്ങി. പെണ്‍വാണിഭ റാക്കറ്റുകളെക്കുറിച്ചു കേട്ടുതുടങ്ങി. സൈ്വര ജീവിതത്തിന് ഭീഷണിയാകും വിധം കാര്യങ്ങള്‍ എത്തിപ്പെട്ടപ്പോള്‍ ശക്തമായ നടപടി സ്വീകരിക്കാനും രാജ്യത്തെ തൊഴില്‍, സാമൂഹികാന്തരീക്ഷത്തില്‍ ശുദ്ധികലശം നടത്താനും രാജ്യം നിര്‍ബന്ധിതമായി. അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ തുടങ്ങുന്നത് അങ്ങനെയാണ്.
ഉംറ വിസയിലും സന്ദര്‍ശക വിസയിലും വന്ന് രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്കെതിരെയാണ് നടപടി ആദ്യം തുടങ്ങിയത്. പത്ത് വര്‍ഷം മുമ്പ് തുടങ്ങിയതാണീ ശുദ്ധീകരണ പ്രക്രിയ. പിടിച്ചുപറിക്കാരുടെ വിഹാര കേന്ദ്രമായിരുന്ന ജിദ്ദയിലെ കരിന്തിനയാണ് രാജ്യത്ത് ആദ്യമായി ക്ലീന്‍ ചെയ്യപ്പെട്ട മേഖല. കറുത്ത വര്‍ഗക്കാരുടെ കേന്ദ്രമായിരുന്ന കരിന്തിനയില്‍ റെയ്ഡ് ചെയ്യാനെത്തിയ പോലീസുകാര്‍ക്ക് ആദ്യമൊക്കെ കനത്ത വെല്ലുവിളിയാണ് അവരില്‍ നിന്ന് നേരിടേണ്ടി വന്നത്. പിന്നെ ഘട്ടംഘട്ടമായി അനധികൃത താമസക്കാരെ നാടുകടത്തുന്ന നടപടി ത്വരിതപ്പെടുത്തുകയായിരുന്നു. ഉംറ വിസയില്‍ പുതുതായെത്തുന്നവര്‍ തിരിച്ചു പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത അവരെ കൊണ്ടുവരുന്നവര്‍ക്ക് തന്നെ നല്‍കി. വീഴ്ച വരുത്തുന്ന ഏജന്‍സികളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നതിനാല്‍ ഉംറക്കാര്‍ രാജ്യത്ത് തങ്ങുന്ന അവസ്ഥ ഇല്ലാതായി. നിലവിലുണ്ടായിരുന്നവര്‍ ഇടക്കിടെ കിട്ടിക്കൊണ്ടിരുന്ന പൊതുമാപ്പുകളില്‍ സ്വദേശങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നു. തീര്‍ഥാടന വിസക്കാരുടെയും സന്ദര്‍ശക വിസക്കാരുടെയും താമസം ഏതാണ്ടില്ലാതാക്കിയതിനു ശേഷം, ശുദ്ധീകരണ പ്രക്രിയ അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് ഫ്രീവിസക്കാരെ ബാധിച്ചുതുടങ്ങിയത്.
രാജ്യത്തെ തൊഴില്‍ രംഗം കാര്യക്ഷമമാക്കുകയും അനധികൃത തൊഴിലാളികളെ ഇല്ലായ്മ ചെയ്യുകയും ലക്ഷ്യം വെച്ച് “നിതാഖാത്ത്” പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ അതിനു പിന്നിലൊരു രാഷ്ട്രീയ കാരണം കൂടി കടന്നു വന്നു. ചില അറബ് രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ഭരണവിരുദ്ധ സമരങ്ങളായിരുന്നു അവ. അതിനു തുടക്കം കുറിച്ചതാകട്ടെ ടുനീഷ്യയിലെ തൊഴിലില്ലാപ്പടയും! തൊഴിലില്ലാത്തവരുടെ എണ്ണം ലക്ഷങ്ങളും ദശലക്ഷങ്ങളും കടന്ന അവസ്ഥയായിരുന്നു സഊദിയിലപ്പോള്‍. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക വഴി തൊഴിലില്ലാപ്പടയുടെ വലിപ്പം പരമാവധി കുറക്കലും പുതിയ പരിഷ്‌കാരത്തിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.
“നിതാഖാത്ത്” പരിഷ്‌കാരം കൊണ്ട് ലക്ഷ്യമാക്കുന്നത് ഇവയാണ്. തൊഴില്‍ രംഗം പൂര്‍ണമായും വ്യവസ്ഥാപിതമാക്കുക. അതുവഴി ആ രംഗത്ത് വര്‍ധിച്ചുവരുന്ന പരാതികള്‍ ഇല്ലാതാക്കുക. തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക. അനധികൃത വിസക്കാരെയും രേഖകളില്ലാത്തവരെയും തടയുക മൂലം ക്രിമിനലുകളുടെ നുഴഞ്ഞുകയറ്റം തടയുക. നിശ്ചിത ശതമാനം സ്വദേശികളെ ഉള്‍പ്പെടുത്തുക വഴി രാജ്യത്തെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുക.
നിതാഖാത്ത് പൂര്‍ണമായി നടപ്പാകുന്നതോടെ നമ്മുടെ നാട്ടുകാര്‍ക്ക് താത്കാലികമായി ചില ബുദ്ധിമുട്ടുകളുണ്ടായിത്തുടങ്ങിയെന്നത് വസ്തുതയാണെങ്കിലും ആത്യന്തികമായി വിലയിരുത്തുകയാണെങ്കില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് അത് ഗുണകരമായാണ് ഭവിക്കുക. “സൗദി വിദേശികളെ പുറം തള്ളുന്നു”, “ഗള്‍ഫ് യുഗം അവസാനിച്ചു” തുടങ്ങിയ രീതികളില്‍ നടക്കുന്ന വ്യാപകമായ പ്രചാരണങ്ങളില്‍ യാതൊരുവിധ കഴമ്പുമില്ല. മാത്രമല്ല, കുത്തഴിഞ്ഞു കിടന്നിരുന്ന തൊഴില്‍ രംഗം കാര്യക്ഷമമാകുമ്പോള്‍, ഏറ്റവും കൂടുതല്‍ ഗുണഫലമനുഭവിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കുമെന്നതാണ് വസ്തുത.
വിദേശികളില്ലാത്ത സഊദിയെക്കുറിച്ച് ആ രാജ്യത്തിന് ചിന്തിക്കാനേ കഴിയില്ല. 80 ലക്ഷം വിദേശികളുള്ള സഊദിയുടെ ഓരോ അടക്കവും അനക്കവും വിദേശികളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. സഊദീ വീടുകളില്‍ ജോലി ചെയ്യുന്നത് 90 ശതമാനവും ഇന്തോനേഷ്യക്കാരാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ശുചീകരണ ജോലികള്‍ നിര്‍വഹിക്കുന്നത് പൂര്‍ണമായും ബംഗ്ലാദേശ് സ്വദേശികളും. ചെറുകിട കച്ചവടങ്ങളും, ഗ്രോസറികള്‍, റെസ്‌റ്റോറണ്ടുകള്‍, സ്‌നാക്ക് സ്റ്റാളുകള്‍, അലക്കുകടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയവയ നടത്തുന്നതും ഇന്ത്യ, പാക്കിസ്ഥാന്‍, യമന്‍, ബംഗ്ലാദേശ്, തുര്‍ക്കി തുടങ്ങിയ രാജ്യക്കാരാണ്. രാജ്യത്ത് ഏറ്റവുമധികം പേര്‍ തൊഴിലെടുക്കുന്ന നിര്‍മാണ മേഖലയാകട്ടെ മുക്കാല്‍ പങ്കും വിദേശികളുടെ കൈകളിലാണ്. ഇന്ത്യ, ഈജിപ്ത്, പാക്കിസ്ഥാന്‍ രാജ്യക്കാരാണ് കണ്‍സ്ട്രക്ഷന്‍ മേഖല കൈയടക്കി വെച്ചിരിക്കുന്നത്. ആതുര മേഖലയിലും ഇതേ രാജ്യങ്ങളുടെ ആധിപത്യം കാണാവുന്നതാണ്. വിദ്യാഭ്യാസ മേഖലയും തഥൈവ. പുതിയ തൊഴില്‍ പരിഷ്‌കാരം കൊണ്ട് ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടം സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, തൊഴില്‍ സുരക്ഷ ലഭിക്കുക കൂടി ചെയ്യുകയാണ്. അതാത് കമ്പനിക്കോ സ്‌പോണ്‍സര്‍ക്കോ കീഴിലുള്ളവര്‍ അങ്ങോട്ട് സ്‌പോണ്‍ഷിപ്പ് മാറിയിട്ടില്ലെങ്കില്‍ അത് ചെയ്യണമെന്നു മാത്രമേ “നിതാഖാത്ത്”വ്യവസ്ഥയില്‍ പറയുന്നുള്ളൂ.
സഊദി പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറിയതിന്റെ പിന്നില്‍ അധ്വാനിച്ചിട്ടുള്ളത് അന്യ രാജ്യക്കാരാണെന്ന പൂര്‍ണബോധ്യം ആ നാട്ടുകാര്‍ക്കും അവിടുത്തെ ഭരണാധികാരികള്‍ക്കുമുണ്ട്. വിദേശികളെ എന്നും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും മാത്രമേ അവര്‍ നോക്കിക്കണ്ടിട്ടുള്ളൂ. ഇന്ത്യാക്കാരടക്കം ലക്ഷക്കണക്കിലാളുകള്‍ ആ നാട്ടുകാരുടെ സ്‌നേഹവായ്പുകള്‍ നേരിട്ടനുഭവിച്ചവരാണ്. അന്നം തരുന്ന നാടിനോടുള്ള കൂറും സ്‌നേഹവും നാം തിരിച്ചും നല്‍കുന്നുമുണ്ട്. “നിതാഖാത്ത് പേടി”യില്‍ ചിലര്‍ കഴിയുന്നുണ്ടെന്നറിഞ്ഞപ്പോള്‍ സഊദി തൊഴില്‍ മന്ത്രാലയ വക്താവ് അവരോടായി പറഞ്ഞതിങ്ങനെ: “സഊദിയില്‍ നിന്ന് നിങ്ങളെയാരെയും പറഞ്ഞുവിടാന്‍ ഞങ്ങളുദ്ദേശിക്കുന്നില്ല, എന്നാല്‍ നിങ്ങളുടെ തന്നെ രേഖകള്‍ ശരിപ്പെടുത്തണമെന്നേ ആവശ്യപ്പെടുന്നുള്ളൂ”.
എന്നാല്‍ ഇളവ് കാലം എത്ര നീട്ടിക്കിട്ടിയാലും രേഖകള്‍ ശരിയാക്കാന്‍ ശ്രമിക്കാതെ, ഒന്നും കാര്യമാക്കാതെ നിയമം മറികടക്കുന്നതില്‍ “ത്രില്‍”കണ്ടെത്തുന്ന, മലയാളികളടക്കമുള്ള ധാരാളം പേര്‍ ഇപ്പോഴും രാജ്യത്ത് തുടരുന്നു. പിടിക്കപ്പെട്ടാല്‍ പിന്നീടൊരിക്കലും രാജ്യത്തേക്കു പ്രവേശമുണ്ടായിരിക്കില്ല എന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് പോലും അവഗണിച്ചു കൊണ്ട് “ധൈര്യം”കാണിക്കുന്നവരുടെ കാര്യത്തില്‍, പിന്നീടെന്തെങ്കിലും സംഭവിച്ചാല്‍ സഹതാപം പോലും അര്‍ഹിക്കുന്നുണ്ടെന്നു തോന്നുന്നില്ല! ഒരു രാജ്യം ആ രാജ്യത്തിന്റെ കെട്ടുറപ്പും അവിടെ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വവും ഉദ്ദേശിച്ചു കൊണ്ടുവരുന്ന നിയമവ്യവസ്ഥകളെ മാനിക്കേണ്ടതും അനുസരിക്കേണ്ടതും അവിടെ ജോലി ചെയ്യുന്ന എല്ലാവരുടെയും ബാധ്യത തന്നെയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ വിദേശികള്‍ക്കായി ഇത്രയേറെ ഇളവുകള്‍ പ്രഖ്യാപിച്ച രാജ്യം സഊദിയല്ലാതെ വേറെയുണ്ടാകില്ല.
പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതോടെ, തൊഴിലിടങ്ങളില്‍ ഇന്നലെ വരെയുണ്ടായിരുന്ന അന്തരീക്ഷമല്ല ഇനിയുണ്ടാകുക. അടുക്കും ചിട്ടയുമുണ്ടാകുന്ന പുതിയ തൊഴില്‍ സാഹചര്യം പ്രതീക്ഷിക്കാം സഊദിയിലിനി. ഏതെങ്കിലും വിസക്ക് എങ്ങനെയെങ്കിലും അക്കരെപ്പറ്റുക എന്നതിനു പകരം അവനവന്റെ യോഗ്യതക്കും താത്പര്യങ്ങള്‍ക്കുമനുസരിച്ചുള്ള വിസയില്‍ തന്നെ വരാവുന്ന സാഹചര്യമാണ് ഉരുത്തിരിയാന്‍ പോകുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ തൊഴിലിടങ്ങള്‍ കൂടുതല്‍ സുരക്ഷിതവും അച്ചടക്കമുള്ളതുമാകും. പുതിയ തൊഴില്‍ സംസ്‌കാരം വാര്‍ത്തെടുക്കുന്ന പുതിയൊരു സഊദി ആയിരിക്കും ഇനി കാണാനാകുക.
വിദ്യാസമ്പന്നരും സാങ്കേതിക വിദഗ്ധരുമായ പുതിയ തലമുറയെ കാത്തിരിക്കുന്നത് സഊദിയിലെ എണ്ണമറ്റ തൊഴിലവസരങ്ങളാണ്. നിര്‍മാണ മേഖലയില്‍ വമ്പന്‍ പദ്ധതികളുടെ പതിനായിരക്കണക്കിനു അവസരങ്ങളാണ് തൊഴിലന്വേഷകരെ കാത്തിരിക്കുന്നത്. ഏറ്റവുമധികം തൊഴില്‍ വിസകള്‍ ഇന്ത്യയിലേക്കാണ് പോകാനിരിക്കുന്നതും. ആതുര മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഇന്ത്യക്കാരെ കാത്തിരിക്കുന്നതും വന്‍ സാധ്യതകളാണ്. കച്ചവട തത്പരര്‍ക്കും മുമ്പത്തേതിനേക്കാള്‍ സുരക്ഷിതമായി കച്ചവടം തുടങ്ങാവുന്ന സാഹചര്യമാണ് ഉരുത്തിരിയാന്‍ പോകുന്നത്. എല്ലാം പക്ഷേ നിയമത്തിനും വ്യവസ്ഥക്കും വിധേയമായിക്കൊണ്ടായിരിക്കുമെന്നു മാത്രം.
“നിതാഖാത്ത്” വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ സഊദിയിലെ തൊഴില്‍രംഗം മാത്രമല്ല, സാമൂഹികാന്തരീക്ഷം തന്നെ അടിമുടി മാറ്റപ്പെടുകയാണ്. പുതിയ സാഹചര്യങ്ങളെ വളരെ ജിജ്ഞാസാ പൂര്‍വമാണ് സ്വദേശികളും വിദേശികളും നോക്കിക്കാണുന്നത്. എങ്ങനെ ഭവിക്കുമെന്നആകാംക്ഷയാണ് എല്ലാവരിലും. അവിടുത്തെ ഏറ്റവും വലിയ തൊഴില്‍ സേന ഇന്ത്യയില്‍ നിന്നാകുമ്പോള്‍ ഇന്ത്യക്കാരില്‍ ആ ആകാംക്ഷ നിറഞ്ഞുനില്‍ക്കുന്നത് സ്വാഭാവികം മാത്രം. നമ്മെ സംബന്ധിച്ച് സഊദിയിലെ ഈ പുതിയ പരിഷ്‌കാരങ്ങള്‍, അവസരങ്ങളുടെയും സാധ്യതകളുടെയും അസ്തമയമല്ല, മറിച്ച് പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുതിയ പ്രഭാതമാണ്.