Connect with us

Articles

മുഹര്‍റം പത്തിന്റെ ആത്മീയ പ്രഭാവം

Published

|

Last Updated

ഹിജ്‌റ കലന്‍ഡറിലെ പ്രഥമ മാസമായ മുഹര്‍റമിലെ പത്താം ദിവസമാണ് ആശൂറാഅ്. “മുഹര്‍റം” എന്ന പദത്തിനര്‍ഥം തന്നെ പവിത്രമാക്കപ്പെട്ടത് എന്നാണ്. യുദ്ധം നിഷിദ്ധമായ മാസങ്ങളിലൊന്ന് കൂടിയാണത്. മുഹര്‍റ മാസത്തിനെന്ന പോലെ ആശൂറാഅ് ദിനത്തിനും വലിയ മഹത്വങ്ങളുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ദിവസമാണ് ആശൂറാഅ് ദിവസം.
മക്കയില്‍ നിന്ന് പലായനം ചെയ്ത് നബി(സ) തങ്ങള്‍ മദീനയിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പ് അനുഷ്ഠിക്കുന്നത് കാണാനിടയായി. കാരണമന്വേഷിച്ച തിരുമേനിയോട് അവര്‍ പറഞ്ഞു: “ഇന്നാണ് ഞങ്ങളുടെ പ്രവാചകനായ മൂസയും അനുയായികളും രക്ഷപ്പെട്ടതും ശത്രുവായ ഫിര്‍ഔനും സംഘവും മുങ്ങിനശിച്ചതും. അതിനുള്ള നന്ദിയെന്ന നിലയിലാണ് ഞങ്ങളീ ദിവസം നോമ്പെടുക്കുന്നത്.” ഉടനെ നബി പറഞ്ഞു: “എങ്കില്‍ മൂസാ നബിയോട് നിങ്ങള്‍ക്കുള്ളതിനേക്കാള്‍ ബന്ധം ഞങ്ങള്‍ മുസ്‌ലിംകള്‍ക്കാണുള്ളത്” അങ്ങനെ നബി(സ) അന്ന് നോമ്പനുഷ്ഠിച്ചു. അനുയായികളോട് നോമ്പനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. ഹിജ്‌റ രണ്ടാം വര്‍ഷത്തിന്റെ തുടക്കത്തിലായിരുന്നു ഈ സംഭവം.
പിന്നീട് ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ നോമ്പ് നിര്‍ബന്ധമാക്കിയപ്പോള്‍ മുഹര്‍റം പത്തിലെ നോമ്പ് സുന്നത്തായി നിശ്ചയിക്കപ്പെട്ടു. അതിനു മുമ്പ് നിര്‍ബന്ധമായിരുന്നു മുഹര്‍റം പത്തിലെ നോമ്പ്. ആഇശ ബീവി(റ) പറയുന്നു: നബി തങ്ങള്‍ മദീനയിലെത്തിയപ്പോള്‍ അവിടുന്ന് മുഹര്‍റം പത്തിലെ നോമ്പനുഷ്ഠിക്കുകയും അനുയായികളോട് നോമ്പെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. പിന്നീട് ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ ആശൂറാഅ് ദിനത്തിലെ നോമ്പ് ഇഷ്ടമുള്ളവര്‍ അനുഷ്ഠിക്കാനും അല്ലാത്തവര്‍ ഉപേക്ഷിക്കാനും നിര്‍ദേശമുണ്ടായി. (ബുഖാരി) നിര്‍ബന്ധിത ബാധ്യത ഉയര്‍ത്തപ്പെട്ടെങ്കിലും മുഹര്‍റം പത്തിലെ നോമ്പിനെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: റമസാന്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ നോമ്പ് മുഹര്‍റം പത്തിലെ നോമ്പാണ്. (തിര്‍മുദി). അബൂ ഖതാദ (റ) നിവേദനം: ഒരിക്കല്‍ ഒരു സഹാബി നബിയോട് ആശൂറാഅ് ദിനത്തിലെ നോമ്പിനെക്കുറിച്ച് ചോദിച്ചു. മറുപടിയായി നബി(സ) പറഞ്ഞു: ആ ദിവസത്തെ നോമ്പ് ഒരു വര്‍ഷത്തെ ദോഷങ്ങള്‍ പൊറുക്കാന്‍ കാരണമാകുന്നതാണ് (മുസ്‌ലിം).
മൂസാ (അ)നു പുറമെ നിരവധി പ്രവാചകന്‍മാരുടെ ജീവിതത്തിലെ പല പ്രധാന സംഭവങ്ങളും നടന്നത് മുഹര്‍റം പത്തിനായിരുന്നു. അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി തങ്ങള്‍ പറഞ്ഞു. “അല്ലാഹു ബനൂ ഇസ്‌റാഈല്യര്‍ക്ക് വര്‍ഷത്തില്‍ ഒരു നോമ്പ് നിര്‍ബന്ധ ബാധ്യതയാക്കി നിശ്ചയിച്ചിരുന്നു. ആശൂറാഅ് ദിവസത്തിലായിരുന്നു അത്. അതിനാല്‍ നിങ്ങളും അന്ന് നോമ്പനുഷ്ഠിക്കുക. ആശ്രിതര്‍ക്ക് വിശാലത ചെയ്യുക. എങ്കില്‍ ആ വര്‍ഷം മുഴുവനും അല്ലാഹു നിങ്ങള്‍ക്കും ഉദാരത ചെയ്യും. താഴെ പറയുന്ന സംഭവങ്ങളെല്ലാം സംഭവിച്ചത് അന്നാണ്:
ആദം നബി(അ) തൗബ സ്വീകരിച്ചു. ഇദ്‌രീസ് നബി(അ)യെ ഉന്നത സ്ഥാനത്തേക്കുയര്‍ത്തി. നൂഹ് (അ) കപ്പലില്‍ നിന്ന് പുറത്തിറങ്ങി. ഇബ്‌റാഹീം നബി(അ) അഗ്നികുണ്ഠത്തില്‍ നിന്ന് രക്ഷപ്പെട്ടു. മൂസ(അ)മിന് തൗറാത്ത് നല്‍കി. യൂസുഫ് നബി(അ) ജയില്‍മോചിതനായി. യഅ്ഖൂബ് നബി (അ)ന് കാഴ്ച തിരിച്ചുകിട്ടി. അയ്യൂബ് നബി(അ)മിന്റെ അസുഖം ഭേദമായി. യൂനുസ് (അ) മത്സ്യവയറ്റില്‍ നിന്ന് രക്ഷപ്പെട്ടു. സൂലൈമാന്‍ നബി(അ)മിന് അധികാരം നല്‍കപ്പെട്ടു. ദാവൂദ് നബി(അ)മിന് വിഷമങ്ങള്‍ നീങ്ങി. ഭൂമിയില്‍ ആദ്യമായി മഴ വര്‍ഷിച്ചു. അര്‍ശ്, ലൗഹ്, ഖലമ് എന്നിവ സൃഷ്ടിച്ചു. ഈസാ നബി(അ)മിനെ വാനലോകത്തേക്കുയര്‍ത്തി. ജിബ്‌രീല്‍ (അ)മിനെ സൃഷ്ടിച്ചു.
സന്തോഷകരമായ നിരവധി സംഭവങ്ങളോടൊപ്പം അത്യധികം ദുഃഖകരമായ ഒരു സംഗതിക്കും മുഹര്‍റം പത്ത് സാക്ഷിയായിട്ടുണ്ട്. നബി(സ) തങ്ങളുടെ പ്രിയ പൗത്രന്‍ ഹുസൈന്‍ (റ) കര്‍ബലയില്‍ വെച്ച് ദാരുണമായി കൊല്ലപ്പെട്ടതാണത്. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തില്‍ നിന്നും അതുവഴി ഇസ്‌ലാമിന്റെ നേര്‍വഴിയില്‍ നിന്നും വ്യതിചലിച്ച ശിയാക്കള്‍ ദുഃഖദിനമായി മുഹര്‍റം പത്ത് ആചരിക്കാന്‍ കാരണമതാണ്. നബികുടുംബത്തിന്റെ പേരില്‍ അവര്‍ നടത്തുന്ന ആഭാസങ്ങള്‍ക്കൊന്നും ഇസ്‌ലാമോ പൂര്‍വിക സൂരികളോ ഉത്തരവാദിയല്ലെന്നത് മറ്റൊരു കാര്യം.
മുഹര്‍റം പത്തിനൊപ്പം മുഹര്‍റം ഒന്‍പതിനും നോമ്പെടുക്കല്‍ സുന്നത്താണ്. ജൂതന്മാരോട് വ്യതിരിക്തരാകുക എന്ന നിലക്കാണത്. നബി തങ്ങള്‍ തന്നെ അതിന് പ്രോത്സാഹനം നല്‍കിയിട്ടുണ്ട്.
സുന്നത്ത് നോമ്പനുഷ്ഠിക്കുന്നതിന് പുറമെ നിരവധി ഇബാദത്തുകള്‍ കൊണ്ടും ധന്യമാക്കേണ്ട ദിവസമാണ് ആശൂറാഅ് ദിവസം. അന്ന് ചൊല്ലല്‍ സുന്നത്തായ നിരവധി ദിക്‌റുകളും ദുആകളും മഹാന്മാരായ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ആയിരം തവണ സൂറത്തുല്‍ ഇഖ്‌ലാസ് ഓതല്‍. ആശൂറാഅ് ദിവസം ആയിരം തവണ സൂറത്തുല്‍ ഇഖ്‌ലാസ് ഓതിയാല്‍ അവന്‍ ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടുമെന്നും റബ്ബിന്റെ തുരുനോട്ടവും ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള ഐശ്വര്യവും ലഭിക്കുമെന്നും അംഗീകൃത ഗ്രന്ഥങ്ങളില്‍ കാണാം.

 

Latest