International
ബംഗ്ലാദോശില്‍ ശേഖ് ഹസീന മന്ത്രിസഭ രാജിവെച്ചു
ധാക്ക: ബംഗ്ലാദേശില്‍ ശേഖ് ഹസീന മന്ത്രിസഭ രാജിവെച്ചു. തെരഞ്ഞെടുപ്പ് നിഷ്പക്ഷവും പാര്‍ട്ടിരഹിതവുമായ ദേശീയ സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി(ബി എന്‍ പി) നയിക്കുന്ന പ്രതിപക്ഷം അക്രമാസക്ത പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തിലാണ് നടപടി.
എല്ലാ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യമുള്ള കാവല്‍ മന്ത്രിസഭ രൂപീകരിക്കു എന്ന ലക്ഷ്യത്തോടെയാണ് ഹസീന രാജിവെച്ചത്. ഇതുസംബന്ധിച്ച് പ്രതിപക്ഷം സമരം നടത്തിവരികയായിരുന്നു.
ബി എന്‍ പി യെ കൂടാതെ വലതുപക്ഷ സഖ്യകക്ഷികളും ജമാഅത്തെ ഇസ്‌ലാമിയും സമരരംഗത്തുണ്ട്. അക്രമാസക്തമായ പ്രതിഷേധത്തില്‍ ഇന്നലെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. പതിവുപോലെ കാബിനറ്റ് യോഗം ചേര്‍ന്ന കേന്ദ്രമന്ത്രിമാരും സംസ്ഥാനമന്ത്രിമാരും പ്രധാനമന്ത്രി ശേഖ് ഹസീനക്ക് രാജിക്കത്ത് നല്‍കിയതായി പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറി അബുല്‍ കലാം ആസാദ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സര്‍വകക്ഷി സര്‍ക്കാറില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ചില മന്ത്രിമാരുടെ രാജി സ്വീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മറ്റുള്ളവരുടെ രാജി നേരിട്ട് പ്രസിഡന്റിന് അയച്ചുകൊടുക്കുമെന്നും പ്രധാനമന്ത്രിയുടെ ഉപദേശകന്‍ പറഞ്ഞു. ബി എന്‍ പിയും പ്രധാന സഖ്യകക്ഷിയായ ജമാഅത്തെ ഇസ്‌ലാമിയും പ്രഖ്യാപിച്ച 84 മണിക്കൂര്‍ പൊതുപണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി മന്ത്രിമാരെ രാജിവെപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.