Connect with us

Articles

സാംസ്‌കാരിക തകര്‍ച്ച ചേളാരി സമസ്തയുടെ മറവിലോ?

Published

|

Last Updated

കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരിക പരിസരം പൂര്‍ണമായും തൃപ്തികരമാണോ? അതി ക്രൂരമായ ധാരാളം ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ മുസ്‌ലിം പേരുകാരില്‍ നിന്ന് ഉണ്ടാകുന്നതായി വാര്‍ത്തകള്‍ വരുന്നു. വിശുദ്ധ റമസാനിലാണ് രണ്ട് കുട്ടികളെയും ഭാര്യയെയും ക്രൂരമായി ഒരാള്‍ കൊന്നുകളഞ്ഞത്. കളിക്കളത്തിലെ നിസ്സാര തര്‍ക്കം രണ്ടാളുകളുടെ വധത്തില്‍ കലാശിച്ചു കുറച്ചുമുമ്പ്. പിഞ്ചുകുട്ടികള്‍ പോലും പീഡനങ്ങള്‍ക്ക് വിധേയരാകുന്നു. വാര്‍ത്തകളില്‍ പ്രധാന്യം നേടുന്ന ഇത്തരം സംഭവങ്ങള്‍ക്ക് പുറമെ വാര്‍ത്തക്ക് വിധേയമാകാതെ പോകുന്ന നിത്യ സംഭവങ്ങളും നിസ്സാരമായി മാറിക്കഴിഞ്ഞ അനേകം കാര്യങ്ങളുമുണ്ട്. കല്യാണം, ആഘോഷം തുടങ്ങിയ വേളകളില്‍ സമുദായത്തെ “സഹിക്കേണ്ടി വരുന്ന” ദുരവസ്ഥ നിലനില്‍ക്കുന്നു. ലഹരി ഉപയോഗവും ലൈംഗിക ചൂഷണവും സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക അതിക്രമങ്ങളും വര്‍ധിച്ചു വരുന്നു.
താജുല്‍ ഉലമയുടെയും കാന്തപുരം ഉസ്താദിന്റെയും നേതൃത്വത്തിലുള്ള സുന്നീ പ്രസ്ഥാനം ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കാലികവും ശാസ്ത്രീയവുമായ ധാരാളം സംരംഭങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കേരള യാത്രയുള്‍പ്പെടെ സാമൂഹിക ശ്രദ്ധയാകര്‍ഷിച്ച വിവിധ പരിപാടികള്‍ നടന്നുകഴിഞ്ഞു. എന്നാല്‍ വലിയൊരു വിഭാഗത്തെ ഗുണപരമായി സ്വാധീനിച്ച ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും സ്വാധീനത്തിന്റെ വൈപുല്യം കുറക്കാനും ഇവിടെ ബോധപൂര്‍വം ശ്രമം നടക്കുന്നു. ഈ നിഷേധാത്മക സമീപനം മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരികരംഗത്തെ ദോഷകരമായി ബാധിക്കുന്നു.
സമസ്ത (ചേളാരി)യുടെ പേരില്‍ നിരവധി വര്‍ഷമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടും. പണ്ഡിത നേതൃത്വത്തെ തടസ്സപ്പെടുത്തുക മാത്രമല്ല സമൂഹത്തില്‍ ക്രിമിനലിസത്തിന്റെ മാനസിക പശ്ചാത്തലം സൃഷ്ടിച്ചെടുക്കുക കൂടിയാണ് ഇപ്പോള്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മഹല്ലുകളില്‍ ഈ സംഘടനക്ക് അവര്‍ അവകാശപ്പെടുന്ന സ്വാധീനമില്ലെങ്കിലും കോലാഹലങ്ങള്‍ സൃഷ്ടിച്ച് സമുദായത്തിന്റെ നന്മയെ തടയാനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ചിലപ്പോഴൊക്കെ അവര്‍ക്ക് കഴിയുന്നുണ്ട്.
അവര്‍ സാമുദായിക രംഗത്ത് കലഹങ്ങളും ബഹളങ്ങളും മാത്രമായി പ്രവര്‍ത്തിക്കുന്നു. കാന്തപുരം വിരോധം എന്ന അജന്‍ഡ മാത്രമാണ് ഈ കാലയളവില്‍ അവര്‍ പ്രാവര്‍ത്തികമാക്കിയത്. അരീക്കാട് പള്ളി പ്രശ്‌നം മുതല്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ വരെ അതിന്റെ ഭാഗമാണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. മര്‍ഹൂം ഇ കെ ഉസ്താദും കണ്ണിയത്തുസ്താദും നേരില്‍ ഇടപെട്ട വിഷയമാണ് അരീക്കാട് പള്ളി പ്രശ്‌നം. ഇ കെ ഉസ്താദും കണ്ണിയത്തുസ്താദും സമസ്ത മുശാവറ ചേര്‍ന്ന് കാന്തപുരം ഉസ്താദിന്റെ വിശ്വസ്തത അന്ന് പ്രഖ്യാപിച്ചിരുന്നു. ഇ കെ ഉസ്താദിന്റെയും കണ്ണിയത്തുസ്താദിന്റെയും അനുയായികള്‍ എന്ന് അവകാശപ്പെടുന്നവര്‍ പഴയ ഈ ആരോപണം പോലും ആവര്‍ത്തിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്നു.
കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ ജനാസ സന്ദര്‍ശിക്കാന്‍ പോയ കാന്തപുരം ഉസ്താദിനെ ചേളാരി വിഭാഗം അവഹേളിച്ചതും കൂക്കി വിളിച്ചതും അക്രമിക്കാന്‍ ശ്രമിച്ചതും കുറച്ചുമുമ്പ് വാര്‍ത്തയായിരുന്നു. ഈ സംഭവത്തെ ചേളാരി നേതൃത്വം പരസ്യമായി അപലപിക്കുകയോ ചെയ്യരുതെന്ന് ഉപദേശിക്കുകയോ ഉണ്ടായില്ല. കണ്ണിയത്ത് ഉസ്താദിന്റെ മഖ്ബറക്കരികില്‍ കുഴപ്പം സൃഷ്ടിച്ച് ഉസ്താദിന്റെ മകന്റെ നേതൃത്വത്തില്‍ നടക്കുന്ന സിയാറത്തിനെയും സല്‍ക്കര്‍മങ്ങളെയും കായികമായി നേരിട്ടുവെന്ന് മാത്രമല്ല അതിനെ ന്യായീകരിച്ച് പ്രഭാഷണം പോലും സംഘടിപ്പിച്ചു.
ഇപ്പോള്‍ നടക്കുന്ന ശഅ്‌റ് മുബാറക് വിവാദവും ഈ നിലയില്‍ കണ്ടാല്‍ മതി. ഈ വിവാദത്തില്‍ കാന്തപുരം ഉസ്താദ് ചെയ്തതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഉസ്താദിന് ശഅ്‌റ് മുബാറക് ലഭിച്ച സ്രോതസ്സ് എല്ലാവര്‍ക്കുമറിയാം. ഉസ്താദ് ആദരിക്കുന്ന ഒരു വസ്തുവിനെ ഉസ്താദിനെ അംഗീകരിക്കുന്നവര്‍ ആദരിക്കുന്നു. അതിനെ തടസ്സപ്പെടുത്താന്‍ ഏത് തത്വ ശാസ്ത്രത്തിന്റെ പേരില്‍ ആര്‍ക്കാണ് സാധിക്കുക? ഈ വിഷയത്തില്‍ ചിലര്‍ തെളിവ് ചോദിക്കുന്നു. തെളിവ് ചോദിക്കുന്നത് എന്തിനാണ്? ഉസ്താദിന് ആദരിക്കണമെങ്കില്‍ എതിരാളികള്‍ക്ക് തെളിവ് കാണിക്കണമോ? ഉസ്താദിനെ അംഗീകരിക്കുന്നവര്‍ക്ക് ആദരിക്കാന്‍ ഉസ്താദിന്റെ വിരോധികള്‍ക്ക് തെളിവ് കൈമാറണമെന്നോ? ഈ വിവാദത്തില്‍ ബോംബെയിലെ ഒരു വ്യക്തിയെയും അബൂദബിയിലെ അറബി പ്രമുഖനെയുമൊക്കെ തട്ടിപ്പുകാരന്‍, കപടന്‍, മുനാഫിഖ് തുടങ്ങിയ പദപ്രയോഗങ്ങളില്‍ ഇവര്‍ വിശേഷിപ്പിക്കുന്നു.
പണ്ഡിത വേഷം ധരിച്ചവര്‍ ഇങ്ങനെയൊക്കെ പറയാമോ? ഇത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നില്ലേ? ഇത്തരം പ്രസംഗങ്ങള്‍ കേള്‍ക്കുന്ന അണികള്‍ക്ക് ധാര്‍മികതയുണ്ടാകുമോ? മര്‍ക്കസിലെ ശഅ്‌റുമുബാറക്കിനെ ആദരിക്കണമെന്ന ഒരു നിര്‍ബന്ധവും ഇവിടെ ആരും പ്രകടിപ്പിക്കാത്ത സ്ഥിതിക്ക് ഈ ശബ്ദകോലാഹലങ്ങള്‍ക്ക് എന്തെങ്കിലും അര്‍ഥമുണ്ടോ? ഇവരുടെ ഈ സമീപനം അണികളെ അക്രമാസക്തരും ക്രിമിനലുകളുമാക്കി വളര്‍ത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് ബല്ലാ കടപ്പുറം മുതല്‍ ഓണപ്പറമ്പ് വരെയുള്ള പുതിയ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ബല്ലാ കടപ്പുറം, ഓണപ്പറമ്പ്, എളങ്കൂര്‍ പാറാട് സ്‌ഫോടനം തുടങ്ങിയവ സമുദായത്തിന്റെ അതീവ ശ്രദ്ധ പതിയേണ്ട, സുമനസ്സുകള്‍ ഇടപെടേണ്ട വിഷയങ്ങളാണ്. എ പി വിഭാഗത്തെ അക്രമിക്കാന്‍ ബോംബുണ്ടാക്കുക, ഉണ്ടാക്കുമ്പോള്‍ പൊട്ടി സ്വന്തം പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുക, അതിനെ ന്യായീകരിച്ച് നേതാക്കള്‍ പ്രസംഗിക്കുക, വിഷയം നേരിടാന്‍ വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും സ്വന്തം മദ്‌റസയും കത്തിക്കുക, എ പി വിഭാഗത്തിനെതിരെ കേസ് നല്‍കുക; പ്രതികള്‍ ചേളാരി വിഭാഗമാണെന്ന് പിന്നീട് കണ്ടെത്തുക. ഇങ്ങനെ ലജ്ജാകരമായ പ്രവര്‍ത്തനങ്ങള്‍ ഈ “സമസ്ത”യുടെ മറവില്‍ നടക്കുന്നുവെങ്കില്‍ ഈ സമുദായത്തിന് സംസ്‌കാരമുണ്ടാകുമോ?
ഇവരുടെ നേതാക്കള്‍ (പ്രായം ചെന്നവര്‍ പോലും) തരംതാണ പദങ്ങള്‍ ഉപയോഗിച്ചു അണികള്‍ക്ക് അക്രമവാസനയുണ്ടാക്കും വിധം പ്രഭാഷണങ്ങള്‍ നടത്തുന്നു. സുന്നീ നേതൃത്വം വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും നില്‍ക്കണമെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. വീണ്ടും വിവാദം കത്തിക്കുകയും സുന്നീ നേതൃത്വത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ കഠിനാധ്വാനം നടത്തുകയുമാണിപ്പോള്‍.
മുസ്‌ലിം ലീഗിനെ സമ്മര്‍ദത്തിലാക്കിയാണ് ഇപ്പോള്‍ ചേളാരി വിഭാഗം അന്തരീക്ഷം കലുഷിതമാക്കുന്നത്. മുന്‍ കാലങ്ങളില്‍ ആളും അര്‍ഥവും നല്‍കി ലീഗുനേതൃത്വം ഇവര്‍ക്ക് അസ്ഥിത്വമുണ്ടാക്കിക്കൊടുത്തു. ചെറിയ ഒരു പ്ലാറ്റ്‌ഫോം രൂപപ്പെട്ടുവെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ ലീഗ് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുംവിധം ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
കാസര്‍കോട് ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവര്‍ ആരോപണവുമായി രംഗത്തു വന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മരണ സന്ദര്‍ഭത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് “വധ”മാക്കി മാറ്റാനും സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ആരോപണം ഉന്നയിക്കാനും ആ വിധത്തില്‍ അന്വേഷണം നടത്തിക്കാനും ചേളാരി നേതൃത്വം പദ്ധതി ആവഷ്‌കരിക്കുകയും ധര്‍ണകളും സമരങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്തു. ഒരു ഘട്ടത്തില്‍ സമ്മര്‍ദത്തിന് വഴങ്ങി ലീഗ് നേതൃത്വവും ചേളാരി പക്ഷം ചേര്‍ന്നു. ഇപ്പോള്‍ ഒരു പണ്ഡിതന്റെ മരണം സംഘടനാവത്കരിച്ചതിന്റെ അപമാനവും പാപവും അവര്‍ തന്നെ പേറേണ്ടി വന്നു.
ഭീമമായ സംഖ്യയുടെ വരവ് ചേളാരി വിഭാഗത്തിന് ലഭിക്കുന്നു. മദ്‌റസകളില്‍ നിന്ന് തന്നെ ലഭിക്കുന്ന കോടികള്‍ക്ക് കണക്കില്ല. മഖ്ബറകളില്‍ നിന്നുള്ള വരുമാനങ്ങളും വിവിധ പിരിവുകളും മറ്റു വരുമാന സ്രോതസ്സുകളാണ്. സമുദായത്തിന്റെ ഈ സംഘടനയിലെ വലിയൊരു വിഹിതം ചെലവഴിക്കപ്പെടുന്നത് സംഘടനാ പക്ഷപാതിത്വത്തിന്റെ പേരില്‍ സുന്നീ സംഘടനകളെയും കാന്തപുരത്തെയും എതിര്‍ക്കാന്‍ വേണ്ടിയാണെന്ന് ന്യായമായും സംശയിക്കാം. കേരളത്തിലെ ആയിരക്കണക്കിന് മദ്‌റസകളുടെ പിതൃത്വം അവകാശപ്പെടുന്നത്. ഈ മദ്‌റസകള്‍ പണിതതിന് ശേഷമാണ് ഇവരുടെ സംഘടന വിവരമറിയുന്നത് തന്നെ. നിര്‍മാണത്തിലോ നടത്തിപ്പിലോ ഈ സംഘടനക്ക് ഒരു ബന്ധവുമില്ലെന്നര്‍ഥം. നാട്ടുകാര്‍ എല്ലാവരും ചേര്‍ന്നുണ്ടാക്കിയ സ്ഥാപനങ്ങളുടെ പിതൃത്വവും മഹല്ലുകളുടെ അധികാരവുമൊക്കെ സ്വയം അവകാശപ്പെട്ടു സായൂജ്യമടയുകയാണ് ഈ വിഭാഗം. ചുരുക്കത്തില്‍ ചേളാരി വിഭാഗത്തിന്റെ നയനിലപാടുകള്‍ മുസ്‌ലിം സമുദായത്തിന്റെ ധാര്‍മികവും സാംസ്‌കാരികവുമായ വളര്‍ച്ചയെ തടയുന്നുവെന്ന് മാത്രമല്ല, അപചയത്തിന് കാരണമാകുകയും ചെയ്യുന്നു. ഗ്രാമപ്രദേശങ്ങില്‍ തെമ്മാടിത്തം കാണിക്കുന്നവരെ നേര്‍വഴിയിലേക്ക് നയിക്കുന്നതിന് പകരം സുന്നീ സംഘടനാ/കാന്തപുരം വിരോധം കുത്തി നിറച്ച് ജീര്‍ണതയിലേക്ക് സമൂഹത്തെ തള്ളിവിടുകയാണ്.
ഇത്തരം ക്രൂരതകള്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തിന് ഒരു സമൂഹത്തെയല്ല ഒരു വ്യക്തിയെ പോലും നേര്‍ദിശയിലേക്ക് നയിക്കാനാകില്ല. കണ്ണൂരില്‍ ഹൈദരലി തങ്ങളുള്‍പ്പെടെ നേതാക്കന്മാര്‍ പരസ്യമായി അവഹേളിക്കപ്പെട്ട രംഗം സൃഷ്ടിച്ചടുക്കുന്നതില്‍ ചേളാരി വിഭാഗത്തിന്റെ പങ്ക് പത്രങ്ങളെല്ലാം വ്യക്തമാക്കിയിരുന്നു. കണ്ണൂരുകളും ഓണപ്പറമ്പുകളും പാറാടും ഇനിയും ആവര്‍ത്തിക്കണമോ? മുസ്‌ലിം സമുദായം ഗൗരവമായി ആലോചിക്കണം.

 

Latest