National
പച്ചക്കറികളിലും പഴങ്ങളിലും നിരോധിത കീടനാശിനികളുടെ ഉയര്‍ന്ന സാന്നിധ്യം
ബംഗളൂരു: പച്ചക്കറികളിലും പഴങ്ങളിലും നിരോധിച്ച കീടനാശിനികള്‍ കണ്ടെത്തി. സൈപ്പര്‍മെത്രിന്‍, ഹെപ്റ്റാക്ലോര്‍, ക്വിനാല്‍ഫോള്‍സ്, ആല്‍ഡ്രിന്‍, ക്ലോറോഡെന്‍, ഡിക്ലോര്‍വാസ് തുടങ്ങിയ നിരോധിത കീടനാശിനികളാണ് പഴങ്ങളിലും പച്ചക്കറികളിലും കണ്ടെത്തിയതെന്ന് സര്‍വേ പറയുന്നു. വെണ്ട, ഇലക്കറികള്‍, കാബേജ് മറ്റ് പച്ചക്കറികള്‍ എന്നിവയിലാണ് മനുഷ്യന് ഹാനികരമായ കീടനാശിനി സാന്നിധ്യം തെളിഞ്ഞത്.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പഠനത്തിലാണ് നിരോധിച്ച കീടനാശിനികള്‍ പച്ചക്കറികളിലും മറ്റും ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലാണ് അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. പച്ചക്കറികളിലും പഴങ്ങളിലും അനുവദനീയമായതിന്റെ ആയിരം മടങ്ങ് വരെ കീടനാശിനികള്‍ ഉപയോഗിക്കുന്നതായാണ് പഠന ഫലം തെളിയിക്കുന്നത്. രാജ്യവ്യാപകമായി വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. പച്ചക്കറികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കീടനാശിനി ഉപയോഗിക്കുന്നത് വഴുതനയിലാണ്. അനുവദനീയമായതിന്റെ 860 ശതമാനത്തിലേറെയാണ് ഇതില്‍ കീടനാശിനി സാന്നിധ്യം. കോളിഫഌവറിലും കാബേജിലും സമാന തോതില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തി.
ഗോതമ്പിലും അരിയിലും കീടനാശിനി സാന്നിധ്യം അപകടകരമായ അളവിലാണ്. ഗോതമ്പില്‍ ആല്‍ഡ്രിന്‍ എന്ന കീടനാശിനിയുടെ അളവ് അനുവദനീയമായതിന്റെ 21,890 മടങ്ങ് കൂടുതലാണ്. അരിയില്‍ ക്ലോര്‍ഫോന്‍വിന്‍ഫോസ് എന്ന കീടനാശിനി അനുവദനീയമായതിന്റെ 1,324 ശതമാനം കൂടുതലാണ്.
ആപ്പിളിലും മധുരനാരങ്ങയിലും നിരോധിത കീടനാശിനികള്‍ അനുവദനീയമായതിന്റെ 140 ശതമാനം അധികം കണ്ടെത്തി. രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴങ്ങളില്‍ മെഴുകുപുരട്ടുന്നതും കണ്ടെത്തി. സ്ത്രീകള്‍ക്ക് ഏറെ ഉപയോഗിക്കേണ്ട പച്ചക്കറികളായ കാബേജും കോളിഫഌവറും കീടനാശിനിമയമാണ്.
ന്യൂറോടോക്‌സിക് വിഭാഗത്തില്‍പ്പെടുന്ന വിഷ വസ്തുക്കളാണ് ഈ കീടനാശിനികളെന്നും ഇവ ശരീരത്തിലെത്തിയാല്‍ വൃക്കയെയും കരളിനെയും തകരാറിലാക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് അന്തഃസ്രാവീ വ്യൂഹ (എന്‍ഡോക്രൈന്‍ സിസ്റ്റം) ത്തെ തകറാരിലാക്കുന്നത് വഴി അനേകം രോഗങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യും. ചിലര്‍ക്ക് ഇത് ഭക്ഷ്യവിഷബാധയായും അലര്‍ജിയായും പരിണമിക്കും. ഗര്‍ഭിണികള്‍് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് വഴി ഗര്‍ഭസ്ഥശിശുവും ഗര്‍ഭപാത്രവും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാസന്റ എന്ന പൊക്കിള്‍ കൊടിക്ക് ക്ഷതമേല്‍ക്കാനും കുട്ടികളില്‍ ജനിതക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.