Ongoing News
കമോണ്‍ സച്ചിന്‍ കമോണ്‍...
മുംബൈ: കമോണ്‍ സച്ചിന്‍ കമോണ്‍…രണ്ട് ദശകത്തിനിടെ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം ആര്‍ത്തിരമ്പിയത് ഇങ്ങനെയായിരിക്കും. സാച്ചിന്‍…സാച്ചിന്‍ എന്ന് ഇളകി മറിഞ്ഞ ഗ്യാലറി ഹൈപ്പര്‍ ടെന്‍ഷനിലേക്ക് പ്രവേശിക്കുമ്പോള്‍ നഖം കടിച്ച്, മനസ്സിനുള്ളില്‍ ചെറുനെടുവീര്‍പ്പോടെയാണ് കമോണ്‍ സച്ചിന്‍ എന്ന് പറഞ്ഞത്. പലപ്പോഴും വിക്കറ്റുകള്‍ ഒന്നൊന്നായി കൊഴിഞ്ഞു പോകുന്ന വേളയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ സച്ചിനില്‍ അഭയം പ്രാപിക്കുന്നതിന്റെ ആദ്യ പടിയാണിത്. സച്ചിന്‍ അമ്പതോവര്‍ കളിച്ചാല്‍ എത്ര വലിയ എതിരാളിക്കെതിരെ ആയാലും ഇന്ത്യ ഏകദിനം ജയിച്ചിരിക്കും. ടെസ്റ്റിലാണെങ്കില്‍ സച്ചിന്‍ ഒന്നരദിവസം ബാറ്റ് ചെയ്താല്‍ ഫലം ഇന്ത്യക്ക് അനുകൂലം അല്ലെങ്കില്‍ മാനക്കേടൊഴിവാകും.
എതിര്‍ക്കാന്‍ വരുന്നവനോട് കയര്‍ക്കാതെ സംയമനത്തിന്റെ പാതയില്‍ മാറിപ്പോകുന്ന സച്ചിനെയും നാം കണ്ടു. ആസ്‌ത്രേലിയക്കാരുടെ സ്ലഡ്ജിംഗിനെ സച്ചിന്‍ നേരിട്ടത് തന്റെ ബാറ്റ് കൊണ്ടായിരുന്നു. ക്രിക്കറ്റ് മാന്യന്‍മാരുടെ ഗെയിം ആണെന്ന് വിശ്വസിച്ച സച്ചിന്‍ ഒരിക്കലും എതിരാളികളോട് നോട്ടം കൊണ്ടോ, നാക്കു കൊണ്ടോ അഗ്രസീവ്‌നെസ് കാണിച്ചില്ല. ഇതാ, കരിയര്‍ അസ്തമിക്കാന്‍ പോകുന്ന വേളയില്‍ സച്ചിനെ ലോകക്രിക്കറ്റിലെ ഇതിഹാസതാരങ്ങളും മുന്‍കാല കളിക്കാരും ഒരേ സ്വരത്തില്‍ പ്രശംസിക്കുന്നു-തൊഴുതു നില്‍ക്കുന്നു. നീ തന്നെ വലിയവന്‍, നീ മാത്രമാണ് ക്രിക്കറ്റ് എന്ന ശരീരഭാഷ ബ്രയാന്‍ ലാറ, ഷെയിന്‍ വോണ്‍ തുടങ്ങീ സച്ചിന്റെ സമകാലീനരായ ഇതിഹാസങ്ങള്‍ പോലും സ്വീകരിച്ചിരിക്കുന്നു.
വാംഖഡെയില്‍ സച്ചിന്‍ തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കാനിറങ്ങുകയാണ്. ഇരുനൂറാം ടെസ്റ്റ് എന്ന നാഴികക്കല്ലില്‍ ആ മഹായാത്ര അവസാനിക്കും. ടെസ്റ്റില്‍ 51ഉം ഏകദിനത്തില്‍ 49ഉം സെഞ്ച്വറികളടക്കം കരിയറില്‍ നൂറ് രാജ്യാന്തര സെഞ്ച്വറികള്‍ നേടുന്ന ആദ്യത്തെ താരമാണ് സച്ചിന്‍. ഈ റെക്കോര്‍ഡ് മറികടക്കാന്‍ മറ്റൊരു സച്ചിന്‍ ജനിക്കേണ്ടിയിരിക്കുന്നു. ഏറ്റവുമധികം ടെസ്റ്റുകളും ഏറ്റവുമധികം ഏകദിനങ്ങളും (463) കളിച്ച താരം കൂടിയാണ് സച്ചിന്‍. പക്ഷേ, ഡോണ്‍ ബ്രാഡ്മാന്റെ 99.94 ബാറ്റിംഗ് ശരാശരി മറികടക്കാന്‍ സച്ചിന് സാധിച്ചില്ല. അതു പോലെ ടെസ്റ്റില്‍ ബ്രയാന്‍ ലാറയുടെ 400 നോട്ടൗട്ടും സച്ചിന് എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും നിരവധി റെക്കോര്‍ഡുകളുള്ള സച്ചിന് ബ്രയാന്‍ ലാറയുടെ 501 നോട്ടൗട്ടും മറികടക്കാനായിട്ടില്ല. എന്നിട്ടും ലാറ പറയുന്നു സച്ചിന്‍ തന്നെക്കാള്‍ എത്രയോ ഉയരത്തിലാണെന്ന്. സച്ചിനെ വിമര്‍ശിക്കുന്നവര്‍ക്ക് ബ്രയാന്‍ ലാറയെ തള്ളിക്കളയാനാകില്ലെന്ന ധര്‍മസങ്കടം മുന്നിലുണ്ട്. അതേ, മറ്റൊരു ക്രിക്കറ്റ് താരത്തിനും സാധിച്ചിട്ടില്ലാത്ത വിധം ഹോംഗ്രൗണ്ടില്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ ഒരു വിരമിക്കല്‍ സച്ചിന് സ്വന്തം. ആ മഹാപ്രതിഭക്ക് കാലം കാത്തുവെച്ച പാരിതോഷികമാണ് ഈ വിടപറയലെന്ന് ലാറ ചൂണ്ടിക്കാട്ടുന്നു.
വാംഖഡെയില്‍ സച്ചിന്‍ സെഞ്ച്വറി നേടുമോ ? അതോ മറ്റൊരു ഡോണ്‍ ബ്രാഡ്മാനായി സച്ചിന്‍ മാറുമോ. വിടപറയല്‍ ടെസ്റ്റില്‍ ബാറ്റിംഗ് ശരാശരി നൂറിലെത്തിക്കാന്‍ ബ്രാഡ്മാന് സാധ്യമായില്ല. ഹോളിസിന്റെ ഗൂഗ്ലിയില്‍ ബ്രാഡ്മാന്‍ ഡക്ക് ആയതോടെയാണിത്. ഗ്രെഗ് ചാപ്പലിനെ പോലെ അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടിയവരില്ല. സച്ചിന്‍ മറ്റൊരു ഗ്രെഗ് ചാപ്പലാകുന്നത് കാണാനാകും വാംഖഡെയിലേക്ക് ക്രിക്കറ്റ് ആരാധകര്‍ എത്തുക.