Ongoing News
സച്ചിനൊരുങ്ങിത്തന്നെ
മുംബൈ: രാഷ്ട്രത്തിന് വേണ്ടി, ത്രിവര്‍ണ പതാകയോട് കൂടിയ ഹെല്‍മറ്റ് ധരിച്ച് ഇനിയൊരു ഇന്നിംഗ്‌സ് അവശേഷിക്കുന്നില്ല. ഈ ബോധ്യം സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കറെ സമ്മര്‍ദത്തിലാഴ്ത്തുമെന്ന് കരുതിയവര്‍ക്ക് തെറ്റി. തന്നിലേക്ക് തറച്ചു നില്‍ക്കുന്ന കോടിക്കണക്കിന് വികാരങ്ങളെയുള്‍ക്കൊണ്ടു കൊണ്ട് സച്ചിന്‍ അര്‍ജുനനെ പോലെ ലക്ഷ്യത്തിലേക്കുള്ള വില്ല് കുലച്ചിരിക്കുന്നു. ഇനി വിജയത്തിന്റെ അറ്റം കണ്ടേ മടക്കമുള്ളൂ എന്നൊരു ശരീരഭാഷ. വാംഖഡെയില്‍ വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച സച്ചിന്‍ 38 റണ്‍സോടെ ക്രീസില്‍ നില്‍ക്കുന്നു. ചേതേശ്വര്‍ പുജാര (34)യാണ് കൂട്ട്. 34 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 157 എന്ന നിലയില്‍. ഓപണിംഗ് ചെയ്ത മുരളി വിജയ് (43), ശിഖര്‍ ധവാന്‍ (33) പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെ ഒന്നാമിന്നിംഗ്‌സ് 55.2 ഓവറില്‍ 182ന് അവസാനിച്ചിരുന്നു. 11.2 ഓവറില്‍ 40ന് അഞ്ച് വിക്കറ്റെടുത്ത സ്പിന്നര്‍ പ്രഗ്യാന്‍ ഓജയാണ് വിന്‍ഡീസിനെ തകര്‍ത്തത്.
അശ്വിന് മൂന്ന് വിക്കറ്റ് ലഭിച്ചു. ഭുവനേശ്വറിനും ഷമിക്കും ഓരോ വിക്കറ്റ്. ലീഡ് നേടാന്‍ 26 റണ്‍സ് കൂടി വേണമെന്നിരിക്കെ, സച്ചിന്‍ 73 പന്തുകള്‍ നേരിട്ട് ആറ് ബൗണ്ടറികള്‍ പായിച്ച് ക്രീസില്‍ നിലയുറപ്പിക്കുന്നത് വലിയൊരു ഇന്നിംഗ്‌സ് ലക്ഷ്യമിട്ടു തന്നെയാണ്. പേസര്‍മാരെയും സ്പിന്നര്‍മാരെയും ശ്രദ്ധയോടെ നേരിടുന്ന സച്ചിന്‍ നേരിയ പിഴവ് പോലുമില്ലാതെ ഷോട്ടുകള്‍ കളിക്കുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ പതിനാലാം ഓവറിലെ അഞ്ചാം പന്താണ് സച്ചിനെ എതിരേറ്റത്. കൊല്‍ക്കത്ത ടെസ്റ്റില്‍ സച്ചിനെ പുറത്താക്കിയ ഓഫ്‌സ്പിന്നര്‍ ഷില്ലിംഗ്‌ഫോഡ് തന്നെയാണ് പന്തെറിയുന്നത്.
ഷോര്‍ട് ലെഗില്‍ ഉയര്‍ന്ന പന്ത് ക്യാച്ച് ഹിം എന്നലറി സ്പിന്നര്‍ ആവേശം കൊണ്ടപ്പോള്‍ ഗ്യാലറിയൊന്ന് നിശബ്ദമായി. അടുത്ത പന്ത് ഓഫ് സൈഡിലേക്ക് ഡിഫന്‍ഡ് ചെയ്തു. ഷില്ലിംഗ്‌ഫോര്‍ഡിന്റെ അടുത്ത ഓവറില്‍ രണ്ട് സിംഗിള്‍സെടുത്തു. ഷില്ലിംഗ്‌ഫോര്‍ഡെറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് ബൗണ്ടറി നേടി സച്ചിന്‍ മാനസികമായി കരുത്താര്‍ജിച്ചു. ഗബ്രിയേലിനെ ബൗണ്ടറി കടത്തിയ സ ച്ചിന്‍ സാമുവല്‍സിനെ രണ്ട് തവണ ബൗണ്ടറിക്ക് ശിക്ഷിച്ചു. സമിയെയും ഫോറിലേക്ക് പായിച്ച സച്ചിന്‍ അര്‍ധസെഞ്ച്വറിക്കരികിലാണ്. വിന്‍ഡീസ് നിരയില്‍ 48 റണ്‍സടിച്ച കീരന്‍ പവലാണ് ടോപ് സ്‌കോറര്‍. ക്രിസ് ഗെയില്‍ (11), ഡാരന്‍ ബ്രാവോ (29), സാമുവല്‍സ് (19), ചന്ദര്‍പോള്‍ (25), ഡിയോനരെയ്ന്‍ (21), സമി (0), ഷില്ലിംഗ്‌ഫോഡ് (0), ടിനോ ബെസ്റ്റ് (0), ഗബ്രിയേല്‍ (1). രാംദിന്‍ (12) നോട്ടൗട്ട്.
അവസാന ടെസ്റ്റ് കളിക്കാന്‍ ഗ്രൗണ്ടിലിറങ്ങുമ്പോള്‍ സച്ചിന്‍ വന്‍ വരവേല്‍പാണ് ഗ്യാലറിയില്‍ നിന്ന് ലഭിച്ചത്. സഹതാരങ്ങളും വിന്‍ഡീസ് താരങ്ങളും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. സച്ചിന്റെ തലയുള്ള കോയിനാണ് ടോസിന് ഉപയോഗിച്ചത്. ധോണി ടോസ് ജയിക്കുകയും ചെയ്തു.
മാതാവെത്തി ആദ്യമായ്
സച്ചിന്റെ മാതാവ് രജനി ടെണ്ടുല്‍ക്കര്‍ മകന്റെ ഇന്നിംഗ്‌സ് ആദ്യമായി നേരില്‍ കാണുന്നത് ഇന്നലെയാണ്. 25 വര്‍ഷം നീണ്ട കരിയറിന് സച്ചിന്‍ അന്ത്യമിടാനൊരുങ്ങുന്ന വേളയിലാണ് ആ മാതാവ് സ്റ്റേഡിയത്തിന്റെ ആരവങ്ങള്‍ക്കൊപ്പം മകനിലെ ബാറ്റിംഗ് ജീനിയസിനെ ആദ്യമായി ആസ്വദിച്ചത്. സച്ചിന്റെ ബാറ്റിംഗ് നേരില്‍ കാണുന്നത് പോയിട്ട് ടിവിയില്‍ തത്‌സമയം കാണാന്‍ പോലും രജനി ടെണ്ടുല്‍ക്കര്‍ നില്‍ക്കാറില്ല.
ക്രിക്കറ്റിനോട് താത്പര്യമില്ലാഞ്ഞിട്ടോ, മകന്റെ ബാറ്റിംഗ് ഇഷ്ടമില്ലാഞ്ഞിട്ടോയല്ല. ടെന്‍ഷന്‍ അതാണ് കാരണം. സച്ചിന്‍ ബാറ്റുമായി ക്രീസിലെത്തിയാല്‍ അടുത്ത നിമിഷം ഔട്ടാകുമോ എന്നൊരു സമ്മര്‍ദം അവരെ ഉലയ്ക്കുന്നു. അതുകൊണ്ട് നാളിതുവരെയായി മത്സരശേഷമോ, പിറ്റേന്നോ ടിവിയില്‍ പ്രസക്ത ഭാഗങ്ങള്‍ മാത്രം കാണാനിരിക്കും.
മദര്‍ തെരേസെക്കൊപ്പം സച്ചിന്‍
ഇരുനൂറാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനിറങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന്റെ ആദരം. സച്ചിന്റെ ചിത്ര സഹിതമുള്ള പോസ്റ്റല്‍ സ്റ്റാംപ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി കപില്‍ സിബല്‍ പ്രകാശനം ചെയ്തു.
ജീവിച്ചിരിക്കുന്ന ഇതിഹാസ താരങ്ങളുടെ പേരില്‍ സ്റ്റാംപ് ഇറക്കുന്നത് പോസ്റ്റല്‍ വകുപ്പിന്റെ നയമല്ല. പക്ഷേ, ചിലരുടെ കാര്യത്തില്‍ ഈ നയത്തില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ട്. 1980 ല്‍ ആഗസ്റ്റ് 27ന് മദര്‍തെരേസയുടെ സ്റ്റാംപിറക്കിയതാണ് ആദ്യ സംഭവം.
അതിന് ശേഷം, ഇത്തരമൊരു ആദരം ലഭിക്കുന്നത് സച്ചിന് മാത്രം. ഇന്ത്യയുടെ വികാരമാണ് സച്ചിന്‍. ഈ അംഗീകാരം അദ്ദേഹം അര്‍ഹിക്കുന്നു-കപില്‍ സിബല്‍ പറഞ്ഞു.
ടീമിന് സച്ചിന്‍ ജഴ്‌സി
സച്ചിന്റെ ഇരുനൂറാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ധരിച്ച ജഴ്‌സിക്കുമുണ്ട് പ്രത്യേകത. സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ 200മത് ടെസ്റ്റ് എന്ന് ബി സി സി ഐ ലോഗോക്ക് താഴെയായി ചേര്‍ത്തിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതാണിത്. ബംഗളുരുവില്‍ സുനില്‍ ഗവാസ്‌കര്‍ അവസാന ടെസ്റ്റ് കളിച്ചപ്പോള്‍ പോലും ഇത്തരമൊരു ആദരവ് ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായിരുന്നില്ല.
ബാറ്റിനും പുതുമ
ഇരുനൂറാം ടെസ്റ്റിന് സച്ചിന്‍ ഉപയോഗിക്കുന്ന ബാറ്റിനുമുണ്ട് പ്രത്യേകത. ബാറ്റ് നിര്‍മാതാക്കളായ അഡിഡാസ് സച്ചിന് ആദരം അര്‍പ്പിച്ചു കൊണ്ട് പ്രത്യേക രീതിയില്‍ രൂപകല്പന ചെയ്ത സ്റ്റിക്കറാണ് ബാറ്റില്‍ പതിച്ചിരിക്കുന്നത്. ബാറ്റിന്റെ ഗ്രിപ്പിന്‍മേലും സ്‌പോണ്‍സര്‍ ലോഗോയിലും ദേശീയ പതാകയിലെ ത്രിവര്‍ണം ചേര്‍ത്തിട്ടുണ്ട്.
ഭാഗ്യ ടീ ഷര്‍ട്ടുമായി അമീര്‍ഖാന്‍
ബോളിവുഡ് നടന്‍ അമീര്‍ഖാന്‍ സച്ചിന്‍പ്രേമിയാണ്. രാവിലെ തന്നെ ഗ്രൗണ്ടിലെത്തി. അല്പനേരം രവിശാസ്ത്രിക്കും ഹര്‍ഷഭോഗ്‌ലെക്കുമൊപ്പം കമെന്ററി ബോക്‌സില്‍. ധൂം 3യുടെ പ്രമോഷന്‍ വര്‍ക്കിന്റെ ഭാഗമായി ഇടക്ക് സ്റ്റേഡിയം വിട്ട അമീര്‍ വിന്‍ഡീസ് ആള്‍ ഔട്ടായ വാര്‍ത്തയറിഞ്ഞ് വാംഖഡെയിലേക്ക് ഓടിയെത്തി. സച്ചിന്റെ ബാറ്റിംഗ് കാണാന്‍ നീല ടീ ഷര്‍ട്ടണിഞ്ഞെത്തിയ അമീര്‍ ഇതൊരു ഭാഗ്യസൂചകമാണെന്ന് പറഞ്ഞു.