Kozhikode
വെള്ളയില്‍ പ്രദേശത്തിന്റെ സൈ്വര്യം കെടുത്തി ഈച്ചകള്‍
കോഴിക്കോട്: ഈച്ചയെ കൊണ്ട് പൊറുതിമുട്ടി ഒരു പ്രദേശം. വലിപ്പം കൊണ്ട് കാര്യം നിസ്സാരമായി തോന്നുമെങ്കിലും വെള്ളയില്‍ പ്രദേശത്തുകാര്‍ക്ക് ഊണിലും ഉറക്കിലും ഈച്ച വില്ലനാകുകയാണ്. വെള്ളയില്‍ പുതിയ കടവ് ബീച്ചിന് സമീപങ്ങളിലുള്ളവരുടെ ജീവിതം തന്നെ ദുസ്സഹമാക്കിയാണ് ഈച്ചകള്‍ പാറി നടക്കുന്നത്.
ബീച്ചില്‍ ഉണക്കാനിടുന്ന മത്സ്യത്തില്‍ ഈച്ചകള്‍ വന്ന് പുഴുവരിക്കാതിരിക്കാന്‍ മരുന്ന് തളിക്കുന്നത് പതിവാണ്. ഇതോടെ ഈ പരിസരത്തൊന്നും ഈച്ചകളെ കാണില്ല. ബീച്ചിന് എതിര്‍വശത്തുള്ള ഒരു കിലോമീറ്റര്‍ പരിധിയിലാണ് ഇപ്പോള്‍ ഈച്ചകളുടെ താവളം. ഇവിടെയുള്ള ഹോട്ടലുകളില്‍ നിന്ന് ആളുകള്‍ വെള്ളം പോലും കുടിക്കാന്‍ മടിക്കുന്ന അവസ്ഥയാണുള്ളത്.
ഇതുകാരണം കടയുടമകളും പ്രയാസത്തിലാണ്. തൊട്ടടുത്തുള്ള വീടുകളിലും ഇതേ സ്ഥിതിയാണുള്ളത്. കുട്ടികള്‍ക്ക് വിട്ടുമാറാത്ത ചൊറിച്ചിലും ശ്വാസതടസ്സവും ഇവിടങ്ങളില്‍ കണ്ടുവരുന്നുണ്ട്. സമീപപ്രദേശങ്ങളിലെ ചെടികളെയും ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതിന് പുറമെ ഉണക്ക മത്സ്യത്തിന്റെ ഗന്ധവും സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
ബേപ്പൂര്‍ തുറമുഖത്തു നിന്ന് ഒഴിവാക്കുന്ന മത്സ്യങ്ങള്‍ ലോറികളിലാക്കി ഇവിടെ കൊണ്ടുവന്ന് ഉണക്കാനിടുകയാണ് പതിവ്. കടലിലെ തവള എന്നറിയപ്പെടുന്ന വലിയ മത്സ്യത്തിന്റെ തലയും ചെറിയ മത്സ്യങ്ങളുമാണ് ഉണക്കാന്‍ കൊണ്ടിടുന്നത്. ഉണക്കിയവ കോഴിത്തീറ്റക്കും മറ്റും ഉപയോഗിക്കുകയാണ്. മുമ്പ് ബേപ്പൂര്‍, ചാലിയം, പുതിയങ്ങാടി എന്നിവിടങ്ങളിലും മത്സ്യം ഉണക്കാറുണ്ടായിരുന്നു.
നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഇവ നിര്‍ത്തുകയായിരുന്നു. ഒരു കല്യാണ വീട്ടില്‍ ഭക്ഷണത്തില്‍ നിറയെ ഈച്ചകള്‍ വന്നിരുന്ന് പ്രശ്‌നമായതിനെ തുടര്‍ന്നാണ് ചാലിയം കടപ്പുറത്ത് ഉണക്കുന്നത് നിര്‍ത്തിയത്. നാല് വര്‍ഷത്തോളമായി വെള്ളയില്‍ ഈ പ്രശ്‌നം തുടങ്ങിയിട്ട്.
ഒരു തവണ കോര്‍പ്പറേഷന്റെ ഇടപെടലിനെത്തുടര്‍ന്ന് ഉണക്കുന്നത് നിര്‍ത്തിയിരുന്നു.
എന്നാല്‍ കുറച്ച് കാലമായി വീണ്ടും തുടങ്ങിയിരിക്കുകയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി നിരവധി തവണ കോര്‍പ്പറേഷനും വാര്‍ഡ് കൗണ്‍സിലര്‍ക്കും പരാതി നല്‍കിയെങ്കിലും തിരിഞ്ഞ് നോക്കാത്ത സ്ഥിതിയാണുള്ളത്.
കൗണ്‍സിലര്‍ മത്സ്യം ഉണക്കുന്നവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. സ്ഥലത്തെ ആരോഗ്യ കേന്ദ്രത്തില്‍ പരാതി നല്‍കിയെങ്കിലും ഇന്‍സ്‌പെക്ടര്‍ ഇതുവരെ സ്ഥലം സന്ദര്‍ശിച്ചിട്ടുപോലുമില്ല.
മഴക്കാലത്തും വേനല്‍ക്കാലത്തും ഈച്ചശല്യം ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. അതേ സമയം ഈ മാസം തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ പരിപാടി അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദലി പറഞ്ഞു.