Connect with us

Ongoing News

ടൈംസ് പേഴ്‌സണ്‍ ഓഫ് ദ മൊമെന്റ്

Published

|

Last Updated

ന്യൂയോര്‍ക്ക്: ടൈം മാഗസിന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പേഴ്‌സണ്‍ ഓഫ് ദ മൊമെന്റായി തിരഞ്ഞെടുത്തു. ലോക ക്രിക്കറ്റിലെ മഹാനായ താരം അവസാന മത്സരം കളിക്കുന്നു. അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകര്‍ നിരാശയിലാണ്ടിരിക്കുകയാണ്-മാഗസിന്‍ പറയുന്നു.
ഇന്ത്യയുടെ വിശ്വോത്തര ക്രിക്കറ്റ് താരമായ സച്ചിന്‍ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനായും വിലയിരുത്തപ്പെടുന്നു.
നൂറ് രാജ്യാന്തര സെഞ്ച്വറികള്‍ നേടുന്ന ഏക താരമായ സച്ചിന്‍ തന്റെ തലമുറയിലെയും പുതുതലമുറയിലെയും താരങ്ങള്‍ക്ക് മറികടക്കാന്‍ സാധ്യമാകാത്ത റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചാണ് കളമൊഴിയുന്നതെന്നും ടൈം നിരീക്ഷിക്കുന്നു.അമേരിക്കയിലെ മാധ്യമങ്ങള്‍ സച്ചിന്റെ വിരമിക്കല്‍ വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസ് സച്ചിന്റെ വിരമിക്കലിനെ മഹാത്മാഗാന്ധി കൊല്ലപ്പെട്ടതിനോടാണ് ഉപമിച്ചിരിക്കുന്നത്.
രാഷ്ട്രം അത്തരത്തിലൊരു വലിയ നിരാശ അനുഭവിക്കുന്ന സന്ദര്‍ഭമാണ് സച്ചിന്റെ വിരമിക്കലെന്ന് പത്രം എഴുതുന്നു.
ടൈം മാഗസിന്റെ പ്രത്യേക ഓണ്‍ലൈന്‍ പതിപ്പില്‍ സച്ചിന്റെ മികച്ച ക്രിക്കറ്റ് നിമിഷങ്ങള്‍ ചേര്‍ത്തിരിക്കുന്നു.
സ്‌കൂള്‍ ക്രിക്കറ്റില്‍ വിനോദ് കാംബ്ലിക്കൊപ്പം കുറിച്ച 664 റണ്‍സിന്റെ ലോക റെക്കോര്‍ഡ്, 1996 ല്‍ 23 വയസുള്ളപ്പോള്‍ ക്യാപ്റ്റനായി റെക്കോര്‍ഡിട്ടത്, 2008 ല്‍ ബ്രയാന്‍ ലാറയുടെ ഏറ്റവുമധികം ടെസ്റ്റ് റണ്‍സിന്റെ റെക്കോര്‍ഡ് മറികടന്നത്, ലോകകപ്പ് കിരീട ജയം എന്നിവയെല്ലാം ചിത്ര സഹിതം ചേര്‍ത്തിരിക്കുന്നു.
ഐക്യരാഷ്ട്ര സഭയിലും സച്ചിന്‍ ചര്‍ച്ചാ വിഷയം
ഐക്യരാഷ്ട്ര സഭയിലും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കല്‍ ചര്‍ച്ചാവിഷയം. സച്ചിന്‍ ഇല്ലാത്ത ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ലെന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടതെന്ന് ഉപ വക്താവായ ഫര്‍ഹാന്‍ ഹഖ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കായിക രംഗത്തെ വലിയൊരു മാതൃകാ ബിംബമാണ് സച്ചിന്‍ എന്ന് ഹഖ് പറഞ്ഞു. യു എന്നിലെ എത്ര അംഗങ്ങള്‍ സച്ചിന്റെ ബാറ്റിംഗ് ആസ്വദിക്കുന്നുവെന്ന് തനിക്കറിയില്ല. പക്ഷേ, ഒന്നറിയാം സച്ചിനാണ് തന്റെ ഇഷ്ടതാരം – ഹഖ് പറഞ്ഞു.
രാഷ്ട്രപതിയുടെ ആശംസ
ന്യൂഡല്‍ഹി: വിടവാങ്ങള്‍ ടെസ്റ്റ് മത്സരം കളിക്കുന്ന ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് രാഷ്ട്രപതിയുടെ ആശംസ. സച്ചിന്റെ സേവനം തുടര്‍ന്നും ക്രിക്കറ്റിനും രാജ്യത്തിനും ലഭിക്കുമെന്ന് രാഷ്ട്രപതി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുടെയും ക്രിക്കറ്റിന്റെയും ഗ്രേറ്റ് അംബാസഡറാണ് സച്ചിനെന്ന് അദ്ദേഹം പ്രകീര്‍ത്തിച്ചു.
ക്യാമറാകണ്ണുകളില്‍ സച്ചിന്‍ മാത്രം
ക്യാമറാക്കണ്ണുകള്‍ ഏറ്റവുമധികം തവണ ഒപ്പിയെടുത്ത ഇന്ത്യന്‍ കായിക താരമേതായിരിക്കും ? സംശയിക്കേണ്ടതില്ല, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ . ഇരുപത്തിനാല് വര്‍ഷം നീണ്ട കരിയറിനിടെ സച്ചിന്റെ ഓരോ ഷോട്ടും പകര്‍ത്തപ്പെട്ടു. കളിയില്ലാത്ത നേരത്ത് കുടുംബത്തോടൊപ്പവും സച്ചിനെ ക്യാമറകള്‍ ഒപ്പി. ഇന്ത്യയുടെ ദേശീയ ഹീറോ ആയ സച്ചിന്‍ സെഞ്ച്വറി നേടിയാലും വിക്കറ്റെടുത്താലും പുറത്തായാലുമെല്ലാം വാര്‍ത്തയാണ്. അതു പോലെ തന്നെ, സച്ചിന്റെ വിരമിക്കലും ക്രിക്കറ്റ് ലോകത്തെ അവിസ്മരണീയ അനുഭവമായി. മറ്റൊരു ക്രിക്കറ്റ് താരത്തിനും ലഭിക്കാത്ത യാത്രയയപ്പാണ് സച്ചിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ക്രിക്കറ്റ് ലോകവും നല്‍കിക്കൊണ്ടിരിക്കുന്നത്. ഇവിടെയും ക്യാമറകള്‍ക്ക് വിശ്രമമില്ല. സച്ചിന്റെ പരിശീലനം തൊട്ട് പവലിയന്‍ കയറുന്നതു വരെയുള്ള വിവിധ ഭാവങ്ങള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രഫര്‍മാര്‍ മത്സരിക്കുകയാണ്. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ ബാറ്റിംഗില്‍ വിസ്മയം തീര്‍ക്കുന്ന, ഗ്രൗണ്ടില്‍ ആവേശം വിതറുന്ന സച്ചിനെ ഫോട്ടോഗ്രഫര്‍മാര്‍ക്ക് മിസ് ചെയ്യും.