Connect with us

Kasargod

കാക്കടവില്‍ വിഘടിത അക്രമം; മൂന്ന് എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

നീലേശ്വരം: ചീമേനി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാക്കടവില്‍ എസ് കെ എസ് എസ് എഫ് ഗുണ്ടാസംഘം പ്രകോപനമില്ലാതെ അക്രമം അഴിച്ചുവിട്ടു. മൂന്ന് എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ സാരമായി പരുക്കേറ്റു. ചീമേനി ചാനടുക്കത്തെ ശഫീഖ് (20), അത്തൂട്ടിയിലെ ജാബിര്‍ (19), അരയിങ്കല്ലിലെ നിയാസ് (21) എന്നിവരെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കാക്കടവില്‍ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന മതപ്രഭാഷണത്തില്‍ സംബന്ധിക്കുന്നതിനുവേണ്ടി വരികയായിരുന്ന അത്തൂട്ടിയിലെ ജാബിറിന്റെ നേതോത്വത്തില്‍ വരികയായിരുന്ന എസ് എസ് എഫ് പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി വഴിമധ്യേ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു.
കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്റെ ഫണ്ടുപയോഗിച്ച് കാക്കടവില്‍ എസ് എസ് എഫ് ആരംഭിച്ച വായന ശാലയുടെയും ഓഫീസിന്റെയും ഉദ്ഘാടനച്ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടായത്. എസ് എസ് എഫ് കാക്കടവിനു സമീപം നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം തീവെച്ചു നശിപ്പിച്ചു.
ജില്ലയുടെ പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ അക്രമമഴിച്ചുവിടുന്ന ചേളാരി വിഭാഗത്തിന്റെ നീചപ്രവൃത്തിയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ജനറല്‍ സെക്രട്ടറി സി എന്‍ ജഅ്ഫര്‍ സ്വാദിഖ് എന്നിവര്‍ പ്രതിഷേധിച്ചു.
ആശുപ്ത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എം.എ ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, ബഹശീര്‍ മങ്കയം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.