Connect with us

National

സച്ചിന് ജയത്തോടെ മടക്കം: മുംബൈയിലും ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം

Published

|

Last Updated

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിതന്റെ വാക്ക് വാക്ക് പാലിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് വിജയത്തോടെ വിടവാങ്ങല്‍ സമ്മാനം നല്‍കുമെന്ന വാക്കാണ് ധോണി പാലിച്ചത്. വിന്‍ഡീസിനെ വൈറ്റ്് വാഷ് ചെയ്താണ് വിടവാങ്ങല്‍ പരമ്പര ഇന്ത്യ അവിസ്മരണീയമാക്കിയത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്‌സിനും 126 റണ്‍സിമുമാണ് ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത്. ഇതോടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്‌സില്‍ വിന്‍ഡീസിനെ തകര്‍ത്ത ഓജ-അശ്വിന്‍ സഖ്യം തന്നെയാണ് രണ്ടാം ഇന്നിംഗ്‌സിലും സന്ദര്‍ശകരുടെ അന്തകരായത്. ഓജ അഞ്ചും അശ്വിന്‍ നാലും വിക്കറ്റുകള്‍ നേടി. മത്സരത്തില്‍ ഓജ 10 വിക്കറ്റുകള്‍ നേടി. മൂന്നാം ദിനം രണ്ടു ഓവര്‍ എറിഞ്ഞ സച്ചിന് വിക്കറ്റൊന്നും ലഭിച്ചില്ല. വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 187 റണ്‍സില്‍ അവസാനിച്ചു. 53 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് രാംദിന്‍ പുറത്താകാതെ നിന്നു. ശിവനാരായണ്‍ ചന്ദര്‍പോള്‍ (41), ക്രിസ് ഗെയ്ല്‍ (35) എന്നിവരും പൊരുതിയെങ്കിലും ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ വിന്‍ഡീസ് തോല്‍വി ഏറ്റുവാങ്ങി.

43/3 എന്ന നിലയിലാണ് വിന്‍ഡീസ് മൂന്നാം ദിനം തുടങ്ങിയത്. സ്‌കോര്‍ 74-ല്‍ എത്തിയപ്പോള്‍ സാമുവല്‍സിന്റെ വിക്കറ്റ് വിന്‍ഡീസിന് നഷ്ടമായി. 100ന് മുന്‍പ് ഗെയ്‌ലിനെയും ഡീനോറയ്‌നെയും നഷ്ടപ്പെട്ട വിന്‍ഡീസ് ഉച്ചഭക്ഷണത്തിന് മുന്‍പ് തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു. ചന്ദര്‍പോള്‍-രാംദിന്‍ സഖ്യം ചെറുനില്‍പ്പിന് ശ്രമിച്ചെങ്കിലും ആയുസുണ്ടായില്ല. വിന്‍ഡീസ് സ്‌കോര്‍ 157-ല്‍ ചന്ദര്‍പോള്‍ വിണതോടെ ബാക്കിയെല്ലാം ചടങ്ങായി. ഷാനോണ്‍ ഗബ്രിയേലിന്റെ വിക്കറ്റ് മുഹമ്മദ് ഷമി തെറിപ്പിച്ചതോടെ വാങ്കഡെ ആരവത്തില്‍ മുങ്ങി.

10 വിക്കറ്റ് നേടിയ ഓജയാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയില്‍ രണ്ടു സെഞ്ചുറി നേടിയ അരങ്ങേറ്റക്കാരന്‍ രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ സീരീസ്.

 

 

Latest