Connect with us

Sports

പിച്ച് തൊട്ട് വന്ദിച്ച് മടക്കം

Published

|

Last Updated

അതി വൈകാരികമായ പ്രഭാഷണത്തിന് ശേഷം സച്ചിന്‍ ഭാര്യയെയും കുട്ടികളെയും ചേര്‍ത്തു പിടിച്ചു. വിടപറയല്‍ ചടങ്ങുകള്‍ അവസാനിച്ചെന്ന മട്ടില്‍ സച്ചിന്‍ പോകാനൊരുങ്ങിയപ്പോള്‍ നിര്‍ദേശം ലഭിച്ചു. ഗ്രൗണ്ട് വലം വെക്കണം. പോലീസ് സുരക്ഷാ വലയം തീര്‍ക്കേണ്ടതുള്ളതിനാല്‍ കുറച്ച് നേരം സച്ചിനും കുടുംബവും ഗ്രൗണ്ടില്‍ തന്നെ നിലയുറപ്പിച്ചു. അപ്പോഴേക്കും ദേഹം മുഴുവന്‍ ത്രിവര്‍ണം പൂശി സച്ചിനെ മാത്രം സ്‌നേഹിച്ച് കഴിയുന്ന സുധീര്‍ നീണ്ട് നിവര്‍ന്ന ത്രിവര്‍ണ പതാകയും ശംഖും കൈയിലേന്തി ഗ്രൗണ്ടിലിറങ്ങി. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്‌ലിയും സച്ചിനെ തോളിലേറ്റിയതോടെ ഗ്യാലറി ഇരമ്പി. സുധീര്‍ പതാക വീശുമ്പോള്‍ അതിന്റെ പശ്ചാത്തലത്തില്‍ സച്ചിന്റെ കൈ വീശിയുള്ള അഭിവാദ്യം. ക്രിക്കറ്റ് ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു യാത്രയയപ്പിനാണ് വാംഖഡെ നട്ടുച്ചക്ക് സാക്ഷ്യം വഹിച്ചത്. ശിഖര്‍ ധവാനും മുരളി വിജയും പിന്നീട്‌സച്ചിനെ തോളിലേറ്റി. ധവാന് കൈ കുഴഞ്ഞപ്പോള്‍ കോഹ്‌ലി വീണ്ടും ഓടിയെത്തി ഇതിഹാസത്തെ തോളിലേറ്റാന്‍. ഇവരെ അനുഗമിച്ചു കൊണ്ട് അഞ്ജലിയും മക്കളും. ഇവര്‍ക്കും ഈ നിമിഷങ്ങള്‍ വൈകാരികമായിരുന്നു.
തോളില്‍ നിന്നിറങ്ങിയ സച്ചിന്‍ ഒരിക്കല്‍ കൂടി വാംഖഡെയിലെ പിച്ചിനടുത്തേക്ക് നടന്നു. ഇത്തവണ കൂട്ടിന് ആരുമില്ലായിരുന്നു. പിച്ച് തൊട്ട് വന്ദിച്ചതിന് ശേഷം സച്ചിന്‍ ആരെയും നോക്കാതെ തിരിച്ചു നടന്നു. പതിനൊന്നാം വയസില്‍ തുടങ്ങിയ ഒരു പ്രണയം അവസാനിക്കുന്ന വേദനയില്‍ സച്ചിന്‍ വിതുമ്പി. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെല്ലാം ആ നിമിഷം ഒന്ന് വിതുമ്പിയിട്ടുണ്ടാകും. സച്ചിന്‍ സച്ചിന്‍ ആരവമുയര്‍ന്ന ഗ്യാലറിയും നിശബ്ദമായി. എങ്ങും വിതുമ്പലടക്കാന്‍ പ്രയാസപ്പെടുന്ന കാഴ്ച.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ദേവിനും സുനില്‍ ഗാവസ്‌കറിനും ഇതുപോലൊരു വിടപറയല്‍ ലഭിച്ചിട്ടില്ല. സൗരവ് ഗാംഗുലിയും കുംബ്ലെയും രാഹുല്‍ദ്രാവിഡുമൊക്കെ വിരമിച്ചെങ്കിലും ഇത്രത്തോളം വൈകാരികത തളം കെട്ടിയില്ല. സച്ചിനെ യാത്രയാക്കാന്‍ ഇവരെല്ലാം എത്തിയിരുന്നു. ഇതിഹാസം എന്ന വാക്കിനെ അന്വര്‍ഥമാക്കും വിധമുള്ള ഒരു മനുഷ്യന്റെ യാത്ര ചോദിക്കല്‍ ചരിത്രമായി. അതേ, ഇക്കാലമത്രയും ഇന്ത്യാമഹാരാജ്യത്തിന്റെ ഒരേയൊരു വികാരമായി നിലകൊണ്ടതിന്, ക്രിക്കറ്റിലൂടെ രാഷ്ട്രത്തിന്റെ അഭിമാനമുയര്‍ത്തിയതിന്, ജെന്റില്‍മാന്‍ ഗെയിമിലെ സൂപ്പര്‍ ജെന്റില്‍മാനായി മാറിയതിന്…ഒരായിരം നന്ദി…

Latest