Connect with us

Sports

സച്ചിന്റെ വിടപറയല്‍ പ്രഭാഷണം

Published

|

Last Updated

എന്റെ സുഹൃത്തുക്കളെ, ആരവം കുറയ്ക്കൂ ഞാന്‍ സംസാരിക്കട്ടെ, ഞാന്‍ വീണ്ടും വീണ്ടും വൈകാരികമാകുന്നു. 22 യാര്‍ഡിനിടയിലെ 24 വര്‍ഷത്തെ എന്റെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്നത് വിശ്വസിക്കാനാകുന്നില്ല. ജീവിതത്തിലുടനീളം എനിക്ക് പിന്തുണയര്‍പ്പിവരോടെല്ലാമുള്ള നന്ദി അറിയിക്കുന്നു. എന്റെ കൈയ്യിലൊരു പട്ടികയുണ്ട്, ഏതെങ്കിലും പേരുകള്‍ ഞാന്‍ വിട്ടുപോയാല്‍ ദയവ് ചെയ്ത് ക്ഷണിക്കണം.
1999 ല്‍ അന്തരിച്ച അച്ഛനെക്കുറിച്ചാണ് ആദ്യം പറയാനുള്ളത്. എന്റെ കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തി. കുറുക്കുവഴികള്‍ക്ക് ശ്രമിക്കാതെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ സര്‍വസ്വാതന്ത്ര്യം നല്‍കി. ഒരു നല്ല മനുഷ്യനായിരിക്കാന്‍ ഉപദേശിച്ചു.
എന്റെ അമ്മ, എനിക്കറിയില്ല എന്നെപ്പോലെ വികൃതിയായ മകനെ എങ്ങനെയാണ് സഹിച്ചതെന്ന്. എന്നെ ആരോഗ്യവാനാക്കി വളര്‍ത്താന്‍ എപ്പോഴും ശ്രമിച്ചു. ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിനും മുമ്പെ അമ്മ എനിക്ക് വേണ്ടിയുള്ള പ്രാര്‍ഥന ആരംഭിച്ചിരുന്നു. ക്രിക്കറ്റ് ജീവിതത്തില്‍ ഏറ്റവും കരുത്തേകിയത് ആ പ്രാര്‍ഥനയാണ്.
എന്റെ സ്‌കൂള്‍ കാലം, അങ്കിളിനും ആന്റിക്കുമൊപ്പമായിരുന്നു. വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് വളരെ ദൂരമുള്ളതു കൊണ്ടായിരുന്നു ഇത്. അവരെന്നെ സ്വന്തം മകനെ പോലെ സ്‌നേഹിച്ചു. നന്നായി കളിക്കാന്‍ എനിക്ക് വേണ്ടത്ര ഭക്ഷണം നല്‍കി.

നീ നേര്‍വഴിക്കാണെന്നും നിന്നില്‍ എനിക്കേറെ ആത്മവിശ്വാസമുണ്ടെന്നും മാത്രം പറയുന്ന സഹോദരന്‍ നിതിന്‍.
എനിക്കാദ്യമായി ബാറ്റ് സമ്മാനിച്ചത് സഹോദരിയാണ്. ഒരു കാശ്മീര്‍ വില്ലോ ബാറ്റ്. ഞാന്‍ ബാറ്റിംഗ് ആരംഭിച്ചാല്‍ അവര്‍ നിരാഹാരമിരിക്കും.
അജിത്, എന്താണദ്ദേഹത്തെ കുറിച്ച് പറയേണ്ടതെന്നറിയില്ല. പതിനൊന്നാം വയസില്‍ കോച്ച് രമാകാന്ത് അച്‌രേക്കര്‍ സാറിന്റെ അടുത്തെത്തിച്ചത് മുതല്‍ക്കാണ് എല്ലാം തുടങ്ങുന്നത്. എന്റെ ജീവിതം മാറിമറിഞ്ഞു. കഴിഞ്ഞ രാത്രിയിലും എന്നെ ഫോണില്‍ വിളിച്ചു. എന്റെ പുറത്താകലിനെ കുറിച്ച് ചര്‍ച്ച ചെയ്തു. സാങ്കേതിക വശങ്ങളെ കുറിച്ച് ധാരാളം കാര്യങ്ങള്‍ ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ ക്രിക്കറ്റില്‍ എനിക്കുള്ള പരിജ്ഞാനം കുറഞ്ഞേക്കാം.
എന്റെ ജീവിതത്തിലെ സുപ്രധാന സംഭവം 1991 ലായിരുന്നു, ഭാര്യ അഞ്ജലിയെ കണ്ടുമുട്ടി. എനിക്കറിയാമായിരുന്നു അവര്‍ ഡോക്ടറാണെന്ന്. ഞങ്ങള്‍ കുടുംബജീവിതത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കൊടുക്കാന്‍ അഞ്ജലി ഉപദേശിച്ചു. കുടുംബത്തിന്റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തു. അഞ്ജലി ഇല്ലായിരുന്നെങ്കില്‍ എനിക്ക് ഇത്ര ദീര്‍ഘകാലം ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമായിരുന്നില്ല. നീ തന്നെ എല്ലാ പിന്തുണക്കും നന്ദി. ജീവിതത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് അഞ്ജലിക്കൊപ്പമുള്ളതാണ്.

വിലമതിക്കാനാവാത്ത രണ്ട് രത്‌നങ്ങളുണ്ടെനിക്ക് – സാറയും അര്‍ജുനും. മകള്‍ക്ക് പതിനാറ് വയസും മകന് പതിനാലും. അവരുടെ പിറന്നാള്‍ ദിനത്തിലും സ്‌കൂള്‍ കായിക ദിനത്തിലും വാര്‍ഷിക ദിനത്തിലുമൊന്നും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, എന്റെ തിരക്ക് മനസ്സിലാക്കി പൊരുത്തപ്പെട്ട മക്കളോട് ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. കൂടുതല്‍ സമയം നിങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചിട്ടില്ല, എന്നാലൊരുറപ്പ് നല്‍കുന്നു ഇനിയുള്ള കാലം നിങ്ങളോടൊപ്പമായിരിക്കും.
അഞ്ജലിയുടെ മാതാപിതാക്കള്‍ നല്‍കിയ പിന്തുണ വലുതാണ്. പലകാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. മകളെ വിവാഹം ചെയ്ത് തന്നതില്‍ ആ കുടുംബത്തോട് കടപ്പെട്ടിരിക്കുന്നു.

മികച്ച പിന്തുണ നല്‍കിയ ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒന്ന് വിളിച്ചാല്‍ ജോലി പോലും ഉപേക്ഷിച്ച് പന്തെറിയാനോടി വരുന്നവര്‍. പരുക്കേറ്റ് കരിയര്‍ അവസാനിച്ചുവെന്ന് തോന്നിയ ഘട്ടങ്ങളില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് വിളിച്ചിട്ടും ആത്മവിശ്വാസമേകിയവര്‍.
എന്റെ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത് ഇവിടെ (വാംഖഡെ) വെച്ചാണ്. ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതായിരുന്നു ഏക സ്വപ്‌നം. പതിനാറ് വയസുള്ളപ്പോള്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച ബി സി സി ഐയെ നല്ല ഓര്‍മയാണ്. അവര്‍ നല്‍കിയ സ്വാതന്ത്ര്യവും പരിഗണനയും ഇല്ലെങ്കില്‍ മികച്ചൊരു കരിയര്‍ സാധ്യമാകില്ലായിരുന്നു.
നിരവധി സീനിയര്‍ താരങ്ങള്‍ക്കൊപ്പം കളിച്ചു, എന്നെ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നു. രാഹുല്‍, ലക്ഷ്മണ്‍, സൗരവ്, അനില്‍ ഇവരൊന്നും സഹതാരങ്ങളായിരുന്നില്ല കുടുംബാംഗങ്ങളായിരുന്നു എനിക്ക്. ഡ്രസിംഗ് റൂമിലെ പ്രത്യേക നിമിഷങ്ങള്‍ ഇനിയില്ലെന്ന യാഥാര്‍ഥ്യം നിരാശ പടര്‍ത്തുന്നു.
ഇരുനൂറാമത്തെ ടെസ്റ്റ് ക്യാപ് ധോണി എനിക്ക് സമ്മാനിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് ഇന്ത്യക്കായി കളിക്കാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളാനാണ്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് യഥാര്‍ഥ സ്പിരിറ്റോടെ രാജ്യത്തെ മുന്നോട്ട് നയിക്കുക. നിങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്, മികച്ച ഭാവി നേരുന്നു.

ടീം ഡോക്ടര്‍മാരോടും ഫിസിയോസിനോടും നന്ദി പറയുന്നു. അവരുടെ സേവനമില്ലെങ്കില്‍ എനിക്ക് കായിക ക്ഷമത കൈവരിക്കാനാകില്ല. എവിടെ ആയിരുന്നാലും സേവനം ആവശ്യപ്പെട്ടാല്‍ അടുത്ത ഫ്‌ളൈറ്റില്‍ മുംബൈയിലെത്തുമായിരുന്നു അവര്‍. എന്റെ ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തിയവരോട് നന്ദി പറയുന്നു.
എന്റെ അടുത്ത സുഹൃത്തും ആദ്യ മാനേജറുമായ മാര്‍ക് മസ്‌കരെന്‍ഹാസ് ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹമില്ലായിരുന്നെങ്കില്‍ എനിക്ക് ഉയങ്ങളിലെത്താന്‍ സാധിക്കില്ലായിരുന്നു. സ്‌പോണ്‍സര്‍ഷിപ് കരാറുകളെല്ലാം നല്‍കി പിന്തുണയര്‍പ്പിച്ച മസ്‌കരാനെസ് എനിക്ക് തീരാനഷ്ടമാണ്.
എന്റെ മാനേജര്‍ വിനോദ് നായുഡു കുടുംബാംഗത്തെ പോലെയാണ്. സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ സമയം എനിക്ക് വേണ്ടി മാറ്റിവെച്ച വ്യക്തി.

സ്‌കൂള്‍ തലം മുതല്‍ക്ക് തന്നെ മാധ്യമങ്ങള്‍ വലിയ പ്രോത്സാഹനം നല്‍കി. നിങ്ങളിപ്പോഴും അത് തുടരുന്നു. ഫോട്ടോഗ്രഫര്‍മാരോടുള്ള നന്ദിയും അറിയിക്കുന്നു. അവര്‍ എന്റെ കരിയറിലെ മികച്ച നിമിഷങ്ങള്‍ മനോഹരമായി ഒപ്പിയെടുത്തു.
എന്നെ പിന്തുണച്ച ഓരോ വ്യക്തിയോടുമുള്ള കടപ്പാട് അറിയിക്കുന്നു. മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ വേണ്ടി പ്രാര്‍ഥിച്ചവരുണ്ട്. എല്ലാവരോടുമുള്ള സ്‌നേഹം അറിയിക്കുകയാണ്. സച്ചിന്‍..സച്ചിന്‍ ആരവം എനിക്കേറെ പ്രിയപ്പെട്ടതാണ്. അതെന്റെ കാതുകളില്‍ എപ്പോഴും മുഴങ്ങും. ഒരിക്കല്‍ കൂടി നന്ദി. ക്ഷമിക്കുക ആരുടെയെങ്കിലും പേര് വിട്ടുപോയെങ്കില്‍..ഗുഡ് ബൈ..

 

Latest