Connect with us

Kerala

സുന്നി പ്രവര്‍ത്തകരുടെ കൊല; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയില്‍ രണ്ട് സുന്നി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റുള്‍പ്പെടെ 21 പേര്‍ക്കെതിരെ കേസെടുത്തു. വിഘടിത പ്രവര്‍ത്തകരായ പാലക്കപ്പറമ്പ് ജലീല്‍ (30), മങ്ങാട്ട് തൊടി അമീര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചോലോട്ടില്‍ സിദ്ദീഖ്, പാണ്ടി നൗഷാദ്, പൂളമണ്ണ് നിജാസ്, ചീരത്ത് ഹംസ, ചോലോട്ട് ശമീര്‍, സലാഹുദ്ദീന്‍, മുനീര്‍, അമീര്‍, റശീദ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
സംഭവത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് താലൂക്കില്‍ നടന്ന സി പി എം ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. ബസുകളും സ്വകാര്യ വാഹനങ്ങളും സര്‍വീസ് നിര്‍ത്തിവെച്ചു. സുന്നി പ്രവര്‍ത്തകരെ വിഘടിത വിഭാഗം കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സുന്നിസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് മൂന്നിന് മണ്ണാര്‍ക്കാട് പ്രതിഷേധയോഗവും പ്രകടനവും നടക്കും.
കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞി ഹംസ (48), സഹോദരന്‍ നൂറുദ്ദീന്‍ (42) എന്നിവരാണ് വിഘടിത ആക്രമത്തില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. ജ്യേഷ്ഠ സഹോദരന്‍ കുഞ്ഞാന് ഗുരുതരമായി പരുക്കേറ്റിരുന്നു. കല്ലാംകുഴി സുന്നി ജുമുഅ മസ്ജിദില്‍ വിഘടിതരുടെ നേതൃത്വത്തിലുള്ള തണല്‍ എന്ന സംഘടനയുടെ പിരിവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലക്ക് പിന്നിലെന്ന് കരുതുന്നു. പള്ളിയില്‍ പിരിവ് നടത്തുന്നതിനെതിരെ വഖ്ഫ് ബോര്‍ഡില്‍ നിന്ന് ഹംസ വിധി സമ്പാദിച്ചിരുന്നു. ഇന്നലെ രാവിലെ മണ്ണാര്‍ക്കാട് സി ഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുകൊടുത്തു. മണ്ണാര്‍ക്കാട് സി ഐക്കാണ് അന്വേഷണ ചുമതല. വിജയദാസ് എം എല്‍ എ, സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍, നിയമസഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് കെ ബേബി, എന്‍ സി പി സംസ്ഥാന സെക്രട്ടറി അബ്ദുര്‍റസാഖ് മൗലവി, സി പി എം സെക്രട്ടേറിയറ്റ് അംഗം പി കെ ശശി തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സുന്നി പ്രാസ്ഥാനിക നേതാക്കളും ആശുപത്രിയിലും വീട്ടിലുമെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകീട്ട് ആറരയോടെ മയ്യിത്ത് വീട്ടിലെത്തിച്ചു. സയ്യിദ് അലി ബാഖഫി തങ്ങള്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി പ്രാര്‍ഥന നിര്‍വഹിച്ചു.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, തിരുര്‍ക്കാട് കുഞ്ഞുട്ടി തങ്ങള്‍, കൂരിക്കുഴി തങ്ങള്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എ കെ കട്ടിപ്പാറ, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, കെ നൂര്‍മുഹമ്മദ് ഹാജി, യു എ മുബാറക് സഖാഫി, ഉമര്‍ മദനി വിളയൂര്‍, പി സി അശ്‌റഫ് സഖാഫി, സൈതലവി പൂതക്കാട്, എം വി സിദ്ദീഖ് സഖാഫി, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, പി കെ ബാവ ദാരിമി, പി കെ ജാഫര്‍, എം എം ഇബ്‌റാഹിം തുടങ്ങിയവര്‍ പരേതരുടെ വസതി സന്ദര്‍ശിച്ചു.