Connect with us

Kozhikode

മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകം: മുസ്ലിംലീഗ് നിലപാട് വ്യക്തമാക്കണം: എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: മണ്ണാര്‍ക്കാട് രണ്ട് സുന്നി പ്രവര്‍ത്തകരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരമായ ഇരട്ടക്കൊലപാതകത്തിനും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുന്നികള്‍ക്കെതിരെയുള്ള അക്രമ സംഭവങ്ങളിലും പ്രതികളായ ചേളാരി വിഭാഗം സമസ്തയെയും എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകരെയും സംരക്ഷിക്കുന്നതും നിയമസഹായം നല്‍കുന്നതും മുസ്ലിം ലീഗ് നേതൃത്വമാണ്. രാജ്യത്ത് സമാധാനം തകര്‍ക്കുന്ന ക്രിമിനലുകളെ സംരക്ഷിക്കുന്നതില്‍നിന്ന് രാഷ്ട്രീയസംഘടനകള്‍ വിട്ടുനില്‍ക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

കേരളത്തിലെ മുസ്ലിംകളും സമസ്ത കേരള ജംഇയത്തുല്‍ ഉലമയും ഉയര്‍ത്തിപ്പിടിക്കുന്ന സമാധാന പൂര്‍ണ്ണമായ പ്രവര്‍ത്തന പാരമ്പര്യത്തെ അപമാനിക്കുന്ന നീക്കങ്ങളില്‍ നിന്നും ചേളാരി സമസ്ത പിന്തിരിയണം. സര്‍ഗാത്മകമാവേണ്ട ആദര്‍ശരംഗത്തെ ചോരയില്‍മുക്കി നിര്‍ജീവമാക്കനുള്ള ശ്രമം വ്യാമോഹം മാത്രമാണെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. ഏളങ്കൂര്‍, പാറാട്, ഓണപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ ഏകപക്ഷീയ ആക്രമണത്തില്‍ നീതി പൂര്‍വ്വമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാത്തപക്ഷം എസ് എസ് എഫ് ശക്തമായ സമരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സെക്രട്ടറിയേറ്റ് മുന്നറിയിപ്പുനല്‍കി.
സംസ്ഥാന പ്രസിഡന്റ് വി. അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. വി.പി.എം ഇസ്ഹാഖ്, എന്‍.വി അബ്ദുറസാഖ് സഖാഫി മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി, എം. അബ്ദുല്‍ മജീദ്, അബ്ദുല്‍ റശീദ് നരിക്കോട്, കെ.ഐ ബഷീര്‍, എ.എ റഹീം, കബീര്‍ എളേറ്റില്‍, ഹാഷിര്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു. കെ.അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

Latest