Kozhikode
നേരിട്ട് പങ്കാളികളായ നൂറോളം പേരെ തിരിച്ചറിഞ്ഞു
താമരശ്ശേരി: മലയോര ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറി ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടിയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളും വാഹനങ്ങളും കത്തിക്കുകയും കോടികളുടെ നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തിലെ പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങില്‍ നേരിട്ട് പങ്കാളികളായ നൂറോളം പേരെ പോലീസ് തിരിച്ചറിഞ്ഞു. ഫോറസ്റ്റ് ഓഫീസ് അക്രമത്തില്‍ നേരിട്ട് പങ്കാളികളായ അറുപത് പേരെയും മറ്റു അക്രമങ്ങളുമായി ബന്ധപ്പെട്ട നാല്‍പ്പതോളം പേരെയുമാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരുടെ വിവരങ്ങളും വീടുകളും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ ഏതാനും പേര്‍ പിടിയിലായതായും സൂചനയുണ്ട്. അക്രമത്തിനിടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയ പതിനൊന്ന് പേര്‍ റിമാന്‍ഡിലാണ്. അക്രമത്തില്‍ പങ്കാളികളായ പലരും ദിവസങ്ങളായി ഒളിവിലാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോലീസിന് ലഭിച്ച ദൃശ്യങ്ങളി ല്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞുവരികയാണെന്നും തെളിവുകള്‍ ശേഖരിച്ചശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകൂ എന്നും ക്രൈം ഡിറ്റാര്‍ച്ച്‌മെന്റ് ഡി വൈ എസ് പി. പി പി സദാനന്ദന്‍ പറഞ്ഞു.
ചില വൈദികരുടെ നിര്‍ദേശ പ്രകാരമാണ് പലരും താമരശ്ശേരിയിലെത്തിയതെന്ന് നേരത്തെ അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പോലീസില്‍ പറഞ്ഞിരുന്നു. ഈ വഴിക്ക് അന്വേഷണം നടത്തിയാല്‍ പ്രതികളെ മുഴുവനായും പിടികൂടാമെങ്കിലും ഉന്നതങ്ങളില്‍നിന്നുള്ള ഇടപെടല്‍ പോലീസിനെ നിഷ്‌ക്രിയരാക്കുകയാണെന്നാണ് ആക്ഷേപം. നിരപരാധികള്‍ കേസില്‍ അകപ്പെടാതിരിക്കാനാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് പോലീസ് അവകാശപ്പെടുന്നത്.
എന്നാല്‍, ഏതാനും പ്രതികളെ ഹാജരാക്കി കേസന്വേഷണം തണുപ്പിക്കാനും അക്രമത്തിന് പ്രേരണ നല്‍കിയവരെ ഒഴിവാക്കാനുമാണ് നീക്കം നടക്കുന്നതെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. സര്‍വായുധരായി വാഹനങ്ങളില്‍ എത്തിയ സംഘത്തിന്റെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ താമരശ്ശേരി ടൗണിലെ ഒരു സ്ഥാപനത്തിന്റെ മുറ്റത്ത് സൗകര്യം ഒരുക്കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കണമെങ്കില്‍ നിര്‍ദേശം ലഭിക്കേണ്ടേ എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. പല ഉന്നതരും പ്രതിസ്ഥാനത്തുള്ളതിനാല്‍ അഭ്യന്തര വകുപ്പ് നേരിട്ട് ഇടപെടുന്നതായും പോലീസ് സൂചിപ്പിക്കുന്നു.