Articles
ശമനമായി പായുന്നു, പരാധീനതകള്‍ക്ക് നടുവിലൂടെ
ദുുരന്തമുഖത്തേക്ക് കൂകി പാഞ്ഞു വരുന്ന ചുവന്ന വണ്ടി…… അഗ്നിശമന രക്ഷാസേന. 101 കറക്കിയാല്‍ ഓടിയെത്തി ദുരന്തത്തോട് പൊരുതേണ്ട നമ്മുടെ ഫയര്‍ഫോഴ്‌സ് ഇല്ലായ്മകള്‍ കാരണം അത്യാഹിതങ്ങളോട് മല്ലിടാനാകാതെ തളരുകയാണ്. കഴിവും ത്രാണിയും ഉത്സാഹവും കൈമുതലാകേണ്ട നമ്മുടെ ഫയര്‍ഫോഴ്‌സിന് എങ്ങനെ ഈ ഗതി വന്നു?
ഒരിക്കല്‍ കോഴിക്കോട് രാമനാട്ടുകരക്കടുത്ത് ഒരു ബംഗാള്‍ സ്വദേശി തെങ്ങില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. നാട്ടുകാര്‍ പതിവുപോലെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. നാട്ടുകാര്‍ ചെയ്യുന്ന വിദ്യയിലുപരിയായി ഫയര്‍ഫോഴ്‌സിന് ഇവിടെ ചെയ്യാനുള്ളത് ചുറ്റുവല കെട്ടി ആളെ രക്ഷിക്കുകയെന്നതാണ്. അതിന് വല വേണ്ടേ? പകരം കോണി വെച്ച് തെങ്ങില്‍ കയറി അനുനയിപ്പിക്കാനുള്ള ശ്രമം നടത്തുന്നതിനിടക്ക് ആള്‍ താഴെ ചാടി മൃത്യുവരിച്ചു. ഉപകരണങ്ങളും സൗകര്യങ്ങളുമില്ലാത്തതിനാല്‍ ശ്രമം വിഫലമാകുന്നതിന്റെ ചെറിയൊരു ഉദാഹരണമാണിത്. കേരള പോലീസിന്റെ ഭാഗമായിരുന്ന ഫയര്‍ഫോഴ്‌സിനെ 1962 ലാണ് സ്വതന്ത്ര സേനയാക്കിയത്. 2002ല്‍ ഈ വിഭാഗത്തിന്റെ പേര് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്‌സ് അഥവാ അഗ്നിശമന രക്ഷാസേന എന്നാക്കി. എന്നാല്‍, മാറ്റം പേരില്‍ മാത്രം ഒതുങ്ങിപ്പോയതാണ് ഈ വിഭാഗം ഇന്നനുഭവിക്കുന്ന വലിയ പ്രതിസന്ധി. കുത്തഴിഞ്ഞ ഭരണരീതി, ഉപകരണങ്ങളുടെ അഭാവം, പരിശീലനത്തിലെ പോരായ്മ തുടങ്ങിയ പ്രയാസങ്ങള്‍ അഗ്നിശമന, രക്ഷാസേനയെ അനുദിനം പിന്നോട്ടടിപ്പിക്കുന്നു. അപകടങ്ങളുടെ തോത് നാള്‍ക്കുനാള്‍ വര്‍ധിക്കുകയും സങ്കീര്‍ണമാകുകയും ചെയ്യുമ്പോഴും നമ്മുടെ ഫയര്‍ഫോഴ്‌സിന് കാലഹരണപ്പെട്ട സൗകര്യങ്ങളും സംവിധാനങ്ങളും മാത്രമേ ഉള്ളൂ. ദുരന്തമുഖത്തേക്ക് ഫയര്‍ഫോഴ്‌സ് വാഹനം കുതിച്ചു വരുമ്പോള്‍ ഒരു രക്ഷാദൂതനെ മനസ്സില്‍ കണ്ടാണ് നാം വരവേല്‍ക്കാറ്. എന്നാല്‍, കഴിവും ഉത്സാഹവും ഉപയോഗപ്പെടുത്തി ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ ചിലതെല്ലാം ചെയ്ത് വിജയം വരിക്കുന്നുവെന്നല്ലാതെ പുതിയ കാലത്തിനനുസരിച്ച് ഈ സേന ഒന്നും കൈവരിച്ചിട്ടില്ലെന്നതാണ് സത്യം. സംസ്ഥാനത്ത് അമ്പതിലധികം നിലകളുള്ള കെട്ടിടങ്ങള്‍ നിലവില്‍ വന്നെങ്കിലും നമ്മുടെ ഫയര്‍ഫോഴ്‌സിന് ഇപ്പോഴും നാല് നിലയിലധികം പൊക്കമുള്ള കെട്ടിടത്തില്‍ കയറി തീയണക്കാനുള്ള സംവിധാനമില്ലെന്ന് പറയുമ്പോള്‍ ദൈന്യത കൂടുതല്‍ വെളിവാകും. പോലീസും മറ്റ് അനുബന്ധ വിഭാഗങ്ങളും നാള്‍ക്കുനാള്‍ വികസനത്തിന്റെ വഴിയേ നീങ്ങുമ്പോള്‍ ഫയര്‍ഫോഴ്‌സിനോട് മാത്രമെന്തിനീ ചിറ്റമ്മ നയം?
ഇത് മനഃപൂര്‍വമല്ലെന്നതാണ് സത്യം. കാലത്തിന്റെ കുത്തൊഴുക്കില്‍ അങ്ങനെ വന്നുഭവിച്ചതാണ്. എല്ലാവര്‍ക്കും അനിവാര്യമായ ഫയര്‍ഫോഴ്‌സിനെ യഥാര്‍ഥത്തില്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ്. പ്രത്യേകിച്ച് രാഷ്ട്രീയ നേതൃത്വത്തിന്. ഫയര്‍ഫോഴ്‌സില്‍ രാഷ്ട്രീയക്കാരുടെ ഒത്താശകള്‍ക്ക് ഇടമില്ല, ദുരന്തമുഖത്ത് ഒരു നീക്കുപോക്കുമില്ലല്ലോ. അതുകൊണ്ടു തന്നെ ഫയര്‍ഫോഴ്‌സില്‍ നിന്നു വരുന്ന പരാതികളും പരിവേദനങ്ങളും ശ്രദ്ധിക്കാന്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ മുതിരാറില്ല.
കുത്തഴിഞ്ഞ ഭരണരീതിക്ക് പേരു കേട്ടതാണ് ഫയര്‍ഫോഴ്‌സ് ആസ്ഥാനം. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമാന്‍ഡര്‍ ജനറലാണ് ഫയര്‍ഫോഴ്‌സിന്റെ അധിപന്‍. സര്‍വീസില്‍ നിന്ന് വിരമിക്കാറായവരേയും താത്കാലികമായി സ്ഥലം മാറ്റം നടത്തേണ്ടവരെയുമാണ് പലപ്പോഴും ഈ തസ്തികയിലേക്ക് നിയമിക്കുന്നത്. ആറ് മാസമോ കൂടിയാല്‍ ഒരു വര്‍ഷമോ ഈ തസ്തികയില്‍ വഴിപാട് സേവനം ചെയ്താല്‍ ഇവര്‍ക്ക് വിരമിക്കാനോ അതല്ലെങ്കില്‍ സ്ഥലം മാറ്റത്തിനോ സമയമാകും. അടുത്ത് വരുന്ന പുതിയ കമാന്‍ഡര്‍ക്കും ഈ ഗതി തന്നെ. ഇതിനാല്‍ സേനയെക്കുറിച്ച് പഠിക്കാനോ ഗുണപരമായ മാറ്റങ്ങള്‍ നടപ്പാക്കാനോ കമാന്‍ഡര്‍ ജനറലിന് കഴിയുന്നില്ല. ആജ്ഞാനുവര്‍ത്തികളാകാന്‍ വിസമ്മതിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അടക്കിയിരുത്താനുള്ള ഒരു ലാവണമായാണ് ഫയര്‍ഫോഴ്‌സിനെ പല സര്‍ക്കാറുകളും കണുന്നത്. എന്നാല്‍, ഇപ്പോള്‍ ഈ നിലപാടില്‍ ചെറിയൊരു മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ടെന്നാണ് ഫയര്‍ഫോഴ്‌സിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്.
തലപ്പത്തെ തല തിരിഞ്ഞ അവസ്ഥ കീഴുദ്യോഗസ്ഥതലത്തിലും തുടരുന്നു. ബാലാരിഷ്ടതകള്‍ കൊണ്ട് കഷ്ടപ്പെടുന്ന ഫയര്‍ഫോഴ്‌സിന് അതാത് ബജറ്റില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് വരെ ഈ പിടിപ്പില്ലായ്മ കൊണ്ട് ലാപ്‌സാകുകയാണ്. ഈ അടുത്തകാലത്ത് കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ നഷ്ടമായത്. വര്‍ഷാവസാനം “ഒപ്പിച്ച” പദ്ധതികള്‍ സമര്‍പ്പിക്കുകയും സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കാതെ തുക പാഴായിപ്പോകുകയുമാണ് പതിവ്.
ഫയര്‍ഫോഴ്‌സിന് വാഹനങ്ങള്‍ കുറവാണെന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 30 എണ്ണം അനുവദിച്ചു. ഇതില്‍ 24 എണ്ണവും തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെട്ട് ഏറെ കഴിയും മുമ്പ് തന്നെ കേടായെന്നാണറിയുന്നത്. 16 വര്‍ഷത്തിന് ശേഷം അനുവദിക്കപ്പെട്ട പുതിയ വാഹനങ്ങള്‍ക്കാണ് ഈ ഗതി. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ഈ കെടുകാര്യസ്ഥത ഫയര്‍ഫോഴ്‌സിനെ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത സേനയാക്കി മാറ്റിയിരിക്കുന്നു.