Articles
ഇപ്പോഴും ഹോസ് പിടിച്ച്, വെള്ളത്തില്‍ മുങ്ങിത്തപ്പി
വാതകങ്ങളും രാസപദാര്‍ഥങ്ങളും വഹിച്ചുള്ള പതിനയ്യായിരത്തോളം വാഹനങ്ങളാണ് നമ്മുടെ പാതകളിലൂടെ ദിനേന ഓടുന്നത്. ഇവയെല്ലാം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുമെന്ന് എന്താണുറപ്പ്? ഇത്രയും ഭീകരമായ അവസ്ഥയില്‍ നമുക്കൊരു സമാധാനമേ ഉള്ളൂ, നമ്മെ രക്ഷിക്കാന്‍ അഗ്നിശമന, രക്ഷാസേനയുണ്ട്. എന്നാല്‍, ഈ സേനക്ക് ഇത് സംബന്ധിച്ച സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ടോ? യഥാര്‍ഥത്തില്‍ നടുറോഡില്‍ ഒരു വാതക ചോര്‍ച്ച ഉണ്ടായാല്‍ ചോര്‍ച്ച എവിടെ വരെയെത്തി എന്നറിയാന്‍ പോലും സേനയുടെ വശം ഉപകരണങ്ങളൊന്നുമില്ല. ഈയടുത്ത് കണ്ണൂരിലെ ചാലയിലുണ്ടായ ടാങ്കര്‍ലോറി ദുരന്തത്തില്‍ നാം ഇത് അനുഭവിച്ചതാണ്. ഇതിന് മുമ്പ് കരുനാഗപ്പള്ളിയിലെ ടാങ്കര്‍ ദുരന്തത്തിന് ശേഷം ചാലയില്‍ അപകടമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ നാം ഏറെയൊന്നും മുന്നോട്ട് പോയിട്ടില്ല. ടാങ്കര്‍ അപകടങ്ങളുണ്ടായാല്‍ ഉടന്‍ സ്ഥലത്തെത്തേണ്ട എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ നിലവില്‍ കൊച്ചിയില്‍ മാത്രമാണുള്ളത്. മലബാര്‍ മേഖലയില്‍ എന്തെങ്കിലും ദുരന്തമുണ്ടായാല്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിക്കുകയാണ് പതിവ്.
റോഡുകളിലൂടെ പായുന്ന ടാങ്കറുകളുടെ അപകട സാധ്യത അറിഞ്ഞാല്‍ നാം ശരിക്കും ഞെട്ടും. നാം ഓരോരുത്തരുടെയും വീട്ടില്‍ സൂക്ഷിക്കുന്ന പാചകവാതക സിലിന്‍ഡറിന്റെ തൂക്കം 14 മുതല്‍ 15 വരെ കി. ഗ്രാം ആണ്. ഈ സിലിണ്ടറിനു തന്നെ ഒരു ചെറിയ കോണ്‍ക്രീറ്റ് കെട്ടിടം പൂര്‍ണമായി തകര്‍ക്കാനുള്ള ശേഷിയുണ്ട്. ഇങ്ങനെയുള്ള 1250 സിലിന്‍ഡറുകളില്‍ നിറക്കാനാവശ്യമായ പാചക വാതകമാണ് ഒരു ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോകുന്നത്. കണ്ണൂര്‍ ചാലയില്‍ 2012ല്‍ ഉണ്ടായ അപകടത്തില്‍ പൊട്ടിത്തെറിച്ച ബുള്ളറ്റ് ടാങ്കര്‍ ഈയിനത്തില്‍ പെട്ടതാണ്. ഈ ടാങ്കറില്‍ 18 ടണ്‍ ദ്രവീകൃത പെട്രോളിയം വാതകമാണ് ഉണ്ടായിരുന്നത്. ടാങ്കര്‍ ലോറി മറിഞ്ഞ് 15 മിനിറ്റിനുള്ളില്‍ സ്‌ഫോടനമുണ്ടായതായാണ് വിവരം. ചാലയില്‍ ഒരു കിലോ മീറ്റര്‍ വരെ തീനാളം പടരുകയും പത്ത് കിലോമീറ്റര്‍ ദൂരെ വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേള്‍ക്കുകയും ചെയ്തു. ദുരന്തങ്ങളുണ്ടാകുമ്പോള്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനു പകരം പ്രായോഗിക നടപടികളാണ് വേണ്ടത്. ഇതിനു മുമ്പ് ടാങ്കര്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ച സംസ്ഥാന മന്ത്രി പറഞ്ഞത് ടാങ്കര്‍ ലോറികള്‍ക്ക് സഞ്ചരിക്കാന്‍ മാത്രമായി പ്രത്യേക പാത നിര്‍മിക്കുമെന്നാണ്…!
വാതകത്തിന്റെ വ്യാപനത്തോത് അറിയാനുള്ള ഗ്യാസ് ഡിറ്റക്ടര്‍ ഉപകരണം നമ്മുടെ അഗ്നിശമന രക്ഷാസേനക്ക് കിട്ടിയിട്ടില്ല. വാതകം റീഫില്‍ ചെയ്ത് മാറ്റുകയെന്നതാണ് ദുരന്തമുണ്ടായാല്‍ സാധ്യമായ സംവിധാനം. ഇതിന് ഇപ്പോള്‍ മംഗലാപുരത്തെ ഓയില്‍ കമ്പനികളെ ആശ്രയിക്കുകയാണ്. വാതകം നിര്‍വീര്യമാക്കിയും അപകടത്തിന്റെ തോത് കുറക്കാം. ഇതിനുള്ള അസ്മത് ടെന്‍ഡര്‍ എന്ന സംവിധാനം നമ്മുടെ ഫയര്‍ ഫോഴ്‌സിന് അന്യം.
ഇതിനെല്ലാം പുറമെ, പല ഫയര്‍ ഫോഴ്‌സ് യൂനിറ്റിന്റേയും മൂക്കിന് മുന്നില്‍ വാഹനാപകടമുണ്ടായാല്‍ വാഹനത്തില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷപ്പെടുത്താന്‍ വേണ്ട ഹൈഡ്രോളിക് കട്ടിംഗ് മെഷീന്‍ പോലും പലയിടത്തും ഇല്ല.
പരമ്പരാഗതമായി ഉപയോഗിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ കേടായാല്‍ അറ്റകുറ്റപ്പണി നടത്താന്‍ വേണ്ട സംവിധാനമില്ല എന്നതിനു പുറമെ ആധുനിക യന്ത്രങ്ങള്‍ ഈ വിഭാഗത്തിന് ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ വിമുഖതയാണ് കാണിക്കുന്നത്. മത്സ്യബന്ധനത്തൊഴിലാളികള്‍ പോലും സമുദ്രത്തിന്റെ അടിത്തട്ടിലുള്ള മത്സ്യങ്ങളെ കണ്ടെത്താന്‍ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോഴും വെള്ളത്തിലകപ്പെട്ട മനുഷ്യരെ കണ്ടെത്താന്‍ നമ്മുടെ ഫയര്‍ഫോഴ്‌സ് ഇപ്പോഴും മുങ്ങിത്തപ്പുകയാണ്. വെള്ളത്തിനടിയില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള സ്‌കൂബ എന്ന യന്ത്രവും പലയിടത്തും ഇല്ല. വെള്ളത്തിലകപ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള റബ്ബര്‍ ഡിങ്കി ബോട്ട്, വെള്ളക്കെട്ടിന്റെ രൂക്ഷത കുറക്കുന്നതിനുള്ള ഫ്‌ളോട്ട് പമ്പ് എന്നിവയെല്ലാം ചില സ്റ്റേഷനുകളില്‍ മാത്രമേയുള്ളൂ.
രാത്രിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വെളിച്ചക്കുറവ് ഫയര്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനത്തിന് പലപ്പോഴും ഭീഷണിയാകുന്നുണ്ട്. അത്യാവശ്യം വേണ്ട പ്രാഥമികാവശ്യമായ ആസ്‌ക ലൈറ്റ് സംവിധാനം സംസ്ഥാനത്തെ വിരലിലെണ്ണാവുന്ന ഫയര്‍ സ്റ്റേഷനുകളില്‍ മാത്രമാണുള്ളത്.
തീപിടിത്തമുണ്ടാകുമ്പോള്‍ ദൂരെ നിന്ന് തീയണക്കുന്ന ക്രാഷ് ടെന്‍ഡര്‍ എന്ന ഉപകരണം ഇല്ലാത്തതു കാരണം ഹോസ് പിടിച്ച് തീയണക്കുന്നേടത്തു തന്നെയാണ് നമ്മളിപ്പോഴും. ഹോസ് പിടിക്കാനും പ്രതിസന്ധി തന്നെ. കാരണം വെള്ളം കിട്ടാനില്ല, വേനല്‍ക്കാലത്തെ ജലക്ഷാമം പലപ്പോഴും ഫയര്‍ഫോഴ്‌സിനേയും പിടികൂടാറുണ്ട്. കൂറ്റന്‍ ടാങ്കില്‍ നിന്ന് വിവിധ പോയിന്റുകളിലേക്ക് ജലമെത്തിക്കുന്ന വാട്ടര്‍ ഹൈഡ്രന്റ് രീതി ഇതര സംസ്ഥാനങ്ങളിലുണ്ട്. നമ്മുടെ ഫയര്‍ഫോഴ്‌സിനിത് ഇനിയും കിട്ടിയിട്ടില്ല. നഗരങ്ങളില്‍ ഹൈഡ്രന്റ് സംവിധാനം വന്നാല്‍ പ്രധാന പോയിന്റുകളില്‍ ഫയര്‍ഫോഴ്‌സിന് മാത്രം ഉപയോഗിക്കാനുള്ള ടാപ്പ് ഘടിപ്പിക്കാവുന്നതാണ്. കാലവര്‍ഷക്കെടുതിക്കിടെ സ്ഥിരമായി ആവശ്യം വരുന്ന ഉപകരണമാണ് മരം മുറിക്കാനുള്ള ചെയിന്‍ സോ. സംസ്ഥാനത്തെ പല സ്റ്റേഷനുകളിലും ചെയിന്‍ സോ കേടായിക്കിടക്കുകയാണ്.
ഗുണമേന്‍മയില്ലാത്ത വാഹനങ്ങളാണ് ഫയര്‍ ഫോഴ്‌സിന് ലഭ്യമാക്കുന്നത്. കൂടാതെ, അറ്റകുറ്റപ്പണി നടത്താന്‍ പലയിടത്തും സംവിധാനവുമില്ല. ഇതിന് സര്‍ക്കാര്‍ വര്‍ക്‌ഷോപ്പുകളെ ആശ്രയിക്കുമ്പോള്‍ കാലതാമസമെടുക്കുന്നതിനാല്‍ സ്വകാര്യവര്‍ക്‌ഷോപ്പുകളില്‍ വെച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഈ വകയില്‍ ഭീമമായ തുകയാണ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം.
ആധുനികവത്കരണത്തിന്റെ ഭാഗമായി സേനക്ക് വാഹനങ്ങള്‍, ഉപകരണങ്ങള്‍, പേഴ്‌സനല്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിന് വര്‍ഷം തോറും അനുവദിക്കുന്ന തുക പ്രായോഗികമായല്ല ചെലവഴിക്കുന്നതെന്ന പരാതിയുണ്ട്. യന്ത്രസാമഗ്രികള്‍ വാങ്ങുമ്പോള്‍ വിദഗ്ധ സമിതിയെ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുന്നില്ല. പോര്‍ട്ട് ട്രസ്റ്റ്, കുസാറ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് വിദഗ്ധരെ ഉള്‍പ്പെടുത്താവുന്നതാണ്. വാങ്ങുന്ന ഉപകരണങ്ങളുടെ കമ്പനി സര്‍വീസും ഗ്യാരണ്ടിയും ഉറപ്പ് വരുത്താതെ ഒരു വഴിപാട് പോലെ ഉപകരണങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കുകയാണെന്നാണ് ആരോപണം. ഫയര്‍ സര്‍വീസിന് ഒരു വെബ്‌സൈറ്റ് രൂപവത്കരിച്ച് ഉപകരണങ്ങള്‍ക്കുള്ള ടെന്‍ഡര്‍ ഈ വഴിയാക്കിയാല്‍ കുറെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. കൃത്യമായ പരിശീലനമില്ലാത്തതിനാല്‍, ദുരന്ത മുഖത്ത് പാഞ്ഞെത്തുന്ന അഗ്നിശമന സൈനികരുടെ ജീവിതം ദുരന്തത്തില്‍ കലാശിക്കുന്ന ഹൃദയഭേദകമായ കാഴ്ചയും അപൂര്‍വമല്ല. അതേക്കുറിച്ച് നാളെ