Kerala
ജീവനക്കാരുടെ കുറവും കൊഴിഞ്ഞുപോക്കും; വനം വകുപ്പിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു
കോഴിക്കോട്: ജീവനക്കാരുടെ വന്‍തോതിലുള്ള കുറവും കൊഴിഞ്ഞുപോക്കും സംസ്ഥാനത്തെ വനം വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു.
വനം വകുപ്പില്‍ 3700 ജീവനക്കാര്‍ ജോലി ചെയ്യുന്നതായാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ നിലവിലുള്ള തസ്തികകളില്‍ തന്നെ 500 ജീവനക്കാരുടെ കുറവ് ഇപ്പോള്‍ വകുപ്പിലുണ്ട്. സംസ്ഥാനത്ത് മൊത്തം 2500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരാണുള്ളത്. വനം വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട തസ്തികയാണിത്. മൃഗങ്ങളുടെയും കാടിന്റെയും സംരക്ഷണ ചുമതല ഇവര്‍ക്കാണ്. സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് മൂന്നില്‍ ഒരു ഭാഗം വനമേഖലയാണ്. ഇത് സംരക്ഷിക്കാന്‍ ചുരുങ്ങിയ ജീവനക്കാര്‍ മാത്രമാണുള്ളത്. കൂടാതെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഡെപ്യൂട്ടി റെയ്ഞ്ചര്‍, സെര്‍വ് വാച്ചര്‍ തുടങ്ങിയ തസ്തികകളിലും കാര്യമായ കുറവുണ്ട്. നിലവില്‍ പരിമിതമായ തസ്തികകള്‍ മാത്രമാണ് വകുപ്പിലുള്ളത്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കൂടാതെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ജോലി സ്ഥലത്തുള്ള അസൗകര്യമാണ് ഇതിന് പ്രധാന കാരണം.
കാടുകളില്‍ ഡ്യൂട്ടി ഉള്ളവര്‍ക്ക് താമസിക്കാന്‍ സുരക്ഷിതമായ സംവിധാനങ്ങളോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ ഇല്ല. കൂടാതെ വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ അപര്യാപ്തതയും ഉണ്ട്. ഇത്രയും ത്യാഗങ്ങള്‍ സഹിച്ച് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് റിസ്‌ക് അലവന്‍സ് ആയി കൊടുക്കുന്നത് 100 രൂപ മാത്രമാണ്. കരസേനയിലും മറ്റു ജീവന് ഭീഷണിയുള്ള വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ശമ്പളത്തിന് പുറമെ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴാണ് വനംവകുപ്പിനെ സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുന്നത്. ഇതിന് പുറമെ ഓഫീസ് ജോലികള്‍ ചെയ്യാന്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്ത പ്രശ്‌നവും വകുപ്പ് നേരിടുന്നുണ്ട്.
അവശ്യഘട്ടങ്ങളില്‍ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടി പുതുതായി റാപ്പിഡ് റെസ്‌പോണ്‍സ് എന്ന പേരില്‍ ഒരു ടീം രൂപവത്കരിച്ചുവെന്നല്ലാതെ ഇതിന് വേണ്ടി പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല. പല തസ്തികകളില്‍ നിന്നുമായി കുറേ പേരെ ആ ടീമിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്. കേരളത്തില്‍ 10 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളാണുള്ളത്. ഇവയില്‍ അഞ്ച് ടീമുകളില്‍ തീരെ ജീവനക്കാരില്ല.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഒരു ടീമിനെ നിയമിച്ചുവെന്നല്ലാതെ തുടര്‍നടപടികളൊന്നും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടാതെ ഒരു ഫോറസ്റ്റ് സ്റ്റേഷന്റെ പരിധി 45 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 30 ച. കി. മീ. ആയും ഒരു ഗാര്‍ഡിന് മൂന്ന് ച. കി. മി. ആയും കുറക്കണമെന്ന ആവശ്യവും വിവിധ സര്‍വീസ് സംഘടനകളും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിസ്സംഗതയാണ് കാണിക്കുന്നത്.
കൂടാതെ കഴിഞ്ഞ ആറ് മാസക്കാലമായി വകുപ്പിന് സ്വന്തമായി ഒരു നാഥനില്ലാത്ത സ്ഥിതിയാണുള്ളത്. വനം വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ ബി ഗണേഷ്‌കുമാര്‍ രാജിവെച്ചതിന് ശേഷം മുഖ്യമന്ത്രിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നതെങ്കിലും കാര്യമായ ശ്രദ്ധ വകുപ്പിന് ലഭിക്കുന്നില്ല.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരിയിലും കൊട്ടിയൂരിലുമുള്ള ഫോറസ്റ്റ് ഓഫീസുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളിലും സര്‍ക്കാര്‍ തികഞ്ഞ നിസ്സംഗതയാണ് കാണിച്ചത്. സര്‍ക്കാറിന്റെ കീഴിലുള്ള മറ്റ് വകുപ്പുകള്‍ക്ക് നല്‍കുന്ന പരിഗണനയൊന്നും വനം വകുപ്പിന് നല്‍കുന്നില്ലെന്നാണ്അധികൃതരുടെ പരാതി.