Articles
ആ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇനി അഴിച്ചുമാറ്റാം
ഫാസിസത്തെയും കൊലപാതക രാഷ്ട്രീയത്തെയും വര്‍ണിക്കാന്‍ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിഘണ്ടുവില്‍ ഇത്രയും വിപുലവും മനോഹരവുമായ പദാവലികളുണ്ടെന്ന് ഏറ്റവും കുറഞ്ഞത് മലബാറുകാരെങ്കിലും അറിഞ്ഞത് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലാണ്. കൃത്യമായി പറഞ്ഞാല്‍ 2012 ഫെബ്രുവരി ഇരുപതാം തീയതിക്കു ശേഷം. അന്നാണ് തളിപ്പറമ്പ് അരിയിലെ വയലോരത്ത് വെച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുശ്ശുകൂര്‍ കൊല്ലപ്പെട്ടത്. സി പി എം കണ്ണൂര്‍ ജില്ലാ നേതാക്കള്‍ സഞ്ചരിച്ച വാഹനത്തെ തടഞ്ഞുവെച്ച് ആക്രമിച്ചതിന് പകരം ആസൂത്രണം ചെയ്തതെന്ന് പോലീസ് വിശദീകരിക്കുന്ന ശുകൂറിന്റെ കൊലപാതകം സമീപ കാലത്ത് കേരളം കണ്ട അതിദാരുണമായ കൊലപാതകങ്ങളിലൊന്നായിരുന്നു. സ്വന്തം വീട്ടിലേക്കുള്ള യാത്രാമധ്യേ ഓടിച്ചു പിടിച്ച അക്രമികളോട് ശുകൂര്‍ ഒന്നര മണിക്കൂര്‍ ജീവനു വേണ്ടി കേണുവത്രേ. അരിയിലെ ലീഗ് പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ലീഗ് നേതാക്കളുടെയും മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ഫോണുകളിലേക്ക് സഹായമഭ്യര്‍ഥിച്ചുകൊണ്ടുള്ള വിളികള്‍ പ്രവഹിച്ചിട്ടും ശുകൂറിന്റെ ജീവന്‍ രക്ഷിക്കാന്‍ സമുദായത്തിന്റെ മൊത്തം രക്ഷാകര്‍തൃത്വം അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഫലമോ? ആത്വിക ഉമ്മക്ക് സ്വന്തം മകനെ നഷ്ടപ്പെട്ടു. മുസ്‌ലിം ലീഗിന് ലക്ഷണമൊത്ത ഒരു രക്തസാക്ഷിയെ കിട്ടുകയും ചെയ്തു.
അതോടെ, മനോഹരമായ ഭാഷയില്‍, രക്തം ചിന്തുന്ന പശ്ചാത്തല ചിത്രത്തില്‍ നിഷ്‌കളങ്കതയൂറുന്ന പൊടിമീശക്കാരന്‍ ശുകൂറിന്റെ ഫോട്ടോയുടെ അകമ്പടിയോടെ സംസ്ഥാനമൊട്ടുക്കും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഫഌക്‌സ് ബോര്‍ഡുകളിലാക്കി ഫാസിസത്തിനും കൊലപാതകരാഷ്ട്രീയത്തിനുമെതിരെ പ്രതിരോധം തീര്‍ത്തു. അരിയില്‍ ശുകൂര്‍ അങ്ങനെ “ശഹീദ് ശുകൂറാ”യി. ഗുജറാത്തില്‍ ആര്‍ എസ് എസ് നരാധമന്മാരുടെ ആയുധ ആക്രോശങ്ങള്‍ക്ക് മുമ്പില്‍ ജീവനുവേണ്ടി കേഴുന്ന കുതുബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം ശകൂറിന്റെ ചിത്രത്തോടൊപ്പം ഒട്ടിച്ച്, വലതുപക്ഷ ഹൈന്ദവ വര്‍ഗീയതയുടെ മറ്റൊരു പതിപ്പാണ് സി പി എം എന്ന് സമുദായത്തെ തെര്യപ്പെടുത്തി. മുസ്‌ലിംകളോടുള്ള ഇടതുപക്ഷ സമീപനത്തിന്റെ ടെസ്റ്റ് ഡോസെന്ന് ശുകൂര്‍ വധത്തെ ലീഗ് പ്രഭാഷകരും എഴുത്തുകാരും തലങ്ങും വിലങ്ങും ഉദാഹരിച്ചു. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതോടെ “ശഹീദ് ശുകൂരി”ന്റെ രാഷ്ട്രീയ പ്രാധാന്യവും മൂല്യവും വര്‍ധിച്ചു. ഓര്‍ക്കാട്ടേരി ലക്ഷ്യമാക്കി വന്നവര്‍ അരിയിലേക്ക് വരെ യാത്ര നീട്ടി. അരിയിലേക്ക് യാത്ര പോയവര്‍ ഓര്‍ക്കാട്ടേരിയിലും വാഹനമിറങ്ങി.
അതോടെ ശുകൂര്‍ വധക്കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറയാന്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും ആത്മവിശ്വാസം കൈവന്നുതുടങ്ങി. സ്വന്തം പ്രവര്‍ത്തകന്റെ കൊലപാതകത്തെ കുറിച്ച് നട്ടെല്ല് നിവര്‍ത്തി രണ്ടക്ഷരം ഉരിയാടാന്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് ഒരു ആര്‍ എം പി നേതാവിന് അമ്പത്തിരണ്ട് വെട്ടേറ്റ് ശഹീദാകേണ്ടിവന്നല്ലോ എന്ന് ആത്മാഭിമാനമുള്ള ലീഗുകാര്‍ തല കുനിച്ചു.
എന്നാലും വേണ്ടിയില്ല, അക്രമാസക്തമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടും കൊലപാതക രാഷ്ട്രീയത്തോടും അരുതെന്ന് പറയാന്‍ മുസ്‌ലിം സമുദായത്തില്‍ നിന്നൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായല്ലോ എന്ന് സമുദായം ആത്മവിശ്വാസം കൊണ്ടു. അവര്‍ പ്രിന്റിംഗ് പ്രസുകളലേക്കോടി. കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫഌക്‌സ് ബോര്‍ഡുകളും നോട്ടീസുകളും അടിച്ചിറക്കി തെരുവുകള്‍ അലങ്കരിച്ചു. ശുകൂറിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് പിരിവിന് ലീഗ് നേതാക്കള്‍ കൈ നീട്ടിയപ്പോള്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞിറങ്ങിയപ്പോഴുള്ള ആദ്യ സംഭാവന തന്നെ നല്‍കി ബക്കറ്റ് നിറച്ചു. കൊലപാതക രാഷ്ട്രീയം തുലയട്ടെ, എന്നവര്‍ മുഷ്ടി ചുരുട്ടി. ശുകൂറിന്റെ രക്തസാക്ഷിത്വത്തെ ഉയര്‍ത്തിക്കാട്ടി മുസ്‌ലിം ലീഗ് രാഷ്ട്രീയ മൂലധനം സംഭരിച്ചു. പച്ച രാഷ്ട്രീയത്തെ ചുകപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ലീഗണികള്‍ ശപഥം ചെയ്തു. ഫാസിസ്റ്റുകള്‍ കൊലക്കത്തിയൂരുമ്പോള്‍ പ്രതിരോധിക്കാന്‍ ലീഗുകാരും കൂടെയുണ്ടാകുമെന്ന് സമുദായം ആശ്വാസം കൊണ്ടു. ടി പി ചന്ദ്രശേഖരന്‍ വധത്തെ അപലപിച്ചും ശുകൂര്‍ വധക്കേസിനെ ഉയര്‍ത്തിക്കാട്ടിയും പരിസ്ഥിതി ദിനത്തില്‍ ചെടി നട്ടും ഹരിതരാഷ്ട്രീയത്തിന് പച്ച പിടിച്ചുനില്‍ക്കാമെന്നായി.
ശുകൂര്‍ വധത്തോടെയെങ്കിലും കൊലപാതക രാഷ്ട്രീയത്തോട് അരുതെന്ന് പറയാന്‍ മുസ്‌ലിം ലീഗിന് കഴിഞ്ഞല്ലോ എന്ന് ഏറ്റവും ആശ്വാസം കൊണ്ടത് കൊടുവള്ളി അമ്പലക്കണ്ടി കെ ടി സി അബ്ദുല്‍ ഖാദിറിന്റെ ആ പാവം കുടുംബമായിരിക്കും. കാരണം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സന്ധ്യാ നേരത്ത് മദ്‌റസയില്‍ നിന്നും കുട്ടികളെ പഠിപ്പിച്ചിറങ്ങുകയായിരുന്ന അബ്ദുല്‍ ഖാദിര്‍ മരിച്ചത് കമ്പിപ്പാരയില്‍ കെട്ടിയ ഹരിത പതാക സുന്നീവിരുദ്ധര്‍ തലയില്‍ താഴ്ത്തിയിറക്കുന്നതിനിടെ തലയോട്ടി തകര്‍ന്നായിരുന്നു. അക്രമാസക്തമായ രാഷ്ട്രീയത്തെ പക്വതയാര്‍ന്ന നിലപാടുകളെടുത്ത് നേരിടാനുള്ള ലീഗിന്റെ തീരുമാനം കണ്ട് ആശ്വസിക്കാന്‍ പക്ഷേ, കുണ്ടൂരിലെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. ഒരു റമസാന്‍ കാലത്ത് നോമ്പ് തുറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നോമ്പുകാരനായി വിശന്നൊട്ടിയ തന്റെ മകന്‍ കുഞ്ഞുവിന്റെ വയറിലേക്ക് കഠാര ആഴ്ത്തി കുടല്‍മാല പുറത്തെടുത്ത് ആഹ്ലാദ നൃത്തം ചവിട്ടിയ “സമുദായസ്‌നേഹികളെ” ഓര്‍ത്ത് അന്ത്യശാസം വരെയും കണ്ണീരൊഴുക്കിയ പിതാവായിരുന്നു സുന്നികളുടെ പ്രിയങ്കരനായ കുണ്ടൂര്‍ ഉസ്താദ്. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ തേരോട്ടത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടവരും ജീവിതത്തില്‍ തളര്‍ന്നുപോയവരുമെല്ലാം തങ്ങള്‍ക്കൊന്നും അരിയില്‍ ശുകൂര്‍ ആകാനുള്ള ഭാഗ്യം ലഭിച്ചില്ലല്ലോ എന്ന് സങ്കടപ്പെട്ടുകാണും. അത്രമേല്‍ വൈകാരിക വിക്ഷോഭത്തോടെയുള്ള വാഗ്‌ധോരണികള്‍ കൊണ്ടായിരുന്നു ശേഷം ആക്രമ രാഷ്ട്രീയത്തെ ലീഗ് നേതാക്കളും പ്രവര്‍ത്തകരും അപലപിച്ചത്.
പക്ഷേ, അരിയില്‍ നിന്ന് ഓണപ്പറമ്പിലേക്ക് അധികം ദൂരമൊന്നുമില്ലെന്ന് ഏറ്റവും കുറഞ്ഞത് തളിപ്പറമ്പുകാര്‍ക്കെങ്കിലും നേരത്തെ അറിയാമായിരുന്ന വസ്തുതയാണ്. പുറം നാട്ടുകാര്‍ക്ക് അതറിയാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവന്നു എന്നുമാത്രം. 2013 ആഗസ്റ്റ് പതിനാറാം തീയതി ഓണപ്പറമ്പിലെ പള്ളിയും മദ്‌റസയും കുത്തിപ്പൊളിക്കുമ്പോള്‍ ഒരു സമുദായ സ്‌നേഹിക്കും ബാബ്‌രി മസ്ജിദ് ഓര്‍മയില്‍ തികട്ടിവന്നില്ല. പി എ റസാഖിനെയും സുഹൃത്തുക്കളെയും സോഡാ കുപ്പികൊണ്ടും കല്‍ച്ചീളുകള്‍ കൊണ്ടും ആഞ്ഞു കുത്തുമ്പോള്‍ തളിപ്പറമ്പ് താലൂക്കിലെ ലീഗുകാര്‍ക്ക് പോലും അരിയില്‍ ശുകൂറിന്റെ ദയനീയ മുഖം ഓര്‍മയില്‍ എത്തിയില്ലെന്നത് വിരോധാഭാസമാകാം. വിഘടിത സമസ്തയുടെ ചേളാരി പ്ലാന്റില്‍ നിന്നും കയറൂരി വിട്ട ക്രിമിനലുകളുടെ താളത്തിനൊപ്പം തുള്ളിയും ഇശല്‍ മുറുക്കിയും സമുദായ രാഷ്ട്രീയം തങ്ങളുടെ കൂറ് എന്തിനോടാണെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തി. ശഹീദാകണമെങ്കിലും ഫഌക്‌സ് ബോര്‍ഡില്‍ കയറിപ്പറ്റണമെങ്കിലും ആര്‍ എസ് എസിന്റെയോ സി പി എമ്മിന്റെയോ കൊലക്കത്തിക്കിരയാകണമെന്ന് മാപ്പിളമാര്‍ പാഠം പഠിച്ചു. പള്ളി പൊളിച്ചതായി ബോധ്യപ്പെടണമെങ്കില്‍, അക്രമികള്‍ കാവി വസ്ത്രം ധരിച്ചവര്‍ തന്നെയായിരിക്കണമെന്നും സമുദായത്തിന് വെളിപാടുണ്ടായി. ബാബരി പള്ളിയും അരിയില്‍ ശുകൂറും ഭാഗ്യവാന്‍മാര്‍.
തസ്‌ലീമ നസ്‌റീനും സല്‍മാന്‍ റുഷ്ദിയും ഡാനീഷ് കാര്‍ട്ടൂണിസ്റ്റ് കാര്‍ട്ട് വെസ്റ്റര്‍ഗിയേര്‍ഡും സിനിമാ സംവിധായന്‍ കമലഹാസനും പ്രൊഫ. ടി ജെ ജോസഫും ഖുര്‍ആനിനേയും പ്രവാചകനെയും അവഹേളിക്കുമ്പോള്‍ സമുദായത്തിന്റെ രക്തം തിളക്കും. കൈ വെട്ടിയും പോസ്റ്ററുകള്‍ക്കും തിയേറ്ററുകള്‍ക്കും തീയിട്ടും ഇന്ത്യാ രാജ്യത്ത് കാല് കുത്തിക്കില്ലെന്ന് ഫത്‌വകളിറക്കിയും മുസ്‌ലിം സംഘടനകള്‍ അവരുടെ സമുദായക്കൂറ് വെളിപ്പെടുത്തുന്ന ഘട്ടമാണ് ഓരോ ഇസ്‌ലാം നിന്ദാ സംഭവങ്ങളും. ഓണപ്പറമ്പില്‍ സ്വന്തം മദ്‌റസക്ക് തീയിട്ടപ്പോള്‍ തിരൂരങ്ങാടി പ്രിന്റിംഗ് പ്രസില്‍ അച്ചടിച്ച ഹാജര്‍ ബുക്കും ലഡ്ജറും അഡ്മിഷന്‍ റജിസ്റ്ററും ശേഖരനാശാരി പണിത പൊളിഞ്ഞ മേശയും എടുത്തുമാറ്റണമെന്ന് തോന്നിയപ്പോഴും അന്ത്യപ്രവാചകന് അല്ലാഹു സമ്മാനിച്ച വിശുദ്ധ ഖുര്‍ആന്‍ കൂടി അതിനോടൊപ്പം മാറ്റി വെക്കാന്‍ തോന്നാതിരുന്നത് കുമ്മനം രാജശേഖരനോ ശശികല ടീച്ചര്‍ക്കോ ആയിരുന്നില്ല. ഓണപ്പറമ്പിലെയും പരിസരപ്രദേശങ്ങളിലേയും മുസ്‌ലിം രക്ഷിതാക്കള്‍ക്ക് പിറന്ന ആണ്‍ പിള്ളേര്‍ക്കായിരുന്നു. നാലില്‍ കുറയാത്ത എണ്ണം ആളുകള്‍ക്ക് മാത്രം എടുത്തുമാറ്റാന്‍ കഴിയുന്ന മേശയേക്കാള്‍ കനവും ഗാംഭീര്യവും വിശുദ്ധ ഖുര്‍ആനിനുണ്ടെന്നെങ്കിലും ചേളാരി പ്ലാന്റിലെ തൊഴിലാളികള്‍ക്ക് ബോധ്യപ്പെട്ടല്ലോ എന്നാശ്വസിക്കാം.
ചേളാരി വിഭാഗത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസക്കും തീയിട്ടു എന്ന വാര്‍ത്ത പരസ്യമായ ഉടനെ ലീഗ് നേതാവ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയും പരിവാരങ്ങളും ഓണപ്പറമ്പിലെത്തി പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു. അല്ലെങ്കിലും പ്രതികളെ പിടികൂടണമെന്നൊക്കെ ഈ വക മൗലവിമാര്‍ക്ക് ഇല്‍ഹാം ഉണ്ടാകണമെങ്കില്‍ പള്ളി തകര്‍ത്താല്‍ മാത്രം പോരല്ലോ. തളിപ്പറമ്പിലെ സ്റ്റേഷനറി കടയില്‍ നിന്ന് നൂറ് രൂപ കൊടുത്ത് വാങ്ങിയ അഡ്മിഷന്‍ റജിസ്റ്ററിന് കൂടി തീ പിടിക്കണം. അപ്പോഴേ ഇവരുടെയൊക്കെ സമുദായ സ്‌നേഹത്തിന്റെ രക്തം ഓടിത്തുടങ്ങുകയുള്ളൂ. പക്ഷേ “അല്ലാഹുവിന്റെ കലാമിന് അല്ലാഹു കാവല്‍ നില്‍ക്കും” എന്ന് പടച്ചവന്‍ പറഞ്ഞതുകൊണ്ട് പ്രതികള്‍ പിടിക്കപ്പെടുക തന്നെ ചെയ്തു. എല്ലാ പ്രതികളും ചേളാരി ചന്തയിലെ കൂലിത്തൊഴിലാളികള്‍!. അവര്‍ക്ക് ആശയും അഭയവും നല്‍കിയതോ നയനമനോഹര ഹരിത സ്വപ്‌നങ്ങളും. അതോടെ, പ്രതികളെ പിടികൂടണമെന്ന് ആവേശം തുളുമ്പിയ മൗലവിമാര്‍ മാവിലായിയിലേക്ക് തീര്‍ഥയാത്ര പോയി.
കണ്ണൂര്‍ ജില്ലയിലെ തന്നെ കണ്ണൂര്‍ പാറാട്ടായിരുന്നു സമുദായസ്‌നേഹികളുടെ മതവികാരം മൂര്‍ധന്യാവസ്ഥയിലെത്തിയത്. സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ എറിയാനുള്ള ബോംബുണ്ടാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു പണ്ഡിത സംഘടന. ടെന്‍ഡര്‍ വിളിച്ചിട്ടാണോ അല്ലയോ എന്നറിയില്ല ബോംബൊന്നിന് ചേളാരിയിലെ മാര്‍ക്കറ്റ് നിലവാരം എണ്ണൂറ് രൂപയാണ്. ബോംബ് പൊട്ടിത്തെറിച്ച്, വാളെടുത്തിറങ്ങിയ ആണ്‍കുട്ടികളുടെ “ആണത്തം” തന്നെ പോയത് മാത്രം ബാക്കി. ഒപ്പം അകത്തെ അസിമാനന്ദമാരെ തിരിച്ചറിയാനായി എന്നത് സമുദായത്തിന്റെ ഭാഗ്യം.
മലപ്പുറം ജില്ലയിലെ എളങ്കൂരില്‍ ചേളാരി ചന്തയിലെ ഇറച്ചിവെട്ടുകാര്‍ അടിച്ചുകൊന്നത് എഴുപത്തെട്ട് വയസ്സ് പ്രായമുള്ള തിരുത്തിയില്‍ അബു ഹാജിയെ. കൈയോങ്ങാന്‍ ഏതൊരു റിപ്പര്‍ ചന്ദ്രനും ഒന്നറച്ചുനിന്നുപോകുന്ന പ്രായത്തിലെത്തിയ ഒരാള്‍. അല്ലെങ്കിലും ഉരുവിന്റെ പ്രായം നോക്കിയല്ലല്ലോ ഒരു ഇറച്ചിവെട്ടുകാരനും കത്തിക്ക് മൂര്‍ച്ച കൂട്ടുന്നത്.
മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിലെ സുന്നീ പ്രവര്‍ത്തകരായ പള്ളത്തുവീട്ടില്‍ കുഞ്ഞിഹംസയെയും സഹോദരന്‍ നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുമ്പോഴേക്കും അരിയില്‍ ശുകൂര്‍ വധിക്കപ്പെട്ട് 21 മാസം പിന്നിട്ടിരുന്നു. ഒരു “ശഹീദി”നെക്കുറിച്ചുള്ള ഓര്‍മയൊക്കെ കുഴിച്ചിടാന്‍ ഇത്രയും ദിവസങ്ങള്‍ ധാരാളം. അതുകൊണ്ടു കൂടിയാകണം മുസ്‌ലിം ലീഗ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ തന്നെ കഠാര നല്‍കി ഗോദയിലിറക്കിയത്. സുഹൃത്തിനെ വീട്ടിലിറക്കിക്കൊടുത്ത് തിരിച്ചുവരുമ്പോഴാണ് ഈ സഹോദരങ്ങള്‍ കുത്തേറ്റ് മരിച്ചത്. കൊല്ലപ്പെട്ടത് “യാഥാസ്ഥിതിക” സുന്നികളായതിനാലും കുത്തിയത് സി പി എമ്മുകാരോ ആര്‍ എസ് എസുകാരോ അല്ലാത്തതിനാലും ആരും മുറിവുകളുടെ എണ്ണമെടുത്തില്ല. ആര്‍ എം പിക്കാരല്ലാത്തതിനാല്‍ ആര്‍ക്കുമവര്‍ ധീരരക്തസാക്ഷികളുമായില്ല.
ഇതിനിടെ മറ്റൊരു സുന്ദര കാഴ്ച കണ്ടത് ജമാഅത്ത് ദിനപത്രത്തിലും ചാനലിലുമാണ്. സുന്നീ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള ചര്‍ച്ചയും മുഖപ്രസംഗവും കൊണ്ട് മുഖരിതമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിമാട് കുന്നും വെള്ളിപറമ്പും. നരഹത്യയിലെത്തിയ മതഭ്രാന്ത്” എന്ന തലക്കെട്ടിലാണ് കൊലപാതകത്തേയും ബോംബിനെയും സുന്നികള്‍ക്കിടയില്‍ പങ്ക് വെച്ചുകൊടുത്ത് ജമാഅത്ത് ഗ്രൂപ്പ് എഡിറ്റര്‍ മുഖപ്രസംഗമെഴുതിയത്. പങ്ക് വെച്ചതിലെ അനീതി പോകട്ടെ, (“പങ്ക് വെക്കുന്നവന്‍” നരകത്തിലാണെന്ന് പ്രവാചകന്‍) നരഹത്യയിലേക്ക് മതഭ്രാന്തിനെ എത്തിക്കുന്നതില്‍ ചേന്ദമംഗല്ലൂരുകാരന്റെ പങ്കും പങ്കാളിത്തവും എന്തായിരുന്നെന്ന് സ്വയം ആലോചിക്കാനെങ്കിലും ഈ ദാരുണ കൊലപാതകങ്ങള്‍ നിമിത്തമായിരുന്നെങ്കില്‍.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞതുപോലെ, കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മലബാറില്‍ നടന്ന അതിക്രമങ്ങളിലും കൊലപാതകങ്ങളിലും പിടിക്കപ്പെട്ടവരിലേറെയും സമസ്ത ചേളാരി വിഭാഗം പ്രവര്‍ത്തകരും ഭാരവാഹികളുമാണെന്ന കാര്യം ഞെട്ടലുളവാക്കുന്നതാണ്. മുസ്‌ലിം ലീഗിന്റെ അനുഭാവികള്‍ മുതല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വരെയും ഉള്‍പ്പെടുന്നുണ്ടെന്ന കാര്യം ആശങ്കാജനകം തന്നെ. പ്രതികളെ പിടികൂടാതിരിക്കാനും അവരെ അലമാരയിലൊളിപ്പിക്കാനും ലീഗ് കാണിക്കുന്ന ജാഗ്രത മുസ്‌ലിം സമുദായത്തെ മാത്രമല്ല, കേരളത്തിലെ സാമൂഹികാന്തരീക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുന്ന ഏതൊരു കേരളീയന്റെയും ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്നതാണ്. മോഡി ഭരിക്കുന്ന അഹമ്മദാബാദില്‍ മാത്രമല്ല, മണ്ണാര്‍ക്കാട്ടെ കാഞ്ഞിരപ്പുഴയിലെ സ്വന്തം മഹല്ലിലും മുസ്‌ലിംകള്‍ക്ക് രക്ഷയില്ലെന്ന് വന്നാല്‍! പുറത്തെ ശത്രുവിന്റെ കത്തിയുടെ അതേ മൂര്‍ച്ച അകത്തെ മിത്രത്തിന്റെ കത്തിക്കുണ്ടെന്ന് വന്നാല്‍!! കുതുബുദ്ദീന്‍ അന്‍സാരിമാരുടെ കണ്ണുകള്‍ ഭയപ്പാട് കൊണ്ട് അന്ധാളിച്ചുപോകുന്നത് തൃശൂലം കൊണ്ടല്ല തൊട്ടയല്‍പക്കത്തെ സഹോദരന്റെ കഠാര കണ്ടാണെന്ന് വന്നാല്‍!!! ഈ വക കൊലപാതകങ്ങളും അതിക്രമങ്ങളുമെല്ലാം സ്വാഭാവികമായ തിരിച്ചടികളാണെന്ന് പറയുന്നത് നരേന്ദ്ര മോഡിയല്ല, താടിയും തലപ്പാവും ധരിച്ച പള്ളികളില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന മതപണ്ഡിതന്മാരാണെന്ന് വന്നാല്‍!
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചോദിച്ച അതേ ചോദ്യമാണ് ഈ വേട്ടക്കാരോടും അവരുടെ യജമാനന്മാരോടും ചോദിക്കാനുള്ളത്. ബാബരി മസ്ജിദ് തകര്‍ത്ത വര്‍ഗീയ ശക്തികളോടും ഗുജറാത്തില്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ നരേന്ദ്ര മോഡിയോടും ഖുര്‍ആനിനെയും പ്രവാചകനെയും അവഹേളിച്ച സല്‍മാന്‍ റുഷ്ദിയോടും സ്വീകരിച്ച അതേ സമീപനം ഓണപ്പറമ്പിലെ പള്ളി തകര്‍ത്തവരോടും ഖുര്‍ആന്‍ കത്തിച്ചവരോടും മണ്ണാര്‍ക്കാട്ടും എളങ്കൂരും മുസ്‌ലിംകളെ വെട്ടിക്കൊന്നവരോടും സ്വീകരിക്കാന്‍ നെഞ്ചുറപ്പുള്ള എത്ര മുസ്‌ലിം സംഘടനകളും പ്രസിദ്ധീകരണങ്ങളും മുസ്‌ലിംകള്‍ക്കിടയിലുണ്ട്? അന്യ മതസ്ഥരും പ്രത്യയശാസ്ത്രങ്ങളും മുസ്‌ലിംകളോട് സ്വീകരിക്കണമെന്ന് സമുദായസ്‌നേഹികള്‍ നിര്‍ബന്ധം പിടിക്കുന്ന നിലപാടുകള്‍ സമുദായത്തിനകത്തെ സഹോദര വിഭാഗങ്ങളോട് പാലിക്കാന്‍ മാത്രം ധാര്‍മികമര്യാദയുള്ളവര്‍ എത്ര പേരുണ്ട്? അത്തരം ധാര്‍മിക ബോധം പുലര്‍ത്തുന്ന സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും എണ്ണം മുസ്‌ലിംകള്‍ക്കിടയിലും കുറഞ്ഞുവരികയാണെന്നതിന് കഴിഞ്ഞ രണ്ട് മാസമായി കേരളം തന്നെ സാക്ഷി. വേട്ടകാരോടൊപ്പം ഇര തേടുന്ന മുസ്‌ലിംകളുടെ വാമന രൂപമാണല്ലോ ഓണപ്പറമ്പിലും മണ്ണാര്‍ക്കാട്ടും എളങ്കൂരിലും നാം കണ്ടത്.
ഏതായാലും “ശഹീദ് ശുകൂറി”നെ പ്രദര്‍ശിപ്പിക്കാനും കൊലപാതകത്തിന്റെ അടിവേര് മാന്താനും സംസ്ഥാനത്തൊട്ടാകെ ഉയര്‍ത്തിയ ഫഌക്‌സ് ബോര്‍ഡുകള്‍ ചിതലരിച്ചും കാട് കയറിയും കണ്‍വെട്ടത്ത് നിന്ന് മാഞ്ഞുതുടങ്ങിയത് അരിയില്‍ ശുകൂര്‍ ചെയ്ത ഏതോ ചില നന്മകളുടെ ഗുണഫലമായിരിക്കാം. തന്റെ ജീവന്‍ വെട്ടിപ്പൊളിച്ചതിന്റെ മറവില്‍ രാഷ്ട്രീയ മൂലധനം ഒരുക്കൂട്ടിയവര്‍ തന്നെ കഠാരയുമായി റോന്ത് ചുറ്റുന്നത് ഇലക്ട്രിക് പോസ്റ്റുകളിലും അങ്ങാടികളില്‍ കുഴിച്ചിട്ട കമുകിന്മേലും ഇരുന്ന് കാണേണ്ടല്ലോ. എളങ്കൂരിലെ അബ്ദുഹാജിയും മണ്ണാര്‍ക്കാട്ടെ പള്ളത്ത് കുഞ്ഞിഹംസയും നൂറുദ്ദീനും അരിയിലെ ശുകൂറില്‍ നിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് മാന്യന്മാര്‍ ചോദിച്ചു തുടങ്ങും മുമ്പേ അവശേഷിച്ചിരിക്കുന്ന ശുകൂര്‍ ബോര്‍ഡുകള്‍ അഴിച്ചുമാറ്റി അട്ടപ്പുറത്തിടാന്‍ ശുകൂറിനെ സ്‌നേഹിക്കുന്നവര്‍ തയ്യാറാകണം. രക്തസാക്ഷികളെപ്രതിയുള്ള ഓര്‍മകളെ വ്യഭിചരിക്കാതെ വേണം അവരോട് നീതി കാണിക്കാന്‍. അതിനാല്‍ ആ ഫഌക്‌സ് ബോര്‍ഡുകള്‍ അഴിച്ചുമാറ്റാനുള്ള സമയമിതാ വന്നെത്തിയിരിക്കുന്നു.