Connect with us

Ongoing News

ഹര്‍ഡില്‍സിലും റിലേയിലും കരുത്തറിയിച്ച് എറണാകുളത്തിന്റെ കുതിപ്പ്‌

Published

|

Last Updated

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ മൂന്നാം ദിനത്തില്‍ ആതിഥേയരായ എറണാകുളത്തിന്റെ മുന്നേറ്റം. തുടക്കം മുതല്‍ മുന്നിലായിരുന്ന നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന്റെ വെല്ലുവിളി എറണാകുളം മൂന്നാം ദിനം മറികടക്കുന്ന കാഴ്ചയായിരുന്നു മഹാരാജാസ് കോളജ് സ്റ്റേഡിയത്തില്‍. മൂന്നാം ദിനത്തിലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 192 പോയിന്റുമായി എറാണാകുളം ജില്ല ഒന്നാമതും 175 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. എണ്‍പത് പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. അവസാന മണിക്കൂറുകളില്‍ നടന്ന എല്ലാ വിഭാഗങ്ങളുടെയും ഹര്‍ഡില്‍സ്, 4×100 മീറ്റര്‍ റിലേ പോരാട്ടങ്ങളിലെ കുതിപ്പാണ് എറണാകുളത്തിന് മുന്‍തൂക്കം നേടിക്കൊടുത്തത്. മൂന്നാം ദിനത്തില്‍ പതിനേഴ് റെക്കോര്‍ഡ് പ്രകടനങ്ങളാണ് പിറന്നത്. പോയിന്റ് പട്ടികയില്‍ എല്ലാ ജില്ലകളും ഇടം പിടിച്ചതും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പത്തനംതിട്ട ജില്ല ഒരു സ്വര്‍ണം സ്വന്തമാക്കിയതും ആറ് താരങ്ങള്‍ ഇരട്ട സ്വര്‍ണം നേടിയതും മൂന്നാം ദിനത്തെ ആവേശമാക്കി.
സ്‌കൂളുകള്‍ തമ്മിലുള്ള പോരില്‍ നിലവിലെ ജേതാക്കളായ കോതമംഗലം സെന്റ് ജോര്‍ജ് എച്ച് എസ് എസ് 84 പോയിന്റുമായി ബഹുദൂരം മുന്നിലേക്ക് കയറി. രണ്ടാം സ്ഥാനത്തുള്ള പാലക്കാട് പറളിക്ക് 54ഉം മൂന്നാമതുള്ള കോതമംഗലം മാര്‍ ബേസിലിന് 52ഉം പോയിന്റുമാണുള്ളത്. ഇന്നലെ എറണാകുളവും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനം നടത്തി കോഴിക്കോട് നെല്ലിപ്പൊയില്‍ സ്‌കൂളിലെ ആതിര കെ ആര്‍ വീണ്ടും മിന്നും താരമായി. മൂവായിരം മീറ്ററിന് പിന്നാലെയാണ് 1,500ലും ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം നടത്തി ആതിരയുടെ കുതിപ്പ്. കഴിഞ്ഞ മീറ്റില്‍ അലീഷ പി ആര്‍ സ്ഥാപിച്ച 4:42:41 സെക്കന്‍ഡിന്റെ സമയം ആതിര 4:35:31 ആക്കി തിരുത്തുകയായിരുന്നു. 2005ല്‍ കേരളത്തിന്റെ ഷമീന ജബ്ബാര്‍ സ്ഥാപിച്ച 4:41:90 ആണ് ഈയിനത്തിലെ നിലവിലെ ദേശീയ റെക്കോര്‍ഡ്.
ഇതേ ഇനത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ തൃശൂര്‍ നാട്ടിക എച്ച് എസിലെ അഞ്ജലി വി ഡിയും ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനം പുറത്തെടുത്തു. സീനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിനെ മറികടക്കുന്ന പ്രകടനം നടത്തി പി യു ചിത്ര മീറ്റിലെ തന്റെ മൂന്നാം സ്വര്‍ണം സ്വന്തമാക്കി. 4:26:76 സെക്കന്‍ഡിന് സ്വന്തം സംസ്ഥാന റെക്കോര്‍ഡും തിരുത്തിയാണ് ചിത്ര സുവര്‍ണ താരമായത്. ഇതേയിനത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ കോഴിക്കോട് പൂവ്വമ്പായി സ്‌കൂളിലെ ജെസി ജോസഫും 4:30:31 സെക്കന്‍ഡിന് ഫിനിഷ് ചെയ്ത് ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനം നടത്തി.
ഹൈജമ്പില്‍ ദേശീയ താരമായ ശ്രീനിത്ത് മോഹന്റെ ദേശീയ റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനവും 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാസിമുദ്ദീന്‍ സ്വന്തം ദേശീയ റെക്കോര്‍ഡിനെ മറികടക്കുന്ന പ്രകടനം നടത്തിയതും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമ്മര്‍ ത്രോയില്‍ റെക്കോര്‍ഡുകള്‍ പെയ്തിറങ്ങിയതും മൂന്നാം ദിനത്തെ ശ്രദ്ധേയമാക്കി.
ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നടത്തത്തില്‍ പാലക്കാട് ടീമിന്റെ മൂന്ന് മത്സരാര്‍ഥികളെ അയോഗ്യരാക്കിയത് പ്രതിഷേധത്തിനിടയാക്കി. മേളക്ക് ഇന്ന് കൊടിയിറങ്ങും.