Connect with us

Articles

ദുരന്തഭൂമിയില്‍ മറ്റൊരു ദുരന്തം, പ്രതിഫലം പഴി മാത്രം

Published

|

Last Updated

പരിശീലനത്തിലെ അപര്യാപ്തത ഫയര്‍ഫോഴ്‌സിനെ അനുദിനം തളര്‍ത്തുന്നു. കാലഹരണപ്പെട്ടതും അശാസ്ത്രീയവുമായ പരിശീലന രീതിയാണ് ഇപ്പോള്‍ ഫയര്‍ഫോഴ്‌സിലുള്ളത്. പഴയ ചാട്ടവും ഓട്ടവും ഹോസ് പിടിച്ച് തീയണക്കാനും പഠിപ്പിക്കുന്നതിലുമൊക്കെ പുറമെ പുതിയ സാങ്കേതിക വിദ്യ എത്തിപ്പിടിക്കാന്‍ ഈ സേനയെ സജ്ജരാക്കേണ്ടതുണ്ട്. ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം നീന്തല്‍ പരിശീലനം, സ്‌കൂബ പരിശീലനം, രാസദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി, ജംഗിള്‍ ട്രെയിനിംഗ് എന്നിവ സേനക്കിപ്പോള്‍ അത്യാവശ്യമാണ്. സേനയിലെ പ്രത്യേക കഴിവുള്ളവരെ കണ്ടെത്തി കേരള പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് മാതൃകയില്‍ ദുരന്ത നിവാരണ സേനക്ക് രൂപം നല്‍കിയാല്‍ നമ്മുടെ ഫയര്‍ഫോഴ്‌സിനെ കഴിവുറ്റതാക്കാന്‍ കഴിയും. ഇപ്പോള്‍ ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെയുള്ള പരിശീലന രീതികള്‍ ഇനിയും ഏറെ പരിഷ്‌കരിക്കേണ്ടതുണ്ട്.
ആവശ്യമായ പരിശീലനത്തിനു പുറമെ, ഇവരുടെ അടിസ്ഥാന സൗകര്യങ്ങളും കൂട്ടേണ്ടതുണ്ട്. 24 മണിക്കൂറും അപകടം കാത്തു കഴിയുന്ന ഈ വിഭാഗത്തിന് സ്വസ്ഥമായി കിടക്കാനും ഭക്ഷണം കഴിക്കാനുമുള്ള സംവിധാനം പല സ്റ്റേഷനുകളിലും ഇല്ലെന്നത് ലജ്ജാകരമാണ്. സംസ്ഥാനത്ത് 102 ഫയര്‍ സ്റ്റേഷനുകളാണുള്ളത്. ഇവയില്‍ പകുതിയും വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായ കെട്ടിടമുള്ളിടത്തെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെട്ട അവസ്ഥയിലാണ്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പുതുതായി അനുവദിച്ച ഫയര്‍ സ്റ്റേഷനുകളിലേക്കൊന്നും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചില്ലെന്നിരിക്കെ തന്നെ ചില സ്റ്റേഷനുകളില്‍ ആവശ്യത്തിലധികം ജീവനക്കാരുണ്ടു താനും. കഴക്കൂട്ടം, കൊട്ടാരക്കര, ഏലൂര്‍, മാള, പുതുക്കാട്, കൊടുവള്ളി, ഇരിട്ടി, ഉപ്പള, , കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ മൂന്ന് ഫയര്‍മാന്‍ ഡ്രൈവര്‍, രണ്ട് ലീഡിംഗ് ഫയര്‍മാന്‍ എന്ന ക്രമത്തിലും പരവൂര്‍, ചാമക്കട, കാട്ടാക്കട, സീതത്തോട് എന്നിവിടങ്ങളില്‍ മൂന്ന് ലീഡിംഗ് ഫയര്‍മാന്‍ എന്ന ക്രമത്തിലുമാണ് ജീവനക്കാരുള്ളത്. സംസ്ഥാനത്ത് ഫയര്‍ ഫോഴ്‌സിന്റെ വിവിധ യൂനിറ്റുകളിലേക്കായി ആയിരത്തിലധികം ഒഴിവുണ്ട്.
ഫയര്‍ ഫോഴ്‌സിലേക്ക് സംസ്ഥാനാടിസ്ഥാനത്തിലാണ് പി എസ് സി ജീവനക്കാരെ നിയമിക്കുന്നത്. മുഴുവന്‍ ജില്ലകളിലേക്കുമായി അഞ്ച് ഡിവിഷനാണ് ഫയര്‍ ഫോഴ്‌സിനുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവയാണിത്. ജീവനക്കാരായി നിയമിക്കപ്പെടുന്നവരിലധികവും സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്ന പരാതി വ്യാപകമാണ്. നിയമനം ലഭിച്ചാല്‍ സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറി പോകുന്നുവെന്നതുകൊണ്ട് വടക്കന്‍ ജില്ലകളില്‍ പലയിടത്തും ജീവനക്കാരില്ലാത്ത അവസ്ഥയുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ നിയമനം ജില്ലാ തലത്തിലാക്കണമെന്ന ആവശ്യം ജീവനക്കാര്‍ക്കിടയില്‍ വ്യാപകമാണ്. കൂടാതെ തദ്ദേശീയരല്ലാത്തതിനാല്‍ കാസര്‍ക്കോടടക്കമുള്ള ജില്ലകളില്‍ ഭാഷാപ്രശ്‌നം വ്യാപകമാണ്. ജില്ലയുടെ പല ഭാഗങ്ങളും കന്നഡ ഏരിയകളാണെന്നിരിക്കെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഭാഷ പലപ്പോഴും വിലങ്ങുതടിയാകാറുണ്ട്. ഫയര്‍ സര്‍വീസില്‍ ജീവനക്കാരോടുള്ള അവഗണന കാരണം പലരും മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് മാറുന്നത് പതിവാണ്.
ഭരണതലത്തിലെ അനാസ്ഥയില്‍ ജീവനക്കാര്‍ ഉഴലുന്നത് ഫയര്‍ ഫോഴ്‌സില്‍ സാധാരണമാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ, സേനാംഗങ്ങള്‍ ധരിക്കേണ്ട ഹെല്‍മറ്റ്, ഗംഷൂ, റെയിന്‍കോട്ട്, ഗ്ലൗസ് എന്നിവ ഒമ്പത് വര്‍ഷമായത്രേ പൂര്‍ണമായി വിതരണം ചെയ്തിട്ട്. ഏറെ മുറവിളിക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം കുറച്ച് നല്‍കിയെങ്കിലും മുഴുവന്‍ പേര്‍ക്കും കിട്ടിയിട്ടില്ലെന്നാണറിയുന്നത്. ലഭിച്ചവയുടെ ഗുണനിലവാരം വേറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനിടെ, അത്യാഹിതം സംഭവിച്ചാല്‍ തന്റെ കുടുംബത്തിന് പേടിക്കാനൊന്നുമില്ലെന്ന ധൈര്യം നമ്മുടെ ഫയര്‍ ഫോഴ്‌സ് സേനക്കില്ല. ഇക്കാര്യത്തില്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പരിരക്ഷ മാത്രമാണ് ദുരന്തമുഖത്ത് പൊരുതുന്ന ഈ വിഭാഗത്തിനുമുള്ളത്. ജീവനക്കാരുടെ സംഘടനകള്‍ ഈയാവശ്യമുന്നയിച്ച് നിരവധി തവണ അധികൃതരെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ പമ്പയാറില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കുത്തൊഴുക്കില്‍ പെട്ട് മരണമടഞ്ഞ സേനാംഗത്തിന് ജീവനക്കാരുടെ മുറവിളികള്‍ക്കൊടുവിലാണ് അഞ്ച് ലക്ഷം രൂപ അനുവദിച്ചത്.
വേണ്ടത്ര സംവിധാനങ്ങളും പരിഗണനയും കൊടുക്കാതെ അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഫയര്‍ഫോഴ്‌സിനെ പഴിച്ചിട്ട് കാര്യമില്ല. വേണ്ടത്ര പരിശീലനവും സംവിധാനങ്ങളുമില്ലാത്തതു കാരണം രക്ഷാ പ്രവര്‍ത്തനം പലപ്പോഴും ദുരന്തമുഖത്ത് മറ്റൊരു ദുരന്തമുഖം വിതക്കുകയേ ചെയ്യൂ. അപര്യാപ്തമായ പരിശീലനത്തിനൊപ്പം പരീക്ഷകളിലെ “കളികളും” പര്‍ച്ചേഴ്‌സിലെ “തിരിമറികളും” ഫയര്‍ഫോഴ്‌സിനെ വീണ്ടും വീണ്ടും തകര്‍ച്ചയിലേക്ക് തള്ളുന്നു.

Latest