Connect with us

Articles

പരീക്ഷകളിലെ 'കളികള്‍'; പര്‍ച്ചേസിലെ തിരിമറികള്‍

Published

|

Last Updated

ഫയര്‍ ഫോഴ്‌സില്‍ ലീഡിംഗ് ഫയര്‍മാന്‍ തസ്തികയിലേക്ക് നടന്ന ഒരു െ്രപാമോഷന്‍ ടെസ്റ്റിനെക്കുറിച്ചുള്ള അനുഭവം അന്നത്തെ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗത്തിന് മറക്കാനാകുന്നതല്ല. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇദ്ദേഹം വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാണെങ്കിലും ഫയര്‍ ഫോഴ്‌സിലെ വിവരങ്ങളെക്കുറിച്ചന്വേഷിച്ചാല്‍ ഈ ടെസ്റ്റിനെക്കുറിച്ചാണ് ആദ്യം വാചാലനാകുക. “ടെസ്റ്റില്‍ ഒട്ടേറെ പേര്‍ മികവ് പുലര്‍ത്തിയെങ്കിലും ചിലര്‍ക്ക് മാര്‍ക്ക് നന്നേ കുറവായിരുന്നു. എന്നാല്‍, ഇവര്‍ മുകള്‍ത്തട്ടിലുള്ളവര്‍ക്ക് വേണ്ടപ്പെട്ടവരായതിനാല്‍ മാര്‍ക്ക് നോക്കാതെ െ്രപാമോഷന്‍ നല്‍കണമെന്നാണ് നിര്‍ദേശം. ഇങ്ങനെയാകുമ്പോള്‍ ഈ കക്ഷികളേക്കാളും അല്‍പ്പം മികവുള്ളവര്‍ പരാജയപ്പെടും. ഈ വൈരുധ്യം തനിക്കും കൂടെയുള്ള അംഗങ്ങള്‍ക്കും സഹിക്കാനാകുന്നതായില്ല. അവസാനം ഞങ്ങളെടുത്ത തീരുമാനം എല്ലാവരേയും പാസ്സാക്കി വിടുകയെന്നതായിരുന്നു. പിന്നെ ജീവിതത്തില്‍ ഞാന്‍ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗമാകാന്‍ പോയിട്ടില്ല” – അദ്ദേഹം പറയുന്നു.
ഉത്തരവാദപ്പെട്ട ഒരു തസ്തികയിലേക്ക് നടന്ന ടെസ്റ്റിന്റെ രൂപമാണ് മേല്‍പ്പറഞ്ഞത് എന്നതിനു പുറമെ, ഫയര്‍ ഫോഴ്‌സിലേക്ക് നടക്കുന്ന തിയറി പരീക്ഷകളുടെ മൂല്യനിര്‍ണയവും മറ്റും തീരെ ഗൗരവമില്ലാതെയാണ് നടക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്. ഡിവിഷണല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിനാണ് മൂല്യനിര്‍ണയത്തിന്റെ ചുമതലയെങ്കിലും കൂട്ടത്തില്‍ ജൂനിയറായ ഉദ്യോഗസ്ഥന്റെ തലയിലിട്ട് രക്ഷപ്പെടലാണത്രേ പലപ്പോഴും. ടെസ്റ്റുകളുടെയും മൂല്യനിര്‍ണയത്തിന്റെയും നിലവാരത്തില്‍ തന്നെയാണ് പരിശീലനത്തിനുള്ള സിലബസും. 28 ഓളം പാഠങ്ങളുള്ള സിലബസില്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാത്രമാണ് പഠിപ്പിക്കുന്നത്. എന്നാല്‍, പല ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കേണ്ട വിധം പരാമര്‍ശിക്കുന്നില്ല.
ഫയര്‍ ഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അഖിലേന്ത്യാതലത്തില്‍ പരിശീലനം നല്‍കുന്നത് നാഗ്പൂരിലാണ്. ഇവിടെയും കാര്യക്ഷമമായ രീതിയിലല്ല കാര്യങ്ങളെന്നാണറിയുന്നത്. ടെസ്റ്റും സിലബസുമെല്ലാം പോലെ തല തിരിഞ്ഞതാണ് ഫയര്‍ഫോഴ്‌സിലെ പര്‍ച്ചേഴ്‌സ് രീതിയും. ഒരു സര്‍ക്കാര്‍ വകുപ്പ് എന്ന രൂപത്തില്‍ കുറെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു എന്നല്ലാതെ അവയെല്ലാം ഗുണനിലവാരമുള്ളതാണോയെന്ന് ആരും നോക്കാറില്ല. വണ്ടിയിലേക്ക് വേണ്ട ബാറ്ററിയും കയറുമെല്ലാം സമയത്തിന് ലഭിക്കാത്തതിനാല്‍ ജീവനക്കാര്‍ തന്നെ വാങ്ങേണ്ട ഗതികേടാണുള്ളത്. എന്നാല്‍, ഇത്തരം സാധനങ്ങള്‍ ചിലപ്പോള്‍ ലോഡ്കണക്കിന് വരാറുമുണ്ട്. കൃത്യമായ ഉപയോഗക്രമമനുസരിച്ചല്ല ഇവക്ക് ഓര്‍ഡര്‍ നല്‍കുന്നതെന്നതുകൊണ്ട് പല സാധനങ്ങളും അതാത് സ്റ്റോറുകളില്‍ പഴകി നശിക്കാറാണ് പതിവ്. സംസ്ഥാനത്ത് ഫയര്‍ ഫോഴ്‌സിന് വേണ്ട സാധനങ്ങള്‍ വിതരണം ചെയ്യുന്നത് തിരുവനന്തപുരത്ത് നിന്നാണ്. അതാത് സ്റ്റേഷനില്‍ നിന്ന് വഴിപാടായി ഇന്റന്റ് വാങ്ങാറുണ്ടെങ്കിലും ഇതനുസരിച്ചല്ല സാധനങ്ങളെത്താറ്. ഉപകരണങ്ങള്‍ വേണ്ട സ്റ്റേഷനുകളില്‍ വേണ്ടത്ര നല്‍കാതെ വാങ്ങിയവ എവിടെയെങ്കിലും കൂട്ടിയിടുന്ന പതിവ് സാധാരണമാണ്. ഈ ഇടപാടുകള്‍ അതാത് ഡിവിഷന്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചായാല്‍ കുറച്ചുകൂടി സുതാര്യമാക്കാന്‍ കഴിയുമെന്നഭിപ്രായമുണ്ട്. ഫയര്‍ ഫോഴ്‌സ് ഓഫീസുകള്‍ സന്ദര്‍ശിച്ച് ഉപകരണങ്ങളുടെയും സാധന സാമഗ്രികളുടെയും സ്‌റ്റോക്ക് ഉറപ്പ് വരുത്തേണ്ടത് തിരുവനന്തപുരത്ത് നിന്നെത്തുന്ന ഇന്‍സ്‌പെക്ടര്‍മാരാണത്രെ. മലപ്പുറം ജില്ലയിലേക്ക് കൊണ്ടു വന്ന ഗുണനിലവാരമില്ലാത്ത ഹോസ് വേണ്ടെന്ന് പറഞ്ഞ് തിരിച്ചയച്ച ഉദ്യോഗസ്ഥനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതും ഉദ്യോഗസ്ഥന്‍ അവിടെയെത്തുന്നതിന് മുമ്പ് തിരിച്ചയച്ച ഹോസ് ഇടുക്കിയിലെ സ്റ്റേഷനിലെത്തിച്ച് ബന്ധപ്പെട്ടവര്‍ പകവീട്ടിയതും വകുപ്പിനുള്ളില്‍ പാട്ടാണ്.
ഫയര്‍ ഫോഴ്‌സില്‍ നിത്യേന ഉപയോഗിക്കാത്ത ഉപകരണങ്ങള്‍ ഒരാഴ്ച കൂടുമ്പോള്‍ പ്രവര്‍ത്തിപ്പിച്ച് കേടാകാതെ നോക്കണമെന്നാണ് ചട്ടം. പലയിടങ്ങളിലും ഇങ്ങനെ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധന ചെലവ് കാണിക്കുന്നുവെന്നല്ലാതെ കാര്യങ്ങള്‍ നടക്കാറില്ല. പല ഉപകരണങ്ങളും എളുപ്പം തുരുമ്പെടുത്ത് നശിക്കുന്നത് ഈ അനാസ്ഥ കാരണമാണ്.
തിയേറ്ററുകളുള്‍ക്കൊള്ളുന്ന കെട്ടിടങ്ങളിലും മറ്റും ഉണ്ടാകാറുള്ള പ്രാഥമിക അഗ്നിശമന സംവിധാനം നിശ്ചിത കാലയളവില്‍ പ്രവര്‍ത്തനക്ഷമത പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. വേണ്ടത്ര പരിശോധന നടക്കാതെയാണ് ഇങ്ങനെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്ന ആക്ഷേപമുണ്ട്. സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താന്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് ഇടനിലക്കാരും പ്രവര്‍ത്തിക്കുന്നുണ്ടത്രേ.
താഴെക്കിടയിലുള്ള ജീവനക്കാരുടെ ആത്മാര്‍ഥതയാണ് ഫയര്‍ ഫോഴ്‌സിനെ പൊതുജനമധ്യത്തില്‍ തലയുയര്‍ത്തിനില്‍ക്കാന്‍ സഹായിക്കുന്നതെന്ന കാര്യം പരമാര്‍ഥമാണ്. പല സ്റ്റേഷനുകളിലും അത്യാവശ്യം വേണ്ട ചെറിയ ഉപകരണങ്ങള്‍ ജീവനക്കാര്‍ തന്നെ പിരിവെടുത്ത് വാങ്ങാറുണ്ട്. വെള്ളത്തിലകപ്പെട്ടവരെ രക്ഷിക്കാന്‍ ഉപയോഗിക്കുന്ന പാതാളക്കരണ്ടി ഇതിലുള്‍പ്പെടും.
ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കി പരിശീലനം നല്‍കിയാല്‍ ദുരന്ത നിവാരണ രംഗത്ത് വലിയൊരു മുന്നേറ്റത്തിന് കഴിയും.
അതേക്കുറിച്ച് നാളെ

mayanadumer@gmail.com

Latest