Kerala
ഭൂമി തട്ടിപ്പ്: കരീമുമായി ചര്‍ച്ചനടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു

കോഴിക്കോട്: ചക്കിട്ടപ്പാറയിലെ 1000 ഏക്കറോളം വനഭൂമിയില്‍ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം വഴിത്തിരിവിലേക്ക്. സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റിക്കും മുന്‍വ്യവസായ മന്ത്രി എളമരം കരീമിനുമെതിരെ കൂടുതല്‍ തെളിവുകളുമായി തട്ടിപ്പിനിരയായ പാര്‍ട്ടി അനുഭാവികള്‍ രംഗത്ത് വന്നു. എളമരം കരീമിന്റെ ബന്ധു ടി.പി.നൗഷാദ് വ്യാജരേഖകള്‍ ചമച്ച് 100 കോടിയോളം വിലമതിക്കുന്ന 56 ഏക്കറിലധികം ഭൂമി തട്ടിയെടുത്തെന്നാണ് ആരോപണം.
സംഭവം രമ്യമായി പരിഹരിക്കുന്നതിനായി മധ്യസ്ഥത വഹിച്ച സിപിഎം ജില്ലാ നേതൃത്വവും എളമരം കരീമും തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടി അനുഭാവികള്‍ ആരോപിക്കുന്നത്. അതിനിടെ തട്ടിപ്പിനിരയായവര്‍ എളമരം കരീമുമായി ചര്‍ച്ച നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു. തട്ടിപ്പിനിരയായവര്‍ തിരുവമ്പാടി ഏരിയകമ്മറ്റി ഓഫീസിലും മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം തോമസുമായും ചര്‍ച്ച നടത്തിയ തെളിവുകളും പുറത്തുവന്നിട്ടുണ്ട്്. പരാതിയുമായെത്തിയപ്പോള്‍ എളമരം കരീം സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തി ടിപി രാമകൃഷ്ണനെ കാണാനും പറഞ്ഞിരുന്നു. ഇതനുസരിച്ച് ഇവര്‍ അവിടെയും പോയിരുന്നു. 2009-10 കാലയളവിലാണ് നൗഷാദ് കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുത്തത്. തട്ടിപ്പിനിരയായവരില്‍ ഏറെയും സിപിഎം അംഗങ്ങളും അനുഭാവികളുമായിരുന്നു.
മുക്കം, മാവൂര്‍, ബാലുശേരി ഏരിയാകമ്മറ്റികള്‍ വഴി ഇരകളായ ഇവര്‍ പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ടെങ്കിലും അനുകൂലമായ നടപടിയല്ല ഇവരില്‍ നിന്ന് ഉണ്ടായതെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു. കിനാലൂരിലെ വ്യവസായ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനോട് ചേര്‍ന്ന തോരാട് മല, മുക്കം എന്നിവിടങ്ങളില്‍ നിന്ന് ഏക്കര്‍ കണക്കിന് ഭൂമിയാണ് നൗഷാദ് തട്ടിയെടുത്തത്. ഓഹരി വ്യവസ്ഥയില്‍ ട്രഷറി യൂണിറ്റ് ബിസിനസ് തുടങ്ങാനെന്ന പേരിലാണ് നൗഷാദ് ഭൂമി സ്വന്തമാക്കിയത്. തട്ടിപ്പ് സംബന്ധിച്ച് പരാതിയുമായെത്തിയ തങ്ങളെ ഭീഷണിപ്പെടുത്താനും പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ മുതിര്‍ന്നതായും ഇരകള്‍ ആരോപിച്ചു. ഇവയെല്ലാം കര്‍ണാടകയിലെ വിവാദ കമ്പനിയായ എംഎസ്പിഎല്ലിനു വേണ്ടിയാണെന്ന് സംശയിക്കുന്നതായും ഇവര്‍ പറയുന്നു.