International
ശ്രീലങ്ക ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കുന്നു
കൊളംബോ: രണ്ടര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ ഒടുവില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ രംഗത്ത്. 1983 മുതല്‍ 2009 വരെ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സെന്‍സസ് ആരംഭിച്ചു. ആഭ്യന്തര യുദ്ധത്തില്‍ നിരവധി പേരെ കൊന്നൊടുക്കിയതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പഴി ശക്തമായ സാഹചര്യത്തിലാണ് നടപടി. ഈ മാസം ശ്രീലങ്കയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയും ഈ പ്രശ്‌നത്തെച്ചൊല്ലി അലങ്കോലപ്പെട്ടിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല.
ആഭ്യന്തര യുദ്ധത്തിലുണ്ടായ മുഴുവന്‍ കഷ്ടനഷ്ടങ്ങള്‍ സംബന്ധിച്ചുള്ള കണക്കുകളും ശേഖരിക്കുമെന്ന് ഗവണ്‍മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ന് മുതല്‍ തുടങ്ങുന്ന സെന്‍സസ് ആറ് മാസത്തിനകം പൂര്‍ത്തിയാക്കും. ഇതിനായി 16,000 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.