Kerala
സംസ്ഥാനത്ത് രണ്ട് ദിവസം വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: അറ്റകുറ്റപണിക്കായി മൂലമറ്റം പവര്‍ഹൗസ് അടച്ചിടുന്നതിനാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. കേന്ദ്രീകൃത എയര്‍കണ്ടീഷനിംഗിന്റെയും വെന്റിലേഷന്റെയും അറ്റകുറ്റ പ്രവൃത്തികള്‍ക്കായി നാളെ രാത്രി 11 മുതല്‍ ഡിസംബര്‍ രണ്ടിന് വൈകീട്ട് അഞ്ച് വരെയാണ് ഉത്പാദനം നിര്‍ത്തുന്നത്.
ഭൂഗര്‍ഭ അറക്കുള്ളില്‍ സ്ഥാപിച്ചിട്ടുള്ള ജനറേറ്റിംഗ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ചൂടിനെ അനുവദനീയ നിലയില്‍ നിയന്ത്രിച്ചു നിര്‍ത്തുന്നത് എയര്‍ കണ്ടീഷനിംഗ് സംവിധാനമാണ്. അതുകൊണ്ടു തന്നെ, ഈ സംവിധാനം നിര്‍ത്തിയിടുമ്പോള്‍ വൈദ്യുതോത്പാദനം നടത്താനായി ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. പവര്‍ ഹൗസിലെ താപനില ഉയരുന്നതിനാലാണ് യന്ത്രങ്ങള്‍ക്ക് നിരന്തരം തകരാര്‍ സംഭവിക്കുന്നതെന്ന് വൈദ്യുതി ബോര്‍ഡ് മുന്‍ അംഗം കെ രാധാകൃഷ്ണന്‍ ചെയര്‍മാനായുള്ള അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.
മൂലമറ്റത്ത് ഉത്പാദനം നിര്‍ത്തുന്നതോടെ പകല്‍ നാനൂറ് മെഗാ വാട്ടിന്റെയും വൈകുന്നേരത്തെ പീക്ക് സമയത്ത് എഴുനൂറ് മെഗാ വാട്ടിന്റെയും കുറവുണ്ടാവും. എങ്കിലും വൈദ്യുതി നിയന്ത്രണം കഴിവതും കുറക്കാനായി കായംകുളം നിലയത്തില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള നിര്‍ദേശം വൈദ്യുതി ബോര്‍ഡ് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.