Connect with us

Articles

പൊതു ബോധവത്കരണം അനിവാര്യം

Published

|

Last Updated

ദുരന്തനിവാരണം സംബന്ധിച്ച് പൊതുജനത്തിനുള്ള അജ്ഞത ഫയര്‍ ഫോഴ്‌സിനെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്നു. ഒന്നുകൂടി ഊന്നിപ്പറഞ്ഞാല്‍, ചിലപ്പോള്‍ അപകടത്തിന്റെ തോത് കൂട്ടുന്നതിനും ഇത് കാരണമാകുന്നു. ഈയടുത്ത് ഉണ്ടായ ഒരു ടാങ്കര്‍ ദുരന്തം ഭീകരമാകാന്‍ കാരണം അടുത്തുണ്ടായിരുന്ന ഒരു വാഹനം സ്റ്റാര്‍ട്ട് ചെയ്തതാണെന്ന വിവരമറിയുമ്പോള്‍ ഇതിന്റെ പ്രാധാന്യം വെളിവാകും. ഒരു ദുരന്തം സംഭവിച്ച സ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സ് ഓടിയെത്തുന്നതിനിടക്കുള്ള ചെറിയ പിഴവുകള്‍ ആ ദുരന്തത്തിന്റെ വ്യാപനം തടയുന്നതില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഇവിടെ പൊതുജനങ്ങള്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കണം. അവര്‍ക്ക് ഇത് സംബന്ധിച്ച വ്യക്തമായ ബോധവത്കരണം നല്‍കിയാലേ രക്ഷാപ്രവര്‍ത്തനം വിജയകരമാകൂ. ഫയര്‍ ഫോഴ്‌സിനെ പൊതുജനങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിനും ദൈനംദിന ജീവിതത്തില്‍ സ്വയം സുരക്ഷക്ക് ആവശ്യമായ ബോധവത്കരണം നല്‍കുന്നതിനും കുടുംബശ്രീ പോലുള്ള സംഘടനകളുമായി കൈകോര്‍ക്കാവുന്നതാണ്. സ്ത്രീകള്‍ക്ക് എല്‍ പി ജി സംബന്ധിച്ച ബോധവത്കരണ ക്ലാസുകള്‍ അനിവാര്യമാണ്. കൂടാതെ, പ്രാദേശിക സുരക്ഷാ സ്‌ക്വാഡിന് രൂപം നല്‍കുകയും പിന്നീട് അവരുടെയും പ്രദേശത്തെ ഫയര്‍ യൂനിറ്റിന്റെയും നേതൃത്വത്തില്‍ ബോധവത്കരണം വിപുലമാക്കാവുന്നതാണ്. പാചക വാതക ഉപയോഗവും മറ്റും കൂടിക്കൊണ്ടിരിക്കെ അപകടങ്ങളും വര്‍ധിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടക്ക് ചെറുതും വലുതുമായി 70 വാതക ചോര്‍ച്ചാ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചെറുതായാലും വലുതായാലും അപകടമുണ്ടാകുമ്പോള്‍ ആധുനിക സംവിധാനം ഉപയോഗിച്ചാലേ എളുപ്പം നിയന്ത്രണവിധേയമാക്കാനാകൂ.
ദുരന്തനിവാരണം സംബന്ധിച്ച ബോധവത്കരണം സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നേ തുടങ്ങേണ്ടതുണ്ട്. സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റ് മാതൃകയില്‍ ഇത് നടപ്പാക്കിയാല്‍ വലിയ മാറ്റത്തിന് കാരണമാകും. കൂടാതെ സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ദുരന്തനിവാരണത്തിന്റെ ബാലപാഠങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഈയടുത്ത് കോട്ടയം ജില്ലയില്‍ ഒരു റോഡപകടത്തില്‍ ഒരാള്‍ മരണത്തോട് മല്ലിടുന്നത് കണ്ട ഭാവം നടിക്കാതെ പലരും കടന്നുകളഞ്ഞു. ആ വഴി വന്ന എസ് പി സി അംഗമായ ഒരു വിദ്യാര്‍ഥിയാണ് ഇയാളെ രക്ഷിക്കാന്‍ പോലീസിലേക്കും ഫയര്‍ ഫോഴ്‌സിലേക്കും വിവരമറിയിച്ചത്.
അപകട വിവരമറിയിക്കുന്നവര്‍ വ്യക്തമായ റൂട്ട് പറഞ്ഞു കൊടുക്കാതെ ഫോണ്‍ വെക്കുന്നത് പലപ്പോഴും ഫയര്‍ഫോഴ്‌സിനെ കുഴക്കുന്നു. മുന്‍കൂട്ടിയുള്ള ബോധവത്കരണം ഇത് പരിഹരിക്കും. കൂടാതെ, യൂനിറ്റിന് കീഴിലുള്ള പ്രദേശങ്ങളുടെ വഴി അടയാളപ്പെടുത്തുന്ന വിപുലമായ സ്‌കെച്ച് ഫയര്‍ യൂനിറ്റ് ആസ്ഥാനത്തും നിര്‍ബന്ധമായും ഉണ്ടാവണം.
ഫയര്‍ ഫോഴ്‌സിനെ സംബന്ധിച്ചിടത്തോളം പ്രദേശത്തെ വഴിയെക്കുറിച്ച് വ്യക്തമായ ധാരണ നിര്‍ബന്ധമാണ്. പ്രദേശവുമായി ബന്ധമില്ലാത്ത അന്യദേശക്കാരാണ് പലപ്പോഴും ഫയര്‍ ഫോഴ്‌സ് ഡ്യൂട്ടിക്ക് എത്തുന്നതെന്നതുകൊണ്ട് സ്ഥലപരിചയമില്ല. ഫയര്‍ ഫോഴ്‌സിനെ വിളിച്ചാല്‍ പണം നല്‍കേണ്ടി വരുമെന്നാണ് പലരുടെയും ധാരണ. ഇതുകൊണ്ടുതന്നെ അപകടങ്ങളുണ്ടായാല്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കാന്‍ പലരും വിമുഖത കാണിക്കുകയാണെന്ന് ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ പറയുന്നു.
ഫയര്‍ ഫോഴ്‌സിനെ ഉപദ്രവിക്കുന്നത് സ്വന്തത്തോട് ചെയ്യുന്ന ക്രൂരതയാണെന്ന തിരിച്ചറിവ് പൊതുജനത്തിന് വേണം. കോഴിക്കോട്ട് ഒരു യുവജന സംഘടന നടത്തിയ മാര്‍ച്ചിനിടെ ഫയര്‍ ഫോഴ്‌സ് വാഹനം ആക്രമിക്കപ്പെട്ടിരുന്നു. മാസങ്ങളോളം കട്ടപ്പുറത്ത് കിടന്ന ഈ വാഹനം ഈയടുത്താണ് ഉപയോഗയോഗ്യമായത്. മലപ്പുറത്തുണ്ടായ ഒരു വാഹനാപകടത്തിനിടെ അപകടമുണ്ടാക്കിയ ബസിന് തീവെച്ചപ്പോള്‍ ദുരന്തമുഖത്ത് ഓടിയെത്തിയ ഫയര്‍ഫോഴ്‌സ് തീയണക്കാന്‍ ശ്രമിച്ചു. ഇതില്‍ ക്ഷുഭിതരായ ജനക്കൂട്ടം ഫയര്‍ഫോഴ്‌സ് വാഹനം കേട് വരുത്തുകയായിരുന്നു. വാഹനക്ഷാമം നേരിടുന്ന ഫയര്‍ഫോഴ്‌സ് വിഭാഗത്തിന്റെ ഉള്ള വാഹനം കേട് വരുത്തിയാല്‍ പിന്നെ ജീവനക്കാര്‍ വെറുതെയിരിക്കേണ്ട അവസ്ഥയാകുമെന്ന് എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്.
കൂണ്‍ പോലെ മുളച്ചു പൊന്തുന്ന ബഹുനില കെട്ടിടങ്ങളില്‍ പലതും അപകടം കാത്തു കഴിയുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. കെട്ടിടത്തിന് അംഗീകാരം ലഭിക്കുന്നതിനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഫയര്‍ ഫോഴ്‌സ് അധികൃതരാണ് നല്‍കുന്നത്. എന്നാല്‍, എന്‍ ഒ സി നല്‍കിയ ശേഷം അപകടരഹിത സംവിധാനം എടുത്തുമാറ്റുകയോ കേടായിക്കിടക്കുകയോ ആണ്. പലയിടത്തും. ഇത് പരിശോധിക്കാനുള്ള അധികാരം എന്‍ ഒ സി നല്‍കിയ ഫയര്‍ ഫോഴ്‌സ് അധികൃതര്‍ക്ക് പിന്നീട് ഇല്ല എന്നതാണ് വാസ്തവം.
ബഹുനില കെട്ടിടങ്ങളില്‍ അപകടങ്ങളുണ്ടാകുമ്പോള്‍ ഇരുട്ടില്‍ തപ്പേണ്ട അവസ്ഥയാണ് പലപ്പോഴും ഫയര്‍ഫോഴ്‌സിന്. കെട്ടിടങ്ങളുടെ സ്‌കെച്ച് അതാത് യൂനിറ്റ് ഫയര്‍ ഫോഴ്‌സിന്റെ വശം ഉണ്ടായാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും.
ടാങ്കര്‍ ദുരന്തങ്ങളെ ചെറുക്കാന്‍ ചുരുങ്ങിയത് വാതകങ്ങളും രാസപദാര്‍ഥങ്ങളും കൊണ്ടുവരുന്ന ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ നിരീക്ഷിക്കേണ്ടതുണ്ട്. ഡ്രൈവിംഗിനിടെ, മദ്യപിക്കുന്നതായും ആവശ്യമായ വിശ്രമമില്ലാതെ വണ്ടിയോടിക്കുന്നതായുമുള്ള പരാതി മറ്റ് ഡ്രൈവര്‍മാരെ പോലെ തന്നെ ടാങ്കര്‍ ഡ്രൈവര്‍മാരെക്കുറിച്ചുമുണ്ട്. ഈ പരാതി ടാങ്കര്‍ ഡ്രൈവറെക്കുറിച്ചാകുമ്പോള്‍ അതീവ ഗുരുതരമാണല്ലോ.

 

Latest