Connect with us

Ongoing News

പ്രചാരണം അവസാനിച്ചു; ഡല്‍ഹി നാളെ ബൂത്തിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി നാളെ ബൂത്തിലേക്ക്. നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്നലെയായിരുന്നു. പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ 25ഓളം റാലികളും റോഡ് ഷോകളും ഡല്‍ഹി നഗരത്തെ ഇളക്കിമറിച്ചു. മുഖ്യ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബി ജെ പി എന്നിവര്‍ക്ക് പുറമെ ബി എസ് പി, ജെ ഡി യു കക്ഷികളും കന്നി പോരാട്ടത്തിനിറങ്ങുന്ന ആം ആദ്മി പാര്‍ട്ടിയും അവസാന ദിവസം സജീവമായി പ്രചാരണത്തിനുണ്ടായിരുന്നു.
മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. അവസാന ദിവസം ഏഴോളം പ്രചാരണ യോഗങ്ങളിലാണ് അവര്‍ സംബന്ധിച്ചത്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് വോട്ടഭ്യര്‍ഥിച്ച അവര്‍ കഴിഞ്ഞ 15 വര്‍ഷം കൊണ്ട് ഡല്‍ഹിയെ സമൂലമായി മാറ്റാന്‍ സാധിച്ചതായി അവകാശപ്പെട്ടു. എങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അത് തുടരേണ്ടതുണ്ടെന്നും അതിന് വോട്ടര്‍മാരുടെ പിന്തുണ ആവശ്യമാണെന്നും അവര്‍ അഭ്യര്‍ഥിച്ചു. കമല നഗറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്താണ് അവര്‍ ഈ അഭിപ്രായങ്ങള്‍ പറഞ്ഞത്.
മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ ബി ജെ പി നരേന്ദ്ര മോഡിയടക്കമുള്ളവരെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിച്ചു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഡല്‍ഹി ഭരിക്കുന്ന ഷീലാ ദീക്ഷിത് സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചിരിക്കുകയാണെന്നും അവരെ താഴെയിറക്കാന്‍ വോട്ടര്‍മാര്‍ക്ക് ലഭിച്ച സുവര്‍ണാവസരമാണ് തിരഞ്ഞെടുപ്പെന്നുമാണ് ബി ജെ പി പ്രധാനമായും മുന്നോട്ട് വെച്ച ആശയം. ഡല്‍ഹി നേരിടുന്ന മുഖ്യപ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ ഷീല ദീക്ഷിതിന് കഴിഞ്ഞിട്ടില്ലെന്നും ബി ജെ പി ആരോപിക്കുന്നു. പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, നിധിന്‍ ഗഡ്കരി, അമിത് ഷാ, നജ്മ ഹിബത്തുല്ല, വിനോദ് ഖന്ന, രവി ശങ്കര്‍ പ്രസാദ്, നവജ്യോത് സിംഗ് സിധു തുടങ്ങിയ പ്രമുഖരെല്ലാം വിവിധ റാലികളില്‍ അണിനിരന്നു.
കന്നി തിരഞ്ഞെടുപ്പിനിറങ്ങുന്ന ആം ആദ്മി പാര്‍ട്ടി വിവിധയിടങ്ങളില്‍ റാലികളും റോഡ് ഷോകളും സംഘടിപ്പിച്ചു. അഴിമതി മുഖ്യ ആയുധമാക്കിയായിരുന്നു അവരുടെ പ്രചാരണം. അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടികളെ തൂത്തെറിയാനായിരുന്നു നേതാക്കന്‍മാരുടെ ആഹ്വാനം.
അവസാന ദിവസ റാലിയില്‍ പങ്കെടുത്ത് ബി എസ് പി നേതാവ് മായവതി മൂന്ന് പ്രചാരണങ്ങളെ അഭിസംബോധന ചെയ്തു. അവര്‍ പ്രധാനമായും യു പി എ സര്‍ക്കാറിനെയാണ് കടന്നാക്രമിച്ചത്. ആകെയുള്ള 70 സീറ്റുകളില്‍ 69ലും ബി എസ് പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 2008ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്താന്‍ ബി എസ് പിക്ക് സാധിച്ചിരുന്നു. 14.05ശതമാനം വോട്ടാണ് അവര്‍ നേടിയത്. അന്ന് രണ്ട് സീറ്റുകളില്‍ വിജയിച്ച ബി എസ് പി ഇത്തവണ നില മെച്ചപ്പെടുത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ രണ്ട് ജെ ഡി യു റാലികളെയാണ് ഇന്നലെ അഭിസംബോധന ചെയ്തത്. ധനികര്‍ക്കും ദരിദ്രര്‍ക്കും രണ്ട് ഡല്‍ഹിയായി സംസ്ഥാനം വിഭജിക്കപ്പെട്ടിട്ടുണ്ടെന്ന് കുറ്റപ്പെടുത്തിയ നിധീഷ് തങ്ങള്‍ ദരിദ്രരുടെ കൂടെയാണെന്ന് അവകാശപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ജെ ഡി യു ചിഹ്‌നത്തില്‍ 27 സ്ഥാനാര്‍ഥികളാണ് രംഗത്തിറങ്ങുന്നത്.
നാലാംവട്ടവും വിജയിച്ച് അധികാരത്തിലേറാമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി ഷീലാ ദീക്ഷിതും കോണ്‍ഗ്രസും.
അതേസമയം തൂക്കുമന്ത്രിസഭക്കാണ് ഡല്‍ഹിയില്‍ സാധ്യതയുള്ളതെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. ഈ മാസം എട്ടിനാണ് വോട്ടെണ്ണല്‍.