Connect with us

Sports

ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍: 'ഗംഭീര' നഷ്ടവുമായി ധോണി

Published

|

Last Updated

മുംബൈ: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം യാത്ര തിരിച്ചു. ഈ മാസം അഞ്ചിന് ഏകദിന പരമ്പരയോടെയാണ് തുടക്കം. രണ്ട് ടെസ്റ്റ് മത്സരങ്ങളും പര്യടനത്തിലുണ്ട്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ പതിനാറ് പേരടങ്ങുന്ന ഏകദിന ടീമാണ് ഇന്നലെ പുറപ്പെട്ടത്. സ്‌പെഷ്യലിസ്റ്റുകളായ യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, മൊഹിത് ശര്‍മ, അമിത് മിശ്ര എന്നിവര്‍ ടീമിലുണ്ട്. ടെസ്റ്റ് ടീമില്‍ പതിനേഴ് പേരുണ്ട്.
ഡല്‍ഹി ഓപണിംഗ് ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീറിനെ ടീമിലുള്‍പ്പെടുത്താത്തതില്‍ ക്യാപ്റ്റന്‍ ധോണി അസംതൃപ്തി പ്രകടിപ്പിച്ചു. മൂന്നാം ഓപണറായി ഗംഭീര്‍ ടീമിലുണ്ടാകണമായിരുന്നു. ടീമിലെ മൂന്നാം ഓപണര്‍ ആരാണെന്ന് തന്നോട് ചോദിച്ചാല്‍ അങ്ങനെയൊരാള്‍ ടീമില്‍ ഇല്ലെന്ന് പറയേണ്ടി വരുമെന്നും ധോണി യാത്ര പുറപ്പെടും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗംഭീറിനെ ടീമിലേക്ക് തിരികെ കൊണ്ടു വരുന്നതില്‍ ധോണിക്ക് താത്പര്യക്കുറവുള്ളതായി മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ധോണിയെ തുടരെ വിമര്‍ശിച്ച് ഗംഭീറും സ്വയം കുഴി വെട്ടിയിരുന്നു. എന്നാല്‍, ഗംഭീറുമായി യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്ന് വ്യക്തമാക്കും വിധമായിരുന്നു ഇന്നലെ ധോണി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നമ്പര്‍ 4 പൊസിഷന്‍ നികത്തുക പ്രയാസകരമാണെന്നും ധോണി പറഞ്ഞു. ആരാകും നാലാം സ്ഥാനത്ത് ഇറങ്ങുക എന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ല. അതൊരു സര്‍പ്രൈസായി തുടരുകയാണ്. കാത്തിരുന്നു കാണാമെന്നാണ് ക്യാപ്റ്റന്‍ പറയുന്നത്.പുതിയൊരു തുടക്കം എന്നാണ് പരമ്പരയെ ധോണി വിശേഷിപ്പിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചതിന് ശേഷമുള്ള ആദ്യ വിദേശ പര്യടനമെന്ന പ്രത്യേകത നിലനില്‍ക്കുന്നു.
വലിയൊരു പരിചയ സമ്പന്നത അവകാശപ്പെടാനില്ലാത്ത ടീമാണ് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടത്. സച്ചിന്റെ അസാന്നിധ്യം നികത്താനാകാത്ത നഷ്ടമാണെന്ന് ടീം തിരിച്ചറിയുന്നു.
ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഏകദിന മത്സരങ്ങള്‍ കളിക്കുന്നത് ഗുണകരമാകുമെന്നാണ് ധോണിയുടെ വിശ്വാസം. പേസും ബൗണ്‍സും ചേരുന്ന ദക്ഷിണാഫ്രിക്കന്‍ പിച്ചിനെ കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സഹായകമാകും.
ആറാം ബാറ്റ്‌സ്മാന്‍ നിര്‍ണായകമാണെന്ന് വിശ്വസിക്കുന്ന ധോണി കൊല്‍ക്കത്ത, മുംബൈ ടെസ്റ്റുകളെയാണ് ചൂണ്ടിക്കാണിക്കുന്നത്. നാല് ബൗളര്‍മാര്‍ മതിയാകും.
ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില്‍ അധിക ബാറ്റ്‌സ്മാന്‍ അനിവാര്യമാണ്. സ്പിന്നര്‍ അശ്വിനും പേസര്‍ ഭുവനേശ്വര്‍ കുമാറും വാലറ്റത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണെന്നത് വലിയ ആശ്വാസമാണ്. വിദേശത്ത് മൂന്ന് ടെസ്റ്റുകള്‍ മാത്രമാണ് അശ്വിന്‍ കളിച്ചത്. ആസ്‌ത്രേലിയക്കെതിരെ. കൂടുതല്‍ അവസരം അദ്ദേഹം അര്‍ഹിക്കുന്നുണ്ട്-ധോണി പറഞ്ഞു.
ഏകദിന സ്‌ക്വാഡ്: മഹേന്ദ്ര സിംഗ് ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, അംബാട്ടി റായുഡു, മൊഹിത് ശര്‍മ, ഉമേഷ് യാദവ്, അമിത് മിശ്ര, അജിങ്ക്യ രഹാനെ.

Latest