Connect with us

National

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: ത്രികോണ മത്സരം നടക്കുന്ന ഡല്‍ഹിയില്‍ റെക്കോര്‍ഡ് പോളിംഗ് . 62 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 93ലെ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 61.75 ആയിരുന്നു ഡല്‍ഹിയിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ്. കഴിഞ്ഞ തവണ 57.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്.  പ്രതികൂല കാലാവസ്ഥയിലും നിരവധി വോട്ടര്‍മാര്‍ തലസ്ഥാനത്തെ വിവിധ പോളിംഗ് ബൂത്തുകല്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഇതൊടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരെഞ്ഞടുപ്പ് അവസാനിച്ചു. ഈ മാസം എട്ടിനാണ് വോട്ടെണ്ണല്‍.

1.2 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയലുള്ളത്. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. ആം ആദ്മി പാര്‍ട്ടിയും മുഴുവന്‍ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. ചില മണ്ഡലങ്ങളില്‍ ത്രികോണ മത്സരം നടക്കും. തുടര്‍ച്ചയായി നാലാമൂഴത്തിനായി ഗോദയിലിറങ്ങിയ 75കാരി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തന്നെയാണ് കോണ്‍ഗ്രസിന്റെ അമരക്കാരി. ഹര്‍ഷ് വര്‍ധനാണ് ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ഷീലാ ദീക്ഷിതിനെതിരെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ മത്സരിക്കുന്നു.

മൊത്തം 810 സ്ഥാര്‍ഥികളാണ് രംഗത്തുള്ളത്. 23 പേര്‍ മത്സരിക്കുന്ന ബുരൈയിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്. ഏറ്റവും കുറവ് പട്ടേല്‍ നഗറിലും; നാല് പേര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൊത്തം വോട്ടിന്റെ 40.31 ശതമാനം കൈക്കലാക്കി 43 സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചിരുന്നു. ബി ജെ പി 23ഉം ബി എസ് പി രണ്ടും സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയത്.

ഡല്‍ഹിയുടെ വികസനവുമായി ബന്ധപ്പെട്ട് എല്ലാ പാര്‍ട്ടികളും നിരവധി വാഗ്ദാനങ്ങളാണ് വോട്ടര്‍മാര്‍ക്ക് വെച്ചുനീട്ടിയിരുന്നത്. ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗവും സ്ത്രീ സുരക്ഷയും പ്രചാരണത്തിന് ചൂടേറിയ വിഷയങ്ങളായി.

Latest