National
സ്ത്രീകളോട് സംസാരിക്കാന്‍ പേടി; ഫാറൂഖ് അബ്ദുല്ലയുടെ പരാമര്‍ശം വിവാദമായി
ന്യൂഡല്‍ഹി: അടുത്ത കാലത്തായി സ്ത്രീകളോട് സംസാരിക്കാന്‍ താന്‍ ഭയപ്പെടുന്നുവെന്നും അങ്ങനെ സംസാരിച്ചാല്‍ ജയിലിലെത്തുമെന്നുമുള്ള കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ പരാമര്‍ശം വിവാദമായി. ഇതിനെ തുടര്‍ന്ന് മന്ത്രി ഖേദം പ്രകടിപ്പിച്ചു. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ വ്യാപകമായി നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് എ കെ ഗാംഗുലിക്കെതിരെയുയര്‍ന്ന ലൈംഗിക അപവാദത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ഇക്കാര്യം മന്ത്രി തുറന്നു പറഞ്ഞത്.
കുറച്ചു ദിവസമായി സ്ത്രീകളോട് സംസാരിക്കാന്‍ താന്‍ ഭയപ്പെടുകയാണ്. യഥാര്‍ഥത്തില്‍ തന്റെ സെക്രട്ടറിയായി സ്ത്രീയെ നിയമിക്കാന്‍ കഴിയില്ല. ഏതെങ്കിലും തരത്തിലുള്ള പരാതി തനിക്കെതിരെ ഉയര്‍ന്നാല്‍ ബാക്കി കാലം ജയിലില്‍ കഴിയേണ്ടി വരും. എന്നാല്‍ സ്ത്രീകളെയല്ല താന്‍ കുറ്റപ്പെടുത്തുന്നത്. മറിച്ച് സമൂഹത്തെയാണ്. അങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥ. രാജ്യത്ത് ബലാത്സംഗ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും ഇത് അവസാനിപ്പിച്ചേ മതിയാകൂവെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും അദ്ദേഹത്തിനെതിരെ രംഗത്തെത്തി. ഇത്തരം ഒരു പരാമര്‍ശം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അംബികാ സോണി പറഞ്ഞു.