Gulf
കേരളവുമായി അറേബ്യന്‍ ജനതക്ക് നൂറ്റാണ്ടുകളുടെ ബന്ധം: എളമരം കരീം

അബുദാബി: കേരളത്തിലെ കടല്‍ തീര നഗരങ്ങളുമായി അറേബ്യന്‍ ജനതയ്ക്ക് നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന വ്യാപാരബന്ധമാണുള്ളതെന്ന് മുന്‍ മന്ത്രി എളമരം കരീം പറഞ്ഞുയ ബ്രിട്ടീഷ് ആധിപത്യം വരെ സുദൃഢമായ ആ ബന്ധം നിലനിന്നിരുന്നു. അതു വഴി വെറും വ്യാപാരം മാത്രമല്ല, സാംസ്‌കാരികമായ കൈമാറ്റങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുകയുണ്ടായി. കരീം അഭിപ്രായപ്പെട്ടു.
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യു എ ഇ യുടെ 42ാം ദേശീയദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ ഡി അഞ്ചാം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ സന്ദേശം കേരളക്കരയിലെത്തിയത് അറേബ്യന്‍ വ്യാപാരികളിലൂടെയാണ്. പുരാതന നഗരങ്ങളായ കൊടുങ്ങല്ലൂരും തലശ്ശേരിയും കോഴിക്കോടുമെല്ലാം അറേബ്യന്‍ വ്യാപാരികളുടെ സാംസ്‌കാരിക സാന്നിധ്യം കൊണ്ട് സമ്പന്നമായ പ്രദേശങ്ങളാണ്. ആ സ്മരണ വളരെ അദരപൂര്‍വ്വം സ്മരിക്കുന്ന ഒരു സംസ്‌കാരമാണ് കേരളത്തിനുള്ളത്.
1957ല്‍ സംസ്ഥാനത്ത് രൂപം കൊണ്ട ഇഎംഎസ് മന്ത്രിസഭയാണ് കേരളത്തിന്റെ ഇന്നത്തെ സവിശേഷമായ വളര്‍ച്ചയ്ക്ക് അസ്ഥിവാരമിട്ടതെന്നും ആ അസ്ഥിവാരത്തില്‍ നിന്നുകൊണ്ടാണ് ഇന്ന് കാണുന്ന രൂപത്തിലേയ്ക്ക് കേരളം വികസിച്ചതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
എം യു വാസു അധ്യക്ഷത വഹിച്ചു. അബുദാബിയിലെ പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് ബഗദുര്‍ഖാന്‍, അബ്ദുല്‍ ജമാല്‍ ജോഹരി, സഈദ് തവേഷ് അല്‍ സുവൈദി, വിവിധ സംഘടനാ പ്രതിനിധികളായ എ കെ ബീരാന്‍കുട്ടി, കെ കെ ജോഷി, സുരേഷ് പയ്യന്നൂര്‍, ജി സിന്ധു നമ്പൂതിരി, അറഫ താജുദ്ദീന്‍, എം സുനീര്‍, ബിജിത് കുമാര്‍ സംസാരിച്ചു.
ഒറ്റ ക്യാന്‍വാസില്‍ നടത്തിയ കൂട്ട ചിത്ര രചനയുടെ ഉദ്ഘാടനം എളമരം കരീം നിര്‍വ്വഹിച്ചു. യുഎഇയുടെ ദേശീയ പതാകകള്‍ ഏന്തി നൂറുകണക്കിനു കുട്ടികള്‍ അണിനിരന്ന ഘോഷയാത്രയോടു കൂടിയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ ഇന്തോ അറബ് സാംസ്‌കാരിക സമന്വയം വിളിച്ചറിയിക്കുന്നവയായിരുന്നു. യുഎ ഇ യുടെ ചരിത്രം വിളിച്ചോതുന്ന ചിത്ര പ്രദര്‍ശനവും ആഘോഷപരിപാടികളുടെ ഭാഗമായി ഉണ്ടായിരുന്നു.