Connect with us

Articles

എങ്ങുമില്ല മോദിപ്പെരുമ

Published

|

Last Updated

ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയ മൂന്ന് സംസ്ഥാനങ്ങളില്‍ ബി ജെ പി വന്‍ വിജയം കൊയ്‌തെടുത്തു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകുകയും ചെയ്തു. ഡല്‍ഹിയിലാകട്ടെ രണ്ട് ദേശീയ പാര്‍ട്ടികളെയും ഞെട്ടിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി മുന്‍നിരയിലേക്ക് കുതിച്ചെത്തുകയും ചെയ്തു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എഴുതിയ വിധി പ്രത്യേകം പഠനമര്‍വഹിക്കുന്നു.
പ്രധാന കാര്യം ജനങ്ങള്‍ എപ്പോഴും പുതിയ വഴിക്ക് ചിന്തിക്കാനാഗ്രഹിക്കുന്നുവെന്നതു തന്നെ. ഒരു വര്‍ഷം മാത്രം പ്രായമായ ആം ആദ്മി പാര്‍ട്ടിക്ക് പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയാണ് ജനങ്ങള്‍ നല്‍കിയത്. മുത്തശ്ശി പാര്‍ട്ടിയായ കോണ്‍ഗ്രസിനോ ഹിന്ദുത്വ പാര്‍ട്ടിയായ ബി ജെ പിക്കോ നേടിയെടുക്കാന്‍ കഴിയാത്ത അത്രയും വിശ്വാസം ജനങ്ങളില്‍ നിന്നു നേടിയെടുക്കാന്‍ അരവിന്ദ് കെജ്‌രിവാളിനും സംഘത്തിനും കഴിഞ്ഞു. ഒരു മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സംഘടനാ ബലമോ പ്രവൃത്തി പരിചയമോ ആള്‍ബലമോ നേതൃബലമോ ഒന്നുമില്ലാതെ. കാരണം വളരെ ലളിതം. അവര്‍ ജനങ്ങളുടെ ഭാഷയില്‍ സംസാരിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. ജനങ്ങളോടൊപ്പം നടന്നു. ജനങ്ങളുടെ മുദ്രാവാക്യം മുഴക്കി. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ തുണച്ചു.
ബി ജെ പി കൊട്ടിഘോഷിച്ച മോദിപ്പെരുമ എങ്ങും കാണാനായില്ല എന്നതാണ് മറ്റൊരു ഘടകം. ഈ തിരഞ്ഞെടുപ്പില്‍ മോദിയായിരുന്നു താരം. പക്ഷെ ബി ജെ പിക്ക് അനുകൂലമായ മറ്റൊരു ഘടകം പ്രവര്‍ത്തിച്ചു. സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ നേതാക്കളുടെ പ്രാഗത്ഭ്യം. മധ്യപ്രദേശില്‍ ബി ജെ പി മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്റെ കാര്യം തന്നെ ഉദാഹരണം. കുറ്റമറ്റ രീതിയിലാണ് അദ്ദേഹം സംസ്ഥാനത്തെ നയിച്ചത്. ഭരണമേറ്റയുടനെ അദ്ദേഹം ബി ജെ പിയുടെ അജന്‍ഡ നടപ്പിലാക്കാന്‍ ശ്രമിച്ചു. അതിന്റെ ഭാഗമായി ഗോവധം നിരോധിച്ചു. പക്ഷെ, അത്തരം നടപടികള്‍ കൊണ്ടുമാത്രം ജനപിന്തുണ നേടാനാകില്ലെന്ന് അദ്ദേഹം വളരെ വേഗം മനസ്സിലാക്കി. കാര്‍ഷിക രംഗത്ത് വളരെയധികം ശക്തമായ ഇടപെടലുകള്‍ നടത്താനിറങ്ങിത്തിരിച്ച മുഖ്യമന്ത്രി ചൗഹാന്‍ സംസ്ഥാനത്ത് വന്‍തോതിലുള്ള കാര്‍ഷിക വളര്‍ച്ചക്ക് വഴിയൊരുക്കി. മെച്ചപ്പെട്ട റോഡുകള്‍ നിര്‍മിച്ചു. വൈദ്യുതോത്പദാനം ശക്തമാക്കി. വളര്‍ച്ചയുടെ നായകനായി മോദിയെ ദേശീയ രംഗത്തേക്കുയര്‍ത്താന്‍ ബി ജെ പി ശ്രമിക്കുമ്പോഴും ചൗഹാന്‍ സ്വന്തം സംസ്ഥാനത്ത് വികസനത്തിന്റെ പുതിയ ഏടുകള്‍ തീര്‍ക്കുകയായിരുന്നു. മോദിയേക്കാള്‍ പ്രഗത്ഭന്‍ ചൗഹാനാണെന്ന് സാക്ഷാല്‍ എല്‍ കെ അഡ്വാനി പോലും പറഞ്ഞുവെച്ചു.
ഇതു തന്നെയാണ് കോണ്‍ഗ്രസ് പഠിക്കേണ്ടതും. ഹൈക്കമാന്‍ഡ് ശക്തിയാര്‍ജിച്ചതോടെ കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങള്‍ കഴിഞ്ഞ കുറെ കാലം കൊണ്ട് ബലഹീനമായി. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സംഘടനയുടെ കെട്ടുറപ്പ് നഷ്ടപ്പെട്ടു. ഉള്‍പ്പോരുകളും പടലപ്പിണക്കങ്ങളും സംഘടനയെ ശിഥിലമാക്കി. തലയെടുപ്പുള്ള നേതാക്കള്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ നയിക്കാനില്ലെന്നു വന്നു. പലേടത്തും കോണ്‍ഗ്രസിന്റെ പ്രഭാവം കെട്ടടങ്ങി. പ്രാദേശിക പാര്‍ട്ടികളും നേതാക്കന്മാരും സംസ്ഥാനങ്ങളില്‍ വളര്‍ന്നുവന്നു.
ഇതാണ് ഇന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിടുന്ന വലിയ പ്രശ്‌നം. ഡല്‍ഹിയില്‍ കാവിക്കൊടി പറപ്പിക്കാന്‍ വെമ്പുന്ന ബി ജെ പി നേരിടുന്ന പ്രശ്‌നവും ഇതു തന്നെ. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുകയായിരുന്നുവെങ്കില്‍ മറ്റു മിക്ക സംസ്ഥാനങ്ങളിലും സ്ഥിതി വേറെയാണ്. മഹാരാഷ്ട്രയില്‍ ഒരു ചിത്രം. യു പിയില്‍ മറ്റൊരു ചിത്രം. ബീഹാറിലും ഒഡീഷയിലും വടക്കുകിഴക്ക് തെക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വേറെ വേറെ ചിത്രങ്ങള്‍. തമിഴ്‌നാട്ടില്‍ ജയലളിത 38 സീറ്റുകളെങ്കിലും കൈയിലൊതുക്കാനുള്ള തയ്യാറെടുപ്പിലാണ്. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയും യു പിയില്‍ മുലായംസിംഗ് യാദവും മായാവതിയും ബീഹാറില്‍ നിതീഷ്‌കുമാറും ഉറച്ചു നില്‍ക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പാകുമ്പോള്‍ ഇവിടങ്ങളില്‍ നിന്നെല്ലാം സങ്കീര്‍ണമായ ഫലങ്ങളാണുണ്ടാകുക. ബി ജെ പിയും കോണ്‍ഗ്രസും നേരിട്ടു ബലം പരീക്ഷിക്കാത്ത സംസ്ഥാനങ്ങളാകും യഥാര്‍ഥത്തില്‍ 2014ലെ പ്രധാനമന്ത്രിയെ നിശ്ചയിക്കുക.
ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഒരു കാര്യം കൂടി ചോദിക്കുന്നുണ്ട്. എന്താണ് ഇടതുപക്ഷത്തിന്റെ സ്ഥിതി? ഒരു വര്‍ഷം കൊണ്ട് കെജ്‌രിവാളും സംഘവും ഡല്‍ഹിയില്‍ ചുവടുറപ്പിച്ചു. സത്യം പറഞ്ഞാല്‍ ആം ആദ്മി പാര്‍ട്ടിയേക്കാള്‍ എത്രയോ ശക്തമാണ് ഇടതുപക്ഷത്തിന്റെ നില. പ്രത്യേകിച്ച് സി പി എമ്മിന്റെ. പക്ഷേ, സങ്കടകരമെന്നു പറയട്ടെ, ഡല്‍ഹിയില്‍ പോലും ജനങ്ങളോടൊത്തു നിന്നു ചിന്തിക്കാന്‍ ഇടതുപക്ഷ നേതാക്കള്‍ക്കായില്ല. കെജ്‌രിവാളും സംഘവും ജനങ്ങളോടൊപ്പം മുന്നേറുന്നത് കണ്ട് കണ്ണും മിഴിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ഇടതു നേതാക്കള്‍.
ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ പരാജയമെന്നതു പോലെ തന്നെ ഇടതുപക്ഷത്തിന്റെയും പരാജയമാണ്.

---- facebook comment plugin here -----

Latest