Connect with us

Articles

രാജസ്ഥാന്‍ പതനത്തിന് ആഘാതമേറെ

Published

|

Last Updated

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതനത്തിന്റെ ദുരന്തഭൂമിയായിരിക്കുകയാണ് രാജസ്ഥാന്‍. ഭരണം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല മാന്യമായ പ്രകടനം നടത്താന്‍ പോലും കോണ്‍ഗ്രസിനായില്ല. അശോക് ഗെഹ്‌ലോട്ട് സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികളും വികസനവും അഴിമതിമുക്ത പ്രതിച്ഛായയും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എടുത്തുചാടുന്നതിന് തൊട്ടുമുമ്പ് വരെയുണ്ടായിരുന്ന ബി ജെ പിയിലെ പോരും തുടങ്ങിയ അനുകൂല ഘടകങ്ങള്‍ വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിനായില്ല എന്നുവേണം കരുതാന്‍. 1993 മുതലുള്ള 20 വര്‍ഷത്തെ ചരിത്രത്തില്‍ രാജസ്ഥാന്‍ ജനത ഒരു പാര്‍ട്ടിയെയും തുടര്‍ച്ചയായി ഭരണത്തിലേറ്റാറില്ലെന്ന യാഥാര്‍ഥ്യം മുന്നിലുള്ളപ്പോഴും ഈ വിധം നാണം കെട്ട തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് പെട്ടെന്ന് മുക്തമാകാന്‍ കോണ്‍ഗ്രസിനാകുകയില്ല.
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഭരണകക്ഷി ഇത്ര പരിതാപകരമായ സീറ്റുകളിലേക്ക് ചുരുട്ടിക്കൂട്ടി എറിയപ്പെട്ടിട്ടില്ല. 2008ല്‍ കോണ്‍ഗ്രസിന് 96 സീറ്റുകള്‍ ലഭിച്ചാണ് വിജയിച്ചത്. അന്ന് ഭരണപക്ഷത്തിരുന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പിക്ക് 79 സീറ്റുകള്‍ ലഭിച്ചു. ബി എസ് പിക്ക് ആറും മറ്റുള്ളവര്‍ക്ക് 20ഉം സീറ്റുകള്‍ ലഭിച്ചു. 2003ല്‍ 120 സീറ്റുകള്‍ നേടിയാണ് ബി ജെ പി ഭരണം പിടിച്ചത്. അന്ന് കോണ്‍ഗ്രസിന് 56 സീറ്റുകള്‍ ലഭിച്ചിരുന്നു. അതേസമയം, കോണ്‍ഗ്രസിന് വന്‍വിജയം സമ്മാനിച്ച 1998ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 33 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 153 സീറ്റുകള്‍ ലഭിച്ചിരുന്നു. 1993ല്‍ ബി ജെ പിക്ക് 95ഉം കോണ്‍ഗ്രസിന് 76ഉം സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍, ഈ പ്രാവശ്യം 21 എന്ന നാണക്കേടിന്റെയും പതനത്തിന്റെയും നമ്പറാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതേസമയം, ബി ജെ പിക്ക് 162 മണ്ഡലങ്ങളില്‍ കൂറ്റന്‍ വിജയവും. ഇവിടെ മറ്റുള്ളവര്‍ക്ക് 16 സീറ്റുകള്‍ നേടാനായി എന്ന് വരുമ്പോഴാണ് കോണ്‍ഗ്രസ് പരാജയത്തിന്റെ ആഴവും പരപ്പും വിലയിരുത്തേണ്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭരണവിരുദ്ധ വികാരം അലയടിച്ച 1977ല്‍ പോലും 41 മണ്ഡലങ്ങള്‍ കീശയിലാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. അഞ്ച് വര്‍ഷം തികച്ച് ഭരിച്ച പാര്‍ട്ടിക്ക് മറ്റുള്ളവര്‍ നേടിയതിന്റെ കേവലം അഞ്ച് സീറ്റുകളാണ് അധികം ലഭിച്ചത് എന്ന് വരുമ്പോള്‍ അത്യുയരത്തില്‍ നിന്ന് വീണതിന്റെ പരുക്ക് എത്രമാത്രം ഭയാനകമാണെന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി.
ഈ ചരിത്ര പരാജയത്തിന്റെ മുഖ്യ കാരണം കേന്ദ്രത്തിലെ രണ്ടാം യു പി എയുടെ അഴിമതിപൂരിത ഭരണവും പ്രചാരണത്തിലെ അപാകങ്ങളുമാണ്. ഗെഹ്‌ലോട്ടിന്റെ ജാതിവിരുദ്ധ സമീപനവും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബി ജെ പിയിലെ പടലപ്പിണക്കം പ്രത്യേകിച്ച് വസുന്ധര രാജെയെ കേന്ദ്രീകരിച്ച് നടന്ന പാളയത്തില്‍ പട മുതലെടുക്കുന്നതില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടു. ഈ തിരഞ്ഞെടുപ്പ് വിജയത്തില്‍ മുഖ്യ പങ്ക് വഹിച്ച വസുന്ധര, ഒരു വര്‍ഷം മുമ്പ് വരെ ബി ജെ പിക്ക് കനത്ത വെല്ലുവിളിയുയര്‍ത്തിയിരുന്നു. ആകെയുള്ള 79 എം എല്‍ എമാരില്‍ 56 പേരോടൊപ്പം പാര്‍ട്ടി വിടുമെന്ന രാജെയുടെ ഭീഷണിയില്‍ കേന്ദ്ര നേതൃത്വം കിടുങ്ങിയിരുന്നു. ദക്ഷിണേന്ത്യയില്‍ പ്രഥമ ബി ജെ പി സംസ്ഥാനമെന്ന റോക്കോര്‍ഡിട്ട കര്‍ണാടകയില്‍ ബി എസ് യഡിയൂരപ്പ വന്‍ വെല്ലുവിളിയുയര്‍ത്തി പാര്‍ട്ടി വിടുമെന്ന ഘട്ടത്തില്‍ വടക്കേന്ത്യയിലെ “യഡിയൂരപ്പയായി” കണക്കാക്കപ്പെട്ടിരുന്നത് വസുന്ധരയായിരുന്നു. അന്ന് ഗുലാബ്ചന്ദ് കഠാരിയയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് വസുന്ധരയെ പ്രകോപിപ്പിച്ചത്. കഠാരിയയുടെ നേതൃത്വത്തില്‍ സംസ്ഥാന പര്യടനം നടത്താന്‍ പദ്ധതിയിട്ട സാഹചര്യത്തിലായിരുന്നു ഇത്. അന്ന് മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, നിതിന്‍ ഗാഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് റാലി നടത്താനാണ് കഠാരിയ പദ്ധതിയിട്ടത്. ഇത് സംസ്ഥാന നേതൃത്വത്തിലേക്കുള്ള കഠാരിയയുടെ രംഗപ്രവേശമായിരിക്കുമെന്നും രാജസ്ഥാന്‍ രാഷ്ട്രീയ ഭൂപടത്തില്‍ താന്‍ നിഷ്പ്രഭയാകുമെന്നുമുള്ള കണക്കുകൂട്ടലാണ് വസുന്ധരയെ വിമതസ്വരമയുര്‍ത്താന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, രാജ്‌നാഥ് സിംഗ് ബി ജെ പിയുടെ അമരത്തേക്ക് വരവും മോദിയുടെ ദേശീയ രാഷ്ട്രീയ ഭൂപടത്തിലേക്കുള്ള ആരോഹണ സമയവും ആയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. വസുന്ധര പുറത്തുപോയാല്‍ രാജസ്ഥാന്‍ സ്വപ്നത്തില്‍ മാത്രം അവശേഷിക്കുമെന്ന തിരിച്ചറിവ് നേതൃത്വത്തിനുണ്ടായി. ഒടുവില്‍ വസുന്ധരയെ പിടിച്ചുനിര്‍ത്താന്‍ ബി ജെ പിക്കായി. തന്റെ മകന് ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജാട്ട് മഹാസഭ നേതാവും രാജ്യസഭാംഗവുമായ ജ്ഞാന്‍ പ്രകാശ് പിലാനിയ ബി ജെ പി വിട്ട് “വസുന്ധരവിരുദ്ധ മുന്നണി”യില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ പ്രാവശ്യം ബി ജെ പി ടിക്കറ്റില്‍ പാര്‍ലിമെന്റിലേക്ക് മത്സരിച്ച ഗുജ്ജാര്‍ നേതാവ് കിരോരി സിംഗ് ബൈന്‍സലയുടെ പങ്കാളിത്തം കൂടിയായപ്പോള്‍ ഈ സംഘം വിപുലവും ശക്തവുമായി.
എന്നാല്‍, വസുന്ധരാവിരുദ്ധ വികാരം മുതലെടുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ മാത്രം വളര്‍ച്ചയെത്താത്ത യുവരാജാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൂടിയായപ്പോള്‍ വസുന്ധരയെയും മോദിയെയും ജനം സ്വീകരിച്ചുവെന്ന് വേണം കരുതാന്‍. പ്രകടന പത്രികയില്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയതല്ലാതെ ജനതയെ ആകര്‍ഷിക്കാന്‍ പാകത്തിലുള്ള പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഗെഹ്‌ലോട്ട് സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള വകുപ്പൊന്നും ബി ജെ പിക്കുണ്ടായിരുന്നില്ല. ബാര്‍മറിലെ എണ്ണ ശുദ്ധീകരണ ശാല, ജയ്പൂര്‍ മെട്രോ സാക്ഷാത്കരിച്ചത്, ജോധ്പൂര്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സൗജന്യ മരുന്ന് വിതരണം, കൂടുതല്‍ പെന്‍ഷന്‍ തുടങ്ങിയ വികസന, ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഗെഹ്‌ലോട്ടിന് സാധിച്ചിരുന്നു. സൗജന്യ മരുന്ന് വിതരണവും ലബോറട്ടറി ടെസ്റ്റുകളും എന്ന പദ്ധതി ജനങ്ങള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍, അത്തരം പദ്ധതികളൊന്നും വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഗെഹ്‌ലോട്ടിന്റെ ജാതിവിരുദ്ധ നിലപാടും തിരിഞ്ഞുകൊത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ജാട്ടുകളും ഗുജ്ജാറുകളും മീണകളും നിര്‍ണായക ശക്തികളാകുന്ന മേഖലയില്‍.
അതേസമയം, ബി ജെ പിയുടെ പ്രചാരണം പഴുതടച്ച നിലയിലായിരുന്നു. കെട്ടുറപ്പുള്ള പ്രചാരണമാണ് തിരഞ്ഞെടുപ്പിന്റെ ആറ് മാസങ്ങള്‍ക്ക് മുമ്പേ വസുന്ധരയുടെ നേതൃത്വത്തില്‍ നടന്നത്. ദേശീയ നേതാക്കളുടെ വിശിഷ്യ, പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ സാന്നിധ്യം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിനെ ആക്രമിക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാറിന്റെ അഴിമതിയും ജനവിരുദ്ധ പ്രകടനവും വിലക്കയറ്റവും മറ്റുമാണ് ബി ജെ പിയുടെ വജ്രായുധങ്ങള്‍. കിരോരി ലാല്‍ മീണയുടെ നേതൃത്വത്തില്‍ ബി ജെ പിയില്‍ നിന്നുള്ള അതൃപ്തരും സീറ്റ് മോഹികളും അണിനിരന്ന നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി 155 സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും കുറഞ്ഞ സീറ്റുകളാണ് കീശയിലാക്കാനായത്. വിമതരുടെ ആക്രമണത്തെ വിജയകരമായി പ്രതിരോധിക്കാന്‍ ബി ജെ പിക്ക് സാധിച്ചു. ചുരുക്കത്തില്‍, കോണ്‍ഗ്രസിന് ലഭിച്ച ചരിത്ര പാഠമാണ് രാജസ്ഥാന്‍. 93ന് ശേഷം അഞ്ച് വര്‍ഷത്തെ കാലാവധി മാത്രമെന്ന കീഴ്‌വഴക്കമാണ് ഉള്ളതെങ്കിലും ഇതിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമായിരുന്നു. ഈ ദുരന്തത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അടുത്ത പ്രാവശ്യം ശക്തമായി തിരിച്ചുവരാന്‍ സാധിച്ചില്ലെങ്കില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ശ്മശാന ഭൂമിയായി ഭവിക്കും.

Latest