Connect with us

Articles

ചൗഹാന്‍ മികവില്‍ മധ്യപ്രദേശില്‍ ഹാട്രിക്‌

Published

|

Last Updated

ഭരണവിരുദ്ധ വികാരമെന്ന നടപ്പുശീലത്തെ തകര്‍ത്ത് ബി ജെ പിക്ക് മധ്യപ്രദേശില്‍ ഉജ്ജ്വല വിജയം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബി ജെ പി മൂന്നാം തവണയും അധികാരത്തിലെത്തിയിരിക്കുന്നത്. തന്റെ പത്ത് വര്‍ഷത്തെ ഭരണകാലത്ത് ശിവരാജ് സിംഗ് ചൗഹാന്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനം നല്‍കിയ അംഗീകാരമായാണ് ബി ജെ പിയുടെ വിജയം വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ പത്ത് ഭരണ മേഖലകളിലും ബി ജെ പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ശിവരാജ് ചൗഹാന്റെ പ്രതിച്ഛായ നിലനില്‍ക്കുമ്പോഴും ചില മന്ത്രിമാരുടെയും പ്രാദേശിക നേതാക്കളുടെയും ജനകീയതയിലുള്ള ഇടിവ് വെല്ലുവിളിയാകുമെന്ന് ബി ജെ പി നേതൃത്വത്തിന് ഭയമുണ്ടായിരുന്നു. ശിവരാജ് ചൗഹാന്‍ മന്ത്രിസഭയിലെ 15 മന്ത്രിമാരാണ് അഴിമതിയാരോപണം നേരിട്ടിരുന്നത്. അതുകൊണ്ടുതന്നെ പല മന്ത്രിമാരെയും നേതാക്കളെയും മാറ്റി നിര്‍ത്തിയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. സീറ്റ് നിഷേധിക്കപ്പെട്ട പല നേതാക്കളും വിമതരായി ജനവിധി തേടിയത് കോണ്‍ഗ്രസ്സിന് ഗുണം ചെയ്യുമോ എന്ന് ബി ജെ പി ഭയന്നിരുന്നു. പക്ഷേ, വിമതര്‍ക്ക് കാര്യമായ പ്രതിഫലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെ കൂടെ നിര്‍ത്താനായതും ശിവരാജ് സിംഗ് ചൗഹാന്റെ വിജയത്തില്‍ നിര്‍ണായക ഘടകമാണ്. ആദ്യ ഘട്ടത്തില്‍ ഹിന്ദുത്വ നയങ്ങള്‍ നടപ്പാക്കിയിരുന്ന ചൗഹാന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്ത്രപൂര്‍വം കളം മാറിച്ചവിട്ടുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ സംസ്ഥാനത്ത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. മദ്‌റസാ ബോര്‍ഡ് രൂപവത്കരിച്ച് മദ്‌റസ നവീകരണ പദ്ധതികള്‍ നടപ്പാക്കി. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ ധനസഹായ പദ്ധതിയായ കന്യാദാന്‍ കല്ല്യാണ്‍ യോജന പദ്ധതി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നികാഹ് യോജന എന്ന് പേരുമാറ്റിയാണ് നടപ്പാക്കിയിരുന്നത്. സംസ്ഥാന ഹജ്ജ് ഹൗസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാരംഭിച്ചതും മുസ്‌ലിം ന്യൂനപക്ഷത്തിനിടയില്‍ സ്വാധീനമുറപ്പിക്കുന്നതിന് ചൗഹാനെ സഹായിച്ചു.
താന്‍ മുസ്‌ലിം സമുദായത്തിനിടയില്‍ സൃഷ്ടിച്ച പ്രതിച്ഛായ തകരുമോ എന്ന ഭയത്താല്‍ നരേന്ദ്ര മോദിയെ ആദ്യ ഘട്ടത്തില്‍ പ്രചാരണത്തിനിറക്കാന്‍ ചൗഹാന്‍ ഭയന്നിരുന്നു. എന്നാല്‍, ബി ജെ പിയിലെ മോദി തരംഗം മറികടക്കാന്‍ ശിവരാജ് ചൗഹാന് കഴിഞ്ഞില്ല. അവസാന ഘട്ടത്തില്‍ മോദി മധ്യപ്രദേശില്‍ പ്രചാരണത്തിനെത്തിയിരുന്നു. ഒരാഴ്ചയോളം നീണ്ടു നിന്ന പ്രചാരണത്തില്‍ മുപ്പതോളം റാലികളെ മോദി അഭിസംബോധന ചെയ്തിരുന്നു. എങ്കിലും മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചത് മോദി തരംഗത്തെക്കാള്‍ ശിവരാജ് ചൗഹാന്റെ പ്രതിച്ഛായയും ഭരണ നേട്ടങ്ങളുമാണ്.
ദിഗ്‌വിജയ് സിംഗ്, സുരേഷ് പച്ചൗരി, കേന്ദ്ര മന്ത്രി കമല്‍നാഥ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തി ജ്യോതിരാദിത്യ സിന്ധ്യയെ മുന്നില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സിന്ധ്യയെ മുന്നില്‍ നിര്‍ത്തിയാല്‍ യുവാക്കളിലും പഴയ ഗ്വാളിയോര്‍ രാജവംശത്തിന്റെ സ്വാധീന പ്രദേശങ്ങളിലും സ്വാധീനമുറപ്പിക്കാന്‍ കഴിയുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍, സിന്ധ്യ കുടുംബത്തിന് സ്വാധീനമുള്ള ചമ്പല്‍, ഗ്വാളിയോര്‍, കുന്ദര്‍ഗഢ്, മാല്‍വ തുടങ്ങിയ മേഖലകളിലൊന്നും കോണ്‍ഗ്രസ്സിന് കാര്യമായ നേട്ടമുണ്ടാക്കാന് കഴിഞ്ഞിട്ടില്ല.
ജ്യോതിരാദിത്യ സിന്ധ്യയുടെ രംഗപ്രവേശം വളരെ വൈകിപ്പോയതും അദ്ദേഹത്തെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്നതും ശിവരാജ് സിംഗ് ചൗഹാന് കാര്യങ്ങള്‍ എളുപ്പമാക്കി. ദിഗ്‌വിജയ് സിംഗ് അടക്കമുള്ള നേതാക്കളുടെ എതിര്‍പ്പാണ് ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നതിന് തടസ്സമായത്. ശിവരാജ് ചൗഹാന്റെ ഹാട്രിക് വിജയം ബി ജെ പി രാഷ്ട്രീയത്തിലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. ചൗഹാനെ കൂടാതെ ഹാട്രിക് വിജയം നേടിയ ബി ജെ പി മുഖ്യമന്ത്രിമാര്‍ നരേന്ദ്ര മോഡിയും രമണ്‍ സിംഗുമാണ്. മോഡിക്ക് ബദലായി അഡ്വാനി അടക്കമുള്ളവര്‍ ഉയര്‍ത്തിക്കാണിക്കുന്ന നേതാവാണ് ശിവരാജ് സിംഗ് ചൗഹാന്‍. അദ്ദേഹത്തെ പാര്‍ട്ടി പാര്‍ലിമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പാര്‍ട്ടിക്കുള്ളിലെ മോദിവിരുദ്ധര്‍ക്ക് ശക്തി പകരുന്നതാണ് ചൗഹാന്റെ ഹാട്രിക് വിജയം.

---- facebook comment plugin here -----

Latest