National
ജന ലോക്പാല്‍ ബില്‍: ഹസാരെ വീണ്ടും നിരാഹാരം തുടങ്ങി
റെലഗാന്‍ സിദ്ധി: ജന ലോക്പാല്‍ ബില്‍ പാസ്സാക്കണമെന്ന ആവശ്യവുമായി അന്നാ ഹസാരെ വീണ്ടും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ജന ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ വേണ്ടി ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമാണ് താന്‍ നിരാഹാര സമരം തുടങ്ങിയതെന്ന് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. ലോക്പാല്‍ ബില്‍ രാജ്യ പുരോഗതിക്ക് വലിയ ചുവടുവെപ്പായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ അന്നാ ഹസാരെ ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇപ്പോള്‍ സ്വന്തം ഗ്രാമത്തിലാണ് ഹസാരെ നിരാഹാരം തുടങ്ങിയത്. വിജയം അല്ലെങ്കില്‍ മരണം എന്ന നിലയിലാണ് ഇത്തവണത്തെ സമരമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ ചര്‍ച്ചക്കെടുക്കണമെന്നാണ് ഹസാരെയുടെ ആവശ്യം. ജനഹിതം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ഹസാരെ പറഞ്ഞു.
അതിനിടെ ജനലോക്പാല്‍ ബില്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ ചര്‍ച്ചക്കെടുക്കുമെന്ന് കേന്ദ്ര പാര്‍ലിമെന്ററി കാര്യ മന്ത്രി വി നാരായണ സ്വാമി വ്യക്തമാക്കി. ബില്ലിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാത്തത് എന്താണെന്ന് ഹസാരെ ചോദിച്ചു. ഡല്‍ഹിയിലെ നിരാഹാരത്തിന് ശേഷം സോണിയാ ഗാന്ധിയും ബില്‍ നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്ന് ഹസാരെ അനുസ്മരിച്ചു.