Kerala
കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ചന്ദ്രികയില്‍ കെ എന്‍ എ ഖാദറിന്റെ ലേഖനം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിനെ വിമര്‍ശിച്ചും ഗുണദോഷിച്ചും കെ എന്‍ എ ഖാദറിന്റെ ലേഖനം. ചന്ദ്രികയുടെ നിലപാട് പേജില്‍ “ഉണരുവാന്‍ മനസ്സുള്ളവര്‍ക്ക് തിരിച്ചുവരാം” എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഒരു നയവും വിജയിച്ചാല്‍ മറ്റൊരു നയവുമാണ് കോണ്‍ഗ്രസ് പിന്‍തുടരുന്നതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.
125 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസിനെ പാഠം പഠിപ്പാക്കാന്‍ ഇന്നലെ ഉയര്‍ന്നുവന്ന ആം ആദ്മിക്ക് കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയത്തിന്റെ കൊടു ചൂടില്‍ ആം ആദ്മി നാളെ കരിഞ്ഞുപോയേക്കാം. പക്ഷെ അതിന് മുമ്പ് തങ്ങള്‍ക്ക് കിട്ടിയ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയ്യാറാവേണ്ടതുണ്ട്.
സോണിയ ഗാന്ധിയേയും രാഹുലിനേയും അതിശയോക്തിയോടെ ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയേയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. തങ്ങളുടെ നേതാക്കള്‍ ഓരോ പാര്‍ട്ടിക്കും വലിയവരായിരിക്കും. എന്നാല്‍ പൊതുജനങ്ങള്‍ക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കാണ് പ്രധാനം. നേതാക്കളുടെ പെരുമക്ക് രണ്ടാം സ്ഥാനം മാത്രമേ ജനങ്ങള്‍ നല്‍കുകയുള്ളൂ എന്നും ലേഖനം പറയുന്നു. ചിന്താസ്വാതന്ത്ര്യവും തലച്ചോറും പണയം വെക്കാത്ത വലിയൊരു വിഭാഗമാണ് ഇന്ത്യയുടെ ജനവിധി നിശ്ചയിക്കുന്നതെന്നും ലേഖനം ഓര്‍മ്മപ്പെടുത്തുന്നു.
അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസിനെ പിന്തുണച്ച കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതും പ്രധാനമാണെന്നും ലേഖനം ഓര്‍മ്മപ്പെടുത്തുന്നു.