Connect with us

Kerala

റബ്ബര്‍ ഇറക്കുമതി: കേരളാ കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക്

Published

|

Last Updated

കൊച്ചി: റബ്ബര്‍ ഇറക്കുമതി അവസാനിപ്പിക്കണമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം കേന്ദ്ര സര്‍ക്കാറിനെതിരെ പ്രത്യക്ഷ സമരമാരംഭിക്കുന്നു.
പാര്‍ട്ടി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ 19ന് ധര്‍ണ നടത്തുമെന്ന് പാര്‍ട്ടി ലീഡറും ധനമന്ത്രിയുമായ കെ എം മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എം എല്‍ എമാരും എം പിമാരും അടക്കമുള്ള നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കും. എന്നാല്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല. അനുകൂല തീരുമാനമുണ്ടാകുന്നില്ലെങ്കില്‍ ഘട്ടം ഘട്ടമായി ഇക്കാര്യത്തില്‍ അനന്തര നടപടി സ്വീകരിക്കുമെന്ന് മാണി വ്യക്തമാക്കി. ഭരണം കേരളാ കോണ്‍ഗ്രസിന് കൈച്ചങ്ങലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റബ്ബറിന്റെ വില ഇടിയുന്നതിനെതുടര്‍ന്ന് കാര്‍ഷിക കേരളത്തിന് വന്‍ പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്. രാജ്യത്ത് ആവശ്യത്തിലധികം റബ്ബര്‍, കര്‍ഷകരുടെയും വ്യാപാരികളുടെയും വ്യവസായികളുടെയും കൈവശമുണ്ടായിട്ടും ഇറക്കുമതി ചെയ്തതിനെതുടര്‍ന്നാണ് വില ഇടിവുണ്ടായതെന്നും കിലോക്ക് 280 രൂപയുണ്ടായിരുന്ന റബ്ബറിന്റെ ഇപ്പോഴത്തെ വില 145 ആയി കുറഞ്ഞിരിക്കുകയാണെന്നും കെ എം മാണി ചൂണ്ടിക്കാട്ടി. നികുതി ചുമത്താതെയാണ് ഇപ്പോള്‍ ഇറക്കുമതി നടക്കുന്നത്. ഒരു കിലോ റബ്ബറിന് 20 രൂപമാത്രമാണ് ഇറക്കുമതി ഡ്യൂട്ടിയായി ഇപ്പോള്‍ ഈടാക്കുന്നത.് ഡ്യുട്ടി 20 ശതമാനമായെങ്കിലും വര്‍ധിപ്പിക്കണമെന്നും കെ എം മാണി ആവശ്യപ്പെട്ടു.
റബ്ബറിന്റെ ഇറക്കുമതി ഇപ്പോള്‍ ആവശ്യമില്ലെന്ന നിലപാട് കേന്ദ്ര വാണിജ്യമന്ത്രാലയം സ്വീകരിച്ചിട്ടും ഈ നിര്‍ദേശത്തിന്‍മേല്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനമെടുക്കുന്നില്ലെന്നും മാണി കുറ്റപ്പെടുത്തി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ജനവാസ പ്രദേശങ്ങളെയും പരിസ്ഥിതിലോല പ്രദേശങ്ങളെയും തരം തിരിക്കുന്നകാര്യത്തില്‍ പറഞ്ഞിരിക്കുന്ന സമീപനത്തില്‍നിന്ന് ഭിന്നമായാണ് റിപ്പോര്‍ട്ടില്‍ 123 ഗ്രാമങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ ഗ്രാമങ്ങള്‍ ഒട്ടുമിക്കതും ജനവാസ മേഖലയിലാണ്. റിപ്പോര്‍ട്ട് അതേപടി നടപ്പാക്കിയാല്‍ ദുരിതത്തിലാകും. ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ആരെയും കുടി ഇറക്കില്ലെങ്കിലും കര്‍ശന വ്യവസ്ഥകള്‍ നടപ്പാക്കുന്നതിലൂടെ ജനങ്ങള്‍ സ്വയം ഒഴിഞ്ഞ് പോകേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട തീരുമാനമാനമാണെടുത്തതെന്നും റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമായിരുന്നുവെന്നും മാണി അഭിപ്രായപ്പെട്ടു.

Latest