Connect with us

Sports

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍: കണ്ണീരണിഞ്ഞ് നാപോളി

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ണമായപ്പോള്‍ തിരിച്ചടി ഇറ്റലിക്ക്. കരുത്തരായ ജുവെന്റസിന് പിറകെ ഏറെ പ്രതീക്ഷയോടെ കുതിച്ച നാപോളിയും പുറത്ത്. അത്രമാത്രം ഫോം അവകാശപ്പെടാനില്ല എ സി മിലാന്‍ കടന്നുകൂടിയത് മാത്രമാണ് ഇറ്റലിയുടെ ഏക ആശ്വാസം. അതേ സമയം, ജര്‍മന്‍ ക്ലബ്ബ് എഫ് സി ഷാല്‍ക്കെ, നിലവിലെ റണ്ണേഴ്‌സപ്പായ ജര്‍മന്‍ കരുത്തര്‍ ബൊറൂസിയ ഡോട്മുണ്ട്, ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണല്‍, റഷ്യന്‍ ക്ലബ്ബ് സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഗ്രൂപ്പ് റൗണ്ടില്‍ നിന്ന് മുന്നേറി. ബാഴ്‌സലോണ, ചെല്‍സി, അത്‌ലറ്റികോ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ സിറ്റി, പാരിസ് സെയിന്റ് ജെര്‍മെയിന്‍, ഒളിമ്പ്യാകോസ്, റയല്‍മാഡ്രിഡ്, ഗലാത്‌സരെ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയെര്‍ ലെവര്‍കുസന്‍ എന്നിവരാണ് പ്രീക്വാര്‍ട്ടറിലെത്തിയ മറ്റ് ടീമുകള്‍.
ആഴ്‌സണലിനെ വിറപ്പിച്ച് നാപോളി കീഴടങ്ങി
ഗ്രൂപ്പ് എഫില്‍ നിന്ന് നോക്കൗട്ട് റൗണ്ടിലെത്താന്‍ ആഴ്‌സണലിനെ മൂന്ന് ഗോള്‍ മാര്‍ജിന് തോല്‍പ്പിക്കണമായിരുന്നു നാപോളിക്ക്. ഹോംഗ്രൗണ്ടില്‍ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ നാപോളി രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളടിച്ചതോടെ നാടകീയ മുഹൂര്‍ത്തമൊരുങ്ങി. പത്ത് പേരുമായി മത്സരം പൂര്‍ത്തിയാക്കിയ ആഴ്‌സണല്‍ പക്ഷേ, മൂന്നാം ഗോള്‍ വഴങ്ങാതെ അപടകമൊഴിവാക്കി. തുടരെ പതിനാലാം വര്‍ഷവും അവര്‍ ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരാക്കിയ കോച്ച് റാഫേല്‍ ബെനിറ്റസിന് കീഴില്‍ നാപോളിക്ക് പുതുവര്‍ഷത്തില്‍ യൂറോപ ലീഗ് കിരീടത്തില്‍ കണ്ണ് വെക്കാം. മരണഗ്രൂപ്പിനെ ശരിവെക്കും വിധം ആറ് മത്സരങ്ങളില്‍ ബൊറൂസിയ ഡോട്മുണ്ട്, ആഴ്‌സണല്‍, നാപോളി ടീമുകള്‍ പന്ത്രണ്ട് പോയിന്റുകള്‍ വീതം നേടി. മാഴ്‌സെയെ 1-2ന് തോല്‍പ്പിച്ച ബൊറൂസിയ ഡോട്മുണ്ട് ഗോള്‍ ശരാശരിയില്‍ മുന്നിലെത്തി, ഗ്രൂപ്പ് ചാമ്പ്യന്‍മാരായി.
നാപോളിയാകട്ടെ ആഴ്‌സണലിനെതിരെ 3-0ന് ജയിച്ച് ഹെഡ് ടു ഹെഡ് ആനുകൂല്യം നേടാമെന്നാണ് കണക്ക്കൂട്ടിയത്. സ്ലൊവാക്യന്‍ പ്ലേ മേക്കര്‍ മാരെക് ഹാംസികും ഗോളി പെപെ റെയ്‌നയും ഇല്ലാതെയിറങ്ങിയ നാപോളി ആദ്യ പകുതിയില്‍ ഗോളില്ലാതെ വലഞ്ഞു (0-0).
എഴുപത്തിമൂന്നാം മിനുട്ടില്‍ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിന്‍ നാപോളിക്ക് ലീഡ് നേടി, പ്രത്യാശ സമ്മാനിച്ചു. റയല്‍മാഡ്രിഡില്‍ ഒപ്പം കളിച്ച കാലെയോണിനൊപ്പമുള്ള പാസിംഗിനൊടുവിലാണ് ഹിഗ്വെയിന്‍ ആഴ്‌സണല്‍ ഗോളി സിസെസ്‌നിയെ കീഴടക്കിയത്. മൂന്ന് മിനുട്ടിന് ശേഷം ആഴ്‌സണല്‍ ക്യാപ്റ്റന്‍ അര്‍ടെറ്റ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് കളത്തിന് പുറത്തേക്ക്. പന്തെടുക്കാനുള്ള ശ്രമം മാത്രമായിരുന്നു അര്‍ടെറ്റ നടത്തിയത്. റഫറിയുടെ തീരുമാനം ആഴ്‌സണല്‍ ക്യാമ്പിനെ ഞെട്ടിച്ചു.
കോച്ച് ആര്‍സെന്‍ വെംഗര്‍ പതിവുപോലെ പ്രതിഷേധവുമായി രംഗത്തെത്തി. പത്ത് പേരുമായി തൊണ്ണൂറ് മിനുട്ട് വരെ പ്രതിരോധത്തില്‍ ഉറച്ചു നിന്ന ആഴ്‌സണലിന് കൂട്ടിച്ചേര്‍ത്ത സമയത്തില്‍ പാളി. പ്രതിരോധത്തിലൂടെ മത്സരം പൂര്‍ത്തിയാക്കാന്‍ നോക്കാതെ ഗോളടിക്കാന്‍ പറന്നുകളിച്ചതിനുള്ള അടിയെന്നോണം നാപോളി രണ്ടാം ഗോളടിച്ചു. ഇത്തവണ കാലെയോണിന്റെ വക. മൂന്നാം ഗോളിനായി നാപോളി കിണഞ്ഞുശ്രമിച്ചെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങി. ഹിഗ്വെയിന്‍ കണ്ണീരടക്കാനാകാതെയാണ് കളംവിട്ടത്.
ആഴ്‌സണലിനെ പോലെ മാഴ്‌സെയും പത്ത് പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഇത് മുതലെടുത്താണ് ബൊറൂസിയ ഡോട്മുണ്ട് തൊണ്ണൂറ് മിനുട്ടിന് ശേഷം കെവിന്‍ ഗ്രോസ്‌ക്രൂറ്റ്‌സിന്റെ ഗോളില്‍ വിജയമുറപ്പാക്കിയത് (2-1). റോബര്‍ട് ലെവന്‍ഡോസ്‌കിയിലൂടെ നാലാം മിനുട്ടില്‍ ലീഡെടുത്ത ബൊറൂസിയയെ പതിനാലാം മിനുട്ടില്‍ മാഴ്‌സെ സമനില പിടിച്ചു. രണ്ട് മിനുട്ടിനിടെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പായെറ്റ് പുറത്തായതോടെ മാഴ്‌സെയുടെ ആള്‍ ബലം 34ാം മിനുട്ടില്‍ പത്തിലേക്ക് ചുരുങ്ങി. ഒരു പോയിന്റെങ്കിലും നേടി മാനം കാക്കുക എന്നത് മാത്രമായിരുന്നു മാഴ്‌സെയുടെ ലക്ഷ്യം. തോറ്റതോടെ, പോയിന്റൊന്നുമില്ലാതെ ഗ്രൂപ്പ് റൗണ്ട് പൂര്‍ത്തിയാക്കുന്ന ആദ്യ ഫ്രഞ്ച് ടീം എന്ന മാനഹാനി മാഴ്‌സെയുടെ തലയിലായി. മത്സരം സമനിലയായിരുന്നെങ്കില്‍ നാപോളിക്ക് പ്രീക്വാര്‍ട്ടറിലെത്താമായിരുന്നു. ബൊറൂസിയ സമനിലയില്‍ കുരുങ്ങി നില്‍ക്കുമ്പോള്‍ ആഴ്‌സണലിനെതിരെ ഹിഗ്വെയിന്‍ നേടിയ ഗോള്‍ നാപോളിക്ക് പുത്തനുണര്‍വേകി. പക്ഷേ, ബൊറൂസിയ അവസാന സമയത്ത് ഗോളടിച്ചതും നാപോളിക്ക് അത് സാധിക്കാതെ പോയതും വിധി മാറ്റി.
നെയ്മറിന് ബാഴ്‌സയില്‍ ആദ്യ ഹാട്രിക്ക്
ബാഴ്‌സലോണക്ക് വേണ്ടി നെയ്മറിന്റെ ആദ്യ ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗില്‍. സെല്‍റ്റിക്കിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ബാഴ്‌സ തകര്‍ത്തുവിടുകയും ചെയ്തു. നോക്കൗട്ട് റൗണ്ട് നേരത്തെ ഉറപ്പിച്ച ബാഴ്‌സക്ക് മത്സരം പ്രധാനമുള്ളതായിരുന്നില്ല. ജെറാര്‍ഡ് പീക്വെ (7), പെഡ്രൊ റോഡ്രിഗസ് (39), ക്രിസ്റ്റ്യന്‍ ടെല്ലോ (72) എന്നിവരാണ് ബാഴ്‌സയുടെ മറ്റ് സ്‌കോറര്‍മാര്‍. 44, 48, 58 മിനുട്ടുകളിലാണ് നെയ്മറിന്റെ ഹാട്രിക്ക്.
തൊണ്ണൂറ് മിനുട്ടിലേക്ക് രണ്ട് മിനുട്ട് ശേഷിക്കെ സമറാസ് സ്‌കോട്ടിഷ് ക്ലബ്ബിന്റെ ആശ്വാസ ഗോള്‍ നേടി. പെഡ്രോക്ക് നെയ്മര്‍ ഗോളൊരുക്കിയത് മാന്ത്രിക നീക്കത്തിലൂടെയായിരുന്നു. ശേഷം നെയ്മര്‍ നേടിയ ആദ്യ ഗോള്‍ മികച്ചൊരു ടീം ഗെയിമിലൂടെയും. ഷാവിക്കൊപ്പം വണ്‍-ടു കളിച്ചാണ് നെയ്മര്‍ ബാഴ്‌സയുടെ ഗോള്‍ നേട്ടം 4-0 ആക്കിയത്. ഹാട്രിക്കിലെത്തിയത് വ്യക്തിപ്രഭാവം വിളിച്ചോതുന്ന ഗോളിലൂടെ.
ആറ് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റോടെയാണ് ബാഴ്‌സലോണ എച്ച് ഗ്രൂപ്പില്‍ ജേതാക്കളായത്. നിര്‍ണായക മത്സരത്തില്‍ അയാക്‌സിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് മിലാന്‍ മുന്നേറിയത്. എഴുപത്തിരണ്ട് മിനുട്ടോളം പത്ത് പേരുമായി കളിക്കേണ്ട ഗതികേടിലായിരുന്നു മിലാന്‍. എന്നിട്ടും അയാക്‌സിനത് മുതലെടുക്കാനായില്ല. അഞ്ചാം മിനുട്ടില്‍ പോള്‍സന്റെ ഹെഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചിടത്ത് അയാക്‌സിന്റെ ഭാഗ്യക്കേട് തുടങ്ങിയിരുന്നു. ആള്‍ ബലം കുറഞ്ഞ മിലാനെതിരെ നിരവധി തവണ ഗോളിനടുത്തെത്തിയെങ്കിലും എല്ലാം പാഴായി.
ഗ്രൂപ്പ് ഇയില്‍ നിന്ന് ഷാല്‍ക്കെ 04യുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം ആധികാരികമായി. എഫ് സി ബാസലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ജര്‍മന്‍ ക്ലബ്ബ് മുന്നേറിയത്. ഇതോടെ, ഷാല്‍ക്കെക്ക് പത്ത് പോയിന്റായി. പന്ത്രണ്ട് പോയിന്റുള്ള ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. സ്റ്റുവബുചാറസ്റ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സി ഗ്രൂപ്പ് റൗണ്ടിലെ നാലാം ജയം നേടിയത്. ജര്‍മന്‍ കപ്പില്‍ നിന്ന് കഴിഞ്ഞാഴ്ച പുറത്തായ ഷാല്‍ക്കെക്ക് ചാമ്പ്യന്‍സ് ലീഗ് ആശ്വാസമായി.
ഗ്രൂപ്പ് ജിയില്‍ ആസ്ത്രിയ വിയന്നയോട് 4-1ന് തോറ്റിട്ടും സെനിത് പ്രീക്വാര്‍ട്ടറിലെത്തി. അത്‌ലറ്റികോ മാഡ്രിഡിനോട് 2-0ന് തോറ്റ് എഫ് സി പോര്‍ട്ടോ പുറത്താവുകയും ചെയ്തു.

 

Latest