Kerala
കസ്തൂരിരംഗന്‍: തെളിവെടുപ്പ് പൂര്‍ത്തിയായിറിപ്പോര്‍ട്ട് പത്ത് ദിവസത്തിനുള്ളില്‍
തിരുവനന്തപുരം: പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതിലോല പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഫീല്‍ഡ് സര്‍വേ നടത്തണമെന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. കര്‍ഷകരുടെ ആശങ്കകളില്‍ കഴമ്പുണ്ടെന്നും തെളിവെടുപ്പില്‍ നിന്ന് ക്രോഡീകരിച്ച പരാതികളും നിര്‍ദേശങ്ങളും പഠിച്ച് പത്ത് ദിവസത്തിനകം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും സമിതി അധ്യക്ഷന്‍ ഉമ്മന്‍ വി ഉമ്മന്‍ അറിയിച്ചു. വിദഗ്ധ സമിതിയുടെ തെളിവെടുപ്പുകള്‍ പൂര്‍ത്തിയായി.
കര്‍ഷകരില്‍ നിന്നും ക്വാറി അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളില്‍ നിന്നും തെളിവെടുത്ത സമിതി ഇന്നലെ പരിസ്ഥിതി സംഘടനകളുമായി ആശയവിനിമയം നടത്തി. പരിസ്ഥിതിലോലമായി കസ്തൂരിരംഗന്‍ കമ്മിറ്റി കണ്ടെത്തിയ വില്ലേജുകളില്‍ നേരിട്ടുള്ള വനം, കൃഷിഭൂമി നിര്‍ണയം നടത്താന്‍ സമിതി ശ്രമിക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. സര്‍ക്കാറില്‍ നിന്ന് അനുകൂല നിലപാടുണ്ടായാല്‍ ഇതു ചെയ്യും. ഇല്ലെങ്കില്‍ ഈ പരിശോധനകൂടി നടത്തണമെന്ന് ശിപാര്‍ശ ചെയ്യും. സമിതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. വാഗമണ്‍ പോലുള്ള സ്ഥലങ്ങള്‍ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അനധികൃത ക്വാറികള്‍ പശ്ചിമഘട്ട പ്രദേശങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് സമിതി വിലയിരുത്തി. പശ്ചിമഘട്ട സംരക്ഷണ നിയമം, വനാവകാശ നിയമം എന്നിവ നടപ്പാക്കിയാല്‍ തന്നെ പശ്ചിമഘട്ടം സംരക്ഷിക്കാന്‍ കഴിയുമെന്നിരിക്കെ ഇവയും ശ്രദ്ധയില്‍ കൊണ്ടുവരും.
പരിസ്ഥിതിലോല പ്രദേശങ്ങളില്‍ (ഇ എസ് എ) പലതും പരിസ്ഥിതി ദുര്‍ബല മേഖലകള്‍ (ഇ എഫ് എല്‍) ആയിക്കഴിഞ്ഞെന്ന് സമിതിയംഗം പ്രൊഫ. പി സി സിറിയക് പറഞ്ഞു.
നിയമപരമായി നിലനില്‍ക്കുന്ന റിപ്പോര്‍ട്ടായിരിക്കും നല്‍കുകയെന്ന് സമിതി അധ്യക്ഷന്‍ ഉമ്മന്‍ വി ഉമ്മന്‍ വ്യക്തമാക്കി. യോഗത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയേണ്ടതാണെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആണ് നടപ്പിലാക്കേണ്ടതെന്നും ശാസ്ത്രസാഹിത്യ പരിഷത്ത ്ആവശ്യപ്പെട്ടു. ഇരുപതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയത് കര്‍ഷകരെ നിഷ്‌കാസനം ചെയ്യാനേ കാരണമാകൂ. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ നിയന്ത്രണങ്ങള്‍ ആകാമെങ്കിലും ഇത്തരത്തില്‍ വലിയ കെട്ടിടനിര്‍മാണ നിര്‍ദേശങ്ങള്‍ പാടേ തള്ളിക്കളയണം. ഗാഡ്ഗില്‍ ജനങ്ങളെ പരിഗണിച്ചുള്ള റിപ്പോര്‍ട്ടാണ് കൊണ്ടുവന്നതെങ്കില്‍ കസ്തുരിരംഗന്‍ അതെല്ലാം ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
27 സ്ഥലങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളില്‍ നിന്ന് 8,920 പരാതികളാണ് സമിതിക്ക് ലഭിച്ചത്.