National
നിര്‍ദിഷ്ട ലോക്പാല്‍ ബില്‍ ദുര്‍ബലം: അരവിന്ദ് കേജരിവാള്‍
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ രാജ്യസഭ നാളെ പരിഗണിക്കാനിരിക്കെ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. നാളെ രാജ്യസഭ പരിഗണിക്കാനിരിക്കുന്ന ലോക്പാല്‍ ബില്ല് ദുര്‍ബലവും നിഷ്ഫലവുമാണെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ പറഞ്ഞു. ഈ ബില്ലിനെ പിന്തുണക്കുകയും ഇത് പാസ്സാക്കിയാല്‍ നിരാഹാരം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അന്നാ ഹസാരെയുടെ നിലപാടില്‍ ദുഃഖമുണ്ടെന്നും കേജരിവാള്‍ വ്യക്തമാക്കി. ചിലപ്പോള്‍ ബില്ലിനെപ്പറ്റി ഹസാരെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടാകില്ലെന്നും കേജരിവാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാളെ പരിഗണിക്കുന്ന ബില്‍ പാസ്സാക്കുന്നത് കോണ്‍ഗ്രസിന് ഒരു ഗുണവും ചെയ്യില്ല. രാഹുല്‍ ഗാന്ധിക്ക് അതിന്റെ ക്രഡിറ്റ് അവകാശപ്പെടാനും കഴിയില്ല. നിര്‍ദിഷ്ട ബില്‍ അഴിമതിതടയില്ല എന്നു മാത്രമല്ല അഴിമതിക്കാരെ സംരക്ഷിക്കുന്ന വിധത്തിലാണ് അത് തയ്യാറാക്കിയതെന്നും കേജരിവാള്‍ പറഞ്ഞു. ഈ ബില്ല് പാസ്സാക്കിയാല്‍ മന്ത്രിയല്ല, ഒരു എലി പോലും ജയിലില്‍ പോകില്ലെന്നും കേജരിവാള്‍ പരിഹസിച്ചു.