International
വെളിപ്പെടുത്തല്‍ അവസാനിപ്പിച്ചാല്‍ സ്‌നോഡന് മാപ്പ്: എന്‍ എസ് എ
വാഷിംഗ്ടണ്‍: അമേരിക്കയുടെ ചാരപ്രവൃത്തികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന മുന്‍ എന്‍ എസ് എ ഉദ്യോഗസ്ഥന്‍ എഡ്വാര്‍ഡ് സ്‌നോഡന്‍ മാപ്പ് നല്‍കുമെന്ന് എന്‍ എസ് എ. യു എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തുന്നത് അവസാനിപ്പിച്ചാല്‍ സ്‌നേഡന് മാപ്പ് നല്‍കുന്നത് പരിഗണിക്കാമെന്ന് എന്‍ എസ് എ വക്താക്കള്‍ അറിയിച്ചു. പ്രമുഖരടക്കം ലോകത്തെ കോടിക്കണക്കിന് ജനങ്ങളുടെ ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്ന എന്‍ എസ് എയെ കുറിച്ചുള്ള നിര്‍ണാകയ വിവരങ്ങള്‍ പുറത്തുവിട്ട സ്‌നോഡന്‍ ഇപ്പോള്‍ റഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്. രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തി രാജ്യദ്രോഹ കുറ്റം നടത്തിയെന്നാരോപിച്ച് സ്‌നോഡനെതിരെ അമേരിക്കന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
സ്‌നോഡന് മാപ്പ് നല്‍കുമെന്ന് സി ബി എസ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ എന്‍ എസ് എ വക്താവ് റിച്ചാര്‍ഡ് ലെഡ്‌ഗെറ്റാണ് വ്യക്തമാക്കിയത്. എന്നാല്‍, റിച്ചാര്‍ഡിന്റേത് എന്‍ എസ് എയുടെ ഔദ്യോഗിക പ്രസ്താവനയല്ലെന്നും സ്‌നോഡന് മാപ്പ് നല്‍കുന്ന പ്രശ്‌നമില്ലെന്നും എന്‍ എസ് എ ഡയറക്ടര്‍ ജനറല്‍ കെയ്ത് അലക്‌സാണ്ടര്‍ വ്യക്തമാക്കി.